കോഴികളിലെ ആന്റിബയോട്ടിക് ഉപയോഗം: പഠനം വേണം

Posted on: November 3, 2014 5:06 am | Last updated: November 3, 2014 at 12:07 am

കോഴിക്കോട്:ആന്റിബയോട്ടിക് ഉപയോഗിക്കുന്നത് മൂലം കോഴിയിറച്ചി ഭക്ഷിക്കുന്നവരില്‍ ഏതെങ്കിലും തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്നത് വിശദ പഠനത്തിന് വിധേയമാക്കണമെന്ന് സെമിനാര്‍. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) നടക്കുന്ന അന്താരാഷ്ട്ര ഭക്ഷ്യ മത്സ്യ കാര്‍ഷിക മേളയോടനുബന്ധിച്ച് നടത്തിയ സെമിനാറിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
കോഴികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനായി തീറ്റയിലൂടെ നല്‍കുന്ന ആന്റിബയോട്ടിക് മനുഷ്യരില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നതെന്നതിനെക്കുറിച്ച് സൂക്ഷമമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്ന് സെമിനാറില്‍ സംസാരിച്ച, കേരള വെറ്റിനറി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ദീപ ആനന്ദ് പറഞ്ഞു. ഹോര്‍മോണുകള്‍ കോഴികളില്‍ കുത്തിവെക്കുന്നില്ലെന്നും ഹോര്‍മോണുകളുടെ വിലനിലവാരം കണക്കിലെടുക്കുമ്പോള്‍ അത് മൂലം കോഴികൃഷി ലാഭകരമാക്കാനാകില്ലെന്നും അവര്‍ പറഞ്ഞു.കീടനാശിനികളില്ലാത്തതും മാലിന്യമുക്തവുമായ പ്രകൃതിക്കിണങ്ങിയ തനത് പാലും അനുബന്ധ ഉല്‍പ്പന്നങ്ങളും വരുംതലമുറയ്ക്ക് ലഭിക്കുന്നതിന് ജൈവകൃഷിരീതികള്‍ വികസിപ്പിക്കണം. ഇതിനായി യൂറിയയില്ലാത്ത, പ്രാദേശികമായി ലഭ്യമായ തീറ്റകള്‍ ഉപയോഗിച്ച് സന്തുലിതമായ തീറ്റ ഉല്‍പാദിപ്പിക്കുന്നതിനുള്ള ഒരു സോഫ്റ്റ്‌വെയര്‍ ക്ഷീരപ്രഭ എന്ന പേരില്‍ വികസിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ ചില ചെടികള്‍ക്ക് മൃഗങ്ങളില്‍ കാണുന്ന ചെള്ളുകളെ പ്രതിരോധിക്കാനുള്ള ശേഷി കണ്ടെത്തിയിട്ടുണ്ടെന്നും അതിന്റെ പേറ്റന്റിനു വേണ്ടിയുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും ഡോ. ദീപ പറഞ്ഞു.