സിറിയയില്‍ അല്‍ഖാഇദ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തു

Posted on: November 3, 2014 5:54 am | Last updated: November 2, 2014 at 10:55 pm

ദമസ്‌കസ് : സിറിയയില്‍ അമേരിക്കന്‍ പിന്തുണയുള്ള വിമത തീവ്രവാദികളില്‍ നിന്ന് അല്‍ഖാഇദ ബന്ധമുള്ള അന്നുസ്‌റ പ്രദേശങ്ങള്‍ പിടിച്ചെടുത്തു. ഇദിബ് പ്രവിശ്യയിലെ ഒരു പട്ടണവും നിരവധി ഗ്രാമങ്ങളുമാണ് കഴിഞ്ഞ ദിവസം രാത്രിയോടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലെ വിമതരില്‍ നിന്ന് ഇവര്‍ പിടിച്ചെടുത്തതെന്ന് ഒരു നിരീക്ഷകന്‍ പറഞ്ഞു. മിതവാദികളായ പ്രതിപക്ഷ സംഘമായ ഹസം മുന്നണി പിന്‍വാങ്ങിയതിനെത്തുടര്‍ന്ന് ഖാന്‍ സുബുല്‍ നഗരം അന്നുസ്‌റ പോരാളികള്‍ പിടിച്ചെടുക്കുകയായിരുന്നുവെന്ന് സിറിയയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പറഞ്ഞു. ഇസ്‌ലാമിസ്റ്റുകളും മിതവാദികളുമായ വിമത സംഘങ്ങള്‍ കൈയടക്കിയിരുന്ന അഞ്ച് ഗ്രാമങ്ങളും ഇവര്‍ പിടിച്ചടക്കിയതായി സംഘടന പറഞ്ഞു. ദീര്‍ സിന്‍ബെല്‍ അടക്കം മറ്റ് നഗരങ്ങളും ഇദിബ് പ്രവിശ്യയിലെ മറ്റ് നഗരങ്ങളും ഗ്രാമങ്ങളും അല്‍ നുസ്‌റ നിയന്ത്രണത്തിന് കീഴിലായതായി മുനഷ്യാവകാശ സംഘടന ശനിയാഴ്ച പറഞ്ഞിരുന്നു. അന്നുസ്‌റയുടെ മുന്നേറ്റം അമേരിക്കന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. നഗരവും ഗ്രാമങ്ങളും കൈയടക്കിയ അന്നുസ്‌റ പോരാളികള്‍ ഇദിബ് പ്രവിശ്യയില്‍നിന്നും ആയുധങ്ങളും പിടിച്ചെടുത്തുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.