Connect with us

National

ജിന്‍ഡാലിന് വനഭൂമി; ജയന്തി നടരാജനെ ചോദ്യം ചെയ്‌തേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡും ജെ എസ് ഡബ്ല്യുവും വനഭൂമി, വ്യവസായിക ആവശ്യത്തിന് ഉപയോഗിച്ച കേസില്‍ മുന്‍ പരിസ്ഥിതി മന്ത്രി ജയന്തി നടരാജനെ സി ബി ഐ ചോദ്യം ചെയ്‌തേക്കും. കേസില്‍ രണ്ട് കമ്പനികള്‍ക്കെതിരെയും എഫ് ഐ ആര്‍ രേഖപ്പെടുത്താന്‍ സി ബി ഐ തീരുമാനിച്ചിട്ടുണ്ട്. നടപടിക്രമങ്ങള്‍ക്ക് കൂട്ടുനിന്ന പരിസ്ഥിതി മന്ത്രാലയത്തിലെ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരെയും എഫ് ഐ ആറില്‍ ഉള്‍പ്പെടുത്തും.
എഫ് ഐ ആറുകള്‍ രേഖപ്പെടുത്തിയ ശേഷം ജയന്തി നടരാജനെ ചോദ്യം ചെയ്യാനായി വിളിപ്പിക്കും. 2013ല്‍ വനഭൂമി കമ്പനികള്‍ക്ക് അനുവദിച്ച് നല്‍കുന്നതിന് മുമ്പ് നിരവധി തവണ പരിസ്ഥിതി മന്ത്രി തന്റെ നിലപാടില്‍ മാറ്റം വരുത്തിയതായി ആരോപണമുണ്ട്. ഝാര്‍ഖണ്ഡിലെ ശരന്ദ വനഭൂമി 2007-13 കാലയളവിലാണ് മാറ്റം വരുത്തിയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ കൈവശമുള്ള രേഖകള്‍ സി ബി ഐ പരിശോധിച്ചിട്ടുണ്ട്. വെസ്റ്റ് സിംഗ്ഭൂം ജില്ലയിലെ അതീവ പാരസ്ഥിതിക പ്രധാന്യമുള്ള 512.4 ഹെക്ടര്‍ വനഭൂമി, ജിന്‍ഡാല്‍ കമ്പനിയുടെ ഘാത്കുരി ഇരുമ്പയിര് ഖനന പദ്ധതിക്ക് വിട്ടുകൊടുത്തുവെന്നാണ് കേസ്. എം ബി ഷാ കമ്മീഷന്‍ അടക്കം നിരവധി പരിസ്ഥിതി പ്രവര്‍ത്തകര്‍ ഭൂമിമാറ്റത്തെ ചോദ്യം ചെയ്തിരുന്നു. നിലവിലെ നിയമങ്ങള്‍ ലംഘിച്ചാണ് ഭൂമി മാറ്റം ഉണ്ടായതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വന്യജീവി സംരക്ഷണത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നത് പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ വരുന്ന ദി ഫോറസ്റ്റ് അഡൈ്വസറി കമ്മിറ്റി (എഫ് എ സി) അവഗണിച്ചെന്നും ആരോപണമുയര്‍ന്നു. വന്യജീവി സംരക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇല്ലാത്തതിനാല്‍ നേരത്തെ എഫ് എ സി ജിന്‍ഡാലിന്റെ അപേക്ഷ മാറ്റിവെച്ചിരുന്നു. ജയന്തി നടരാജന്റെ കാലത്ത് ഇതിന് മാറ്റം വന്നു. സിംഗ്ഭൂം ആന സംരക്ഷണ മേഖലയടക്കം പാട്ടത്തിന് നല്‍കിയ മേഖലയില്‍ പെടും. ഇവിടെ മാത്രം 107 ഇനത്തിലുള്ള വൃക്ഷങ്ങളുണ്ട്.

Latest