Connect with us

International

യമനില്‍ സര്‍ക്കാറുണ്ടാക്കാന്‍ സംയുക്ത ധാരണ

Published

|

Last Updated

സന്‍ആ: ഹൂത്തി വിമതര്‍ ഉള്‍പ്പെടെയുള്ള യമനിലെ രാഷ്ട്രീയ കക്ഷികള്‍ പുതിയ കരാറിലെത്തി. കരാറനുസരിച്ച് പ്രസിഡന്റും പ്രധാനമന്ത്രിയും ചേര്‍ന്ന് പുതിയ സര്‍ക്കാറിന് രൂപം നല്‍കും. രാജ്യത്ത് വര്‍ഷങ്ങളോളമായി സര്‍ക്കാറും വിമതരാഷ്ട്രീയ പാര്‍ട്ടികളും തമ്മില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് അറുതിവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ കരാറിലെത്തിയിരിക്കുന്നത്. 13 രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ കരാറില്‍ ഒപ്പ് വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയുമായി ചര്‍ച്ച ചെയ്ത് പുതിയ മന്ത്രിമാരെ പ്രധാനമന്ത്രിയാണ് തീരുമാനിക്കുക. രാജ്യത്തിന്റെ സുരക്ഷയും നിയമപരിപാലനവും മനുഷ്യാവകാശങ്ങളും പൂര്‍ണമായും ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ കഴിയുന്ന സര്‍ക്കാറിനാണ് പ്രധാനമന്ത്രിയും പ്രസിഡന്റും ചേര്‍ന്ന് രൂപം നല്‍കുകയെന്ന് എല്ലാ കക്ഷികളും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ പുതിയ സര്‍ക്കാര്‍ എന്നാണ് രൂപവത്കരിക്കുക എന്ന കാര്യം വ്യക്തമല്ല. കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമെന്ന് കരാറിലെത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധി ജമാല്‍ ബെനോമറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. പ്രസിഡന്റിന്റെ ഉപദേശക സമിതിയില്‍ അംഗങ്ങളാകാത്ത പാര്‍ട്ടികള്‍ക്കും വിവിധ മന്ത്രി പദവികളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കാന്‍ പുതിയ കരാര്‍ അനുമതി നല്‍കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഇവരില്‍ നിന്ന് ഏറ്റവും ഉചിതമായ വ്യക്തിയെ ആയിരിക്കും പ്രധാനമന്ത്രി മന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യമനിലെ ശിയാ ഹൂത്തി വിമതരും ഇവരുടെ എതിരാളികളായി അറിയപ്പെടുന്ന സുന്നി അല്‍ ഇസ്‌ലാഹ് പാര്‍ട്ടിയും കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. സെന്‍ട്രല്‍ യമനിലെ ഇബില്‍ അല്‍ ഇസ്‌ലാഹിന്റെ പാര്‍ട്ടി ആസ്ഥാനത്തിന് നേരെ ഹൂതി വിമതര്‍ ആക്രമണം നടത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ കരാര്‍ പ്രാബല്യത്തില്‍ വന്നത്.

---- facebook comment plugin here -----

Latest