ബുര്‍കിനാ ഫാസോ: സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരെ പ്രതിപക്ഷ കക്ഷികള്‍

Posted on: November 3, 2014 5:00 am | Last updated: November 2, 2014 at 11:01 pm

ഒവാഗദൗഗോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍കിനാ ഫാസോയില്‍ സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരെ രൂക്ഷ വിമര്‍ശം. പ്രതിപക്ഷ പാര്‍ട്ടികളും ആഫ്രിക്കന്‍ യൂനിയനും ഈ നടപടിയെ എതിര്‍ത്ത് പ്രസ്താവനയിറക്കി.
ജനങ്ങള്‍ നേടിയെടുത്ത വിജയം സൈന്യം തട്ടിയെടുത്തിരിക്കുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ രാജ്യത്ത് നേടാനായ വിജയം ഇവിടുത്തെ ജനങ്ങള്‍ രംഗത്തിറങ്ങിയത് കൊണ്ടാണെന്നും എന്നാല്‍ ഈ അവസരം മുതലെടുത്ത് സൈന്യം അധികാരം പിടിച്ചെടുക്കരുതെന്നും പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ആവശ്യപ്പെട്ടു.
നിലവില്‍ അധികാരക്കൈമാറ്റം പൂര്‍ണമായ ജനാധിപത്യ പ്രക്രിയയിലുടെ ആയിരിക്കണമെന്നും സൈന്യം അധികാരം പിടിച്ചെടുത്തതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 27 വര്‍ഷം നീണ്ടുനിന്ന ഭരണകാലയളവിന് ശേഷം മുന്‍ പ്രസിഡന്റ് ബ്ലയിസ് കോംപോര്‍, ജനകീയ വിപ്ലവത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പുറത്തുപോയത്. എന്നാല്‍ ഇതിന് ശേഷം സൈനിക മേധാവി ലഫ്റ്റനന്റ് കേണല്‍ ഇസാക് സിദ അധികാരം പിടിച്ചെടുത്തിരുന്നു. ഈ നീക്കത്തിനെതിരെയാണ് പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹിക സംഘടനകളും ആഫ്രിക്കന്‍ യൂനിയനും സംയുക്തമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലിമെന്റിന് നേരെ നടന്ന ആക്രമണത്തില്‍ 3 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അടുത്ത 90 ദിവസത്തിനുള്ളില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന് അധികാരത്തില്‍ നിന്ന് രാജിവെച്ച ഉടനെ മുന്‍ പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സൈനിക നേതൃത്വം, പാര്‍ലിമെന്റ് പിരിച്ചുവിടുകയും ഭരണഘടന സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.