ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനുളള നടപടി ലളിതമാക്കി

Posted on: November 3, 2014 6:34 am | Last updated: November 2, 2014 at 10:36 pm

കാസര്‍കോട്: സാധാരണക്കാര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കാനുളള നടപടിക്രമങ്ങള്‍ റിസര്‍വ്വ് ബാങ്ക് ലളിതമാക്കി. ഉപഭോക്താവിന്റെ വിലാസം തിരിച്ചറിയല്‍ തുടങ്ങിയ കാര്യങ്ങളില്‍ നേരത്തെയുണ്ടായിരുന്ന കര്‍ശന നിര്‍ദ്ദേശങ്ങളില്‍ ഇളവ് ചെയ്തിട്ടുണ്ട്. ഉപഭോക്താവിനെ അറിയുക എന്ന ബാങ്ക് അക്കൗണ്ട് തുടങ്ങാന്‍ ആവശ്യമായ കെവൈസി യിലെ നിബന്ധനകളിലാണ് ഇളവ് അനുവദിച്ചത്. തിരിച്ചറിയലിനും മേല്‍വിലാസത്തിനും ഉപഭോക്താക്കള്‍ ഇനി പ്രത്യേകമായി രണ്ട് രേഖകള്‍ ഹാജരാക്കേണ്ടതില്ല. ഉപഭോക്താവിന്റെ കൈവശമുളള അധികൃത തിരിച്ചറിയല്‍ കാര്‍ഡിലുളള മേല്‍വിലാസം ഉണ്ടെങ്കില്‍ ബാങ്ക് അക്കൗണ്ട് തുറക്കാന്‍ ഇനി ഒരു രേഖ മാത്രം മതി.
പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ് , എന്‍ആര്‍ഇഎ യുടെ ജോബ് കാര്‍ഡ് ഇതിലേതെങ്കിലും ഒരു കാര്‍ഡ് മാത്രമേ ഹാജരാക്കേണ്ടതുളളൂ. കാര്‍ഡിലുളള പേര്, മേല്‍വിലാസം, പ്രായം തുടങ്ങിയ വിവരങ്ങള്‍ തന്നെ അധികൃത രേഖയായി സ്വീകരിക്കുന്നതാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ സ്ഥലം മാറ്റം ലഭിച്ച് എത്തുന്ന ജീവനക്കാര്‍ എന്നിവര്‍ മേല്‍വിലാാസം തെളിയിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ അവരുടെ നിലവിലെ വിലാസമോ, തന്റെ നാട്ടിലെ സ്ഥിരതാമസ വിലാസമോ ഹാജരാക്കി ബാങ്കില്‍ അക്കൗണ്ട് തുറക്കാനാകും. വിലാസത്തില്‍ വ്യത്യാസമുണ്ടെങ്കില്‍ താമസിക്കുന്ന സ്ഥലം സംബന്ധിച്ചു സ്വന്തമായ ഒരു സത്യവാങ്മൂലം എഴുതി നല്‍കേണ്ടതാണ്.
ബാങ്കില്‍ ഒരു പ്രാവശ്യം ഉപഭോക്താവിന്റെ വിവരങ്ങല്‍ കെ.വൈ.സിയില്‍ നല്‍കിയാല്‍ അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ മറ്റേതെങ്കിലും രേഖകള്‍ സമര്‍പ്പിക്കേണ്ടതില്ല. ഏതെങ്കിലും ഒരു ഉപഭോക്താവിന് അധികൃതമായ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോയും ഒപ്പും നല്‍കി ഒരു വര്‍ത്തേക്കുളള ചെറിയ അക്കൗണ്ട് (സ്‌മോള്‍ അക്കൗണ്ട്) തുറക്കാവുന്നതാണ്. ഇത്തരം അക്കൗണ്ടില്‍ ഒരു ലക്ഷം രൂപ വരെ മാത്രം നിക്ഷേപിക്കാവുന്നതാണ്. കൂടാതെ മാസത്തില്‍ 10000 രൂപ വരെ മാത്രമേ തുക പിന്‍വലിക്കാന്‍ കഴിയുകയുളളൂ. എന്നാല്‍ അധികൃത തിരിച്ചറയില്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്ന രേഖ ഹാജരാക്കിയാല്‍ ഒരു വര്‍ഷത്തിനുശേഷവും ഈ അക്കൗണ്ട് തുടരാന്‍ കഴിയും. ലോ റിസ്‌കില്‍പ്പെട്ട ഉപഭോക്താവിനു തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത പക്ഷം ഗസറ്റഡ് ഓഫീസറെ കൊണ്ട് ഫോട്ടോ അറ്റസ്റ്റ് ചെയ്ത കത്തുമായി ഹാജരായാല്‍ അക്കൗണ്ട് തുറക്കാന്‍ കഴിയും.