Connect with us

Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് അപകടകരമായ അവസ്ഥയില്‍

Published

|

Last Updated

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടകരമാം വിധം നിറഞ്ഞുകൊണ്ടിരിക്കെ എന്തു ചെയ്യണമെന്നറിയാതെ കേരളം. അണക്കെട്ടിലെ ജലനിരപ്പ് സുപ്രീം കോടതി വിധി വരും വരെ കേരളം ആശങ്കയോടെ കണ്ടിരുന്ന 136 അടിയും കടന്ന് 137.5 അടിയിലെത്തി. കനത്ത മഴ തുടരുന്നതിനാല്‍ കോടതി വിധി പ്രകാരമുളള 142 അടിയിലേക്ക് ജലനിരപ്പ് എത്താന്‍ അധിക സമയം വേണ്ടിവരില്ല.
ചിഫ് സെക്രട്ടറി സന്ദര്‍ശിച്ചതും അഞ്ചു വില്ലേജുകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതുമല്ലാതെ പെരിയാര്‍ തീരവാസികളുടെ രക്ഷക്കായി ഒന്നും ചെയ്യാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.
അണക്കെട്ടിലെ ചോര്‍ച്ചയും സ്പില്‍വേയിലെ ഷട്ടറുകള്‍ പ്രവര്‍ത്തിക്കാത്തതും ആശങ്കയുടെ ആഴം കൂട്ടുന്നു. ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ ഷട്ടറുകള്‍ പ്രവര്‍ത്തന സജ്ജമായിരിക്കണം.
സ്പില്‍വേയിലെ 13മത്തെ ഷട്ടറും മറ്റൊരു ഷട്ടറും തകരാറിലാണ്. ഷട്ടറുകള്‍ പ്രവര്‍ത്തിക്കാതിരുന്നാല്‍ അടിയന്തിര സാഹചര്യത്തില്‍ ജലം തുറന്നു വിടാന്‍ സാധിക്കില്ല. സുപ്രീം കോടതി നിര്‍ദ്ദേശിച്ച മൂന്നംഗ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിക്കും.
2011ല്‍ അണക്കെട്ട് 136 അടി കവിഞ്ഞപ്പോള്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. അണക്കെട്ട് പൊട്ടിയാല്‍ ജനങ്ങള്‍ക്ക് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് രക്ഷ തേടാനായി പ്രളയജലം എത്തുന്ന നിരപ്പ് പ്രദേശത്തെ മരങ്ങളില്‍ രേഖപ്പെടുത്തുക പോലും ചെയ്തു. മുല്ലപ്പെരിയാര്‍ ഭീഷണി ഏറ്റവും കൂടുതലുളള വണ്ടിപ്പെരിയാര്‍ വളളക്കടവ് ഗ്രാമത്തില്‍ നിന്നും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
ഏറെ ഭൂകമ്പ സാധ്യതയുളള മേഖലയിലാണ് 120 വയസ് പ്രായമെത്താറായ മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. മൂന്ന് ഭ്രംശപാളികളുടെ സംഗമ സ്ഥാനത്താണ് അണക്കെട്ട് സ്ഥിതിചെയ്യുന്നതെന്ന് വിദഗ്ധ റിപ്പോര്‍ട്ടുകളുണ്ട്.
പീരുമേട് താലൂക്കിലെ പെരിയാര്‍, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, ഇടുക്കി താലൂക്കിലെ അയ്യപ്പന്‍കോവില്‍ എന്നീ വില്ലേജുകളിലാണ് ഇന്നലെ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കാലവര്‍ഷവുമായി ബന്ധപ്പെട്ട് നേരത്തെതന്നെ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിരുന്നു. ഇവിടുത്തെ വില്ലേജ് ഓഫീസ് ജീവനക്കാരോട് പ്രതിസന്ധി നേരിടാന്‍ സജ്ജമായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസ് സേനയ്ക്കും ഫയര്‍ഫോഴ്‌സിനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
അണക്കെട്ടിലെ ജലനിരപ്പുയരുന്നുണ്ടെങ്കിലും പെരിയാറില്‍ ജലനിരപ്പ് അപകടകരമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സുപ്രീം കോടതി വിധിക്ക് മുമ്പ് 35 വര്‍ഷം ജലനിരപ്പ് 136 പിന്നിടുമ്പോള്‍ സ്പില്‍വേ വഴി വെളളം പെരിയാറിലൂടെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുമായിരുന്നു. മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്. 24.4 മില്ലീമീറ്റര്‍ മഴ ഇന്നലെ രേഖപ്പെടുത്തി. തേക്കടിയിലെ മഴ 23.2 മില്ലീമീറ്ററായിരുന്നു.