ലൗജിഹാദ്: പൊളിഞ്ഞിട്ടും പ്രചാരണം വിടാതെ

Posted on: November 3, 2014 5:54 am | Last updated: November 2, 2014 at 7:57 pm

yogi-adityanath‘അത്ഭുത ദ്വീപിലെ ആലീസിന്റെ സാഹസികതകള്‍’ എന്ന കൃതിയിലാണ് ലെവിസ് കാരോള്‍, ചഷയര്‍ പൂച്ചയെ അവതരിപ്പിക്കുന്നത്. കാണാക്കാണെ ആകാരം വര്‍ധിക്കുകയും പിന്നീട് ഇല്ലാതാകുകയും അവസാനം പരിഹാസച്ചിരി മാത്രം അവശേഷിപ്പിക്കുകയും ചെയ്യുന്ന ചഷയര്‍ പൂച്ചയെ പോലെയാണ് ഉത്തരേന്ത്യയില്‍ ഈയടുത്ത് ഹിന്ദുത്വ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ലൗ ജിഹാദും. അന്തരീക്ഷത്തില്‍ നിന്ന് ഒരു സംഭവം പര്‍വതീകരിച്ച് കൊണ്ടുവരികയും വിവിധ ഘട്ടങ്ങളില്‍ അതിന് പുതിയ പുതിയ ഭാഷ്യം ചമയ്ക്കുകയും ഒടുവില്‍ എല്ലാം ഒരു പൊറാട്ടുനാടകമായിരുന്നെന്ന് വെളിപ്പെടുകയും ചെയ്യുമ്പോള്‍ ഇളിഭ്യരാകുകയാണ് ഇത്തരം ഉപജാപകര്‍. ‘ലൗ ജിഹാദ്’ എന്ന പൂച്ച, രംഗത്തിന്റെ അവസാനം സദസ്യര്‍ക്കു നല്‍കുന്ന പരിഹാസച്ചിരി അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുകയാണ്.
ഉത്തര്‍ പ്രദേശിലെ മീറത്തില്‍ മുസ്‌ലിം യുവാവ് ഹിന്ദു യുവതിയെ പ്രണയിച്ച് മതം മാറ്റിയെന്ന പ്രചണ്ഡപ്രചാരണം വളരെ ദയനീയമായി പൊളിഞ്ഞു. ‘എന്നെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം മതം മാറ്റിയെന്ന് മാതാപിതാക്കളുടെ സമ്മര്‍ദ പ്രകാരം വ്യാജ പരാതി നല്‍കുകയായിരുന്നെ’ന്ന് യുവതി തന്നെ പോലീസിനെ അറിയിച്ചു. ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ സ്വമേധയാ വീട് വിട്ടിറങ്ങിയതാണെന്നും കുടുംബത്തിന്റെ നിര്‍ബന്ധം കാരണമാണ് ഇങ്ങനെ പരാതി നല്‍കിയതെന്നും ഇരുപത്തിരണ്ടുകാരിയായ യുവതി പോലീസിനെ അറിയിക്കുകയായിരുന്നു; അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന് കാണിച്ച് പരാതി പിന്‍വലിച്ചിട്ടുമുണ്ട്. ഹിന്ദുമത വിശ്വാസിയായിരുന്ന തന്നെ മീറത്തിലെ മദ്‌റസ അധികാരിയും ഗ്രാമത്തലവനും ഉള്‍പ്പടെയുള്ളവര്‍ കൂട്ടബലാത്സംഗം ചെയ്ത് മതം മാറ്റിയെന്നായിരുന്നു യുവതി പരാതി നല്‍കിയിരുന്നത്. നാല്‍പ്പതോളം പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെട്ടതായും പെണ്‍കുട്ടി പരാതിയില്‍ സൂചിപ്പിച്ചിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് എട്ട് പേരെ അറസ്റ്റും ചെയ്തു. ഇതിന്റെ പേരില്‍ വന്‍ മുതലെടുപ്പിനും നിര്‍ബന്ധിത മതം മാറ്റ പ്രചാരണമഴിച്ചുവിട്ട് മീറത്തില്‍ സംഘ്പരിവാര്‍ സംഘടനകള്‍ കലാപമഴിച്ചുവിട്ടു. ഈ നൂറ്റാണ്ടിലും അസ്പൃശ്യതയും ബഹിഷ്‌കരണവും നിര്‍ബാധം തുടരുന്നതിനാല്‍ മാനുഷിക പരിഗണന ലഭിക്കാന്‍ മതം മാറിയ ദളിതുകളെ വ്യാപകമായി മതം മാറ്റാന്‍ പോലും ശ്രമം നടന്നു ഈ വ്യാജ ആരോപണത്തിന്റെ പിന്‍ബലത്തില്‍. ഉത്തര്‍ പ്രദേശിലെ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ലിമെന്റംഗം യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ വ്യാപക പ്രചാരണം നടത്തി. എന്നിട്ടും ശൗര്യമടങ്ങാതെ ഇതര മതങ്ങളില്‍ നിന്ന് നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുമെന്നു വരെ പ്രഖ്യാപിച്ചു. യുവതി പരാതി പിന്‍വലിച്ച സംഭവം ഓര്‍ക്കാപ്പുറത്ത് കിട്ടിയ കനത്ത പ്രഹരമായിട്ടും ഇത്തരം വ്യാജ ആരോപണങ്ങളില്‍ നിന്നും പിന്നീട് അവയെ പ്രചാരണത്തിനും സ്വകാര്യ അജന്‍ഡകള്‍ നടപ്പാക്കാനും ഉപയോഗിക്കുന്ന, കുത്സിത നീക്കത്തില്‍ നിന്നും പിന്‍മാറാന്‍ രാഷ്ട്രീയ സ്വയം സേവക് സംഘ് തീരുമാനിച്ചിട്ടില്ല. പ്രത്യുത, അതിവേഗം ബഹുദൂരം മുന്നോട്ട് പോകാനാണ് തീരുമാനം. കഴിഞ്ഞയാഴ്ച ലക്‌നോയില്‍ നടന്ന മൂന്ന് ദിവസത്തെ ദേശീയ കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്.
2019ലും ഭരണം പിടിച്ചെടുക്കാനുള്ള ചവിട്ടുപടിയായി കാണുന്ന 2017ലെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് വേളയില്‍ ‘ലൗ ജിഹാദ്’ കുപ്രചരണം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ‘ലൗ ജിഹാദ്’ സംബന്ധിച്ച് ജനങ്ങള്‍ക്ക് ബോധവത്കരണം നടത്താന്‍ ആര്‍ എസ് എസുകാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. മീററ്റിലെ പെണ്‍കുട്ടിയുടെ പിതാവ് നരേന്ദ്ര ത്യാഗിയെ സമീപിച്ച് ലൗ ജിഹാദ് കാരണമാണ് മകള്‍ വീട് വിട്ടിറങ്ങിയതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ പേരില്‍ കെട്ടിപ്പൊക്കിയ കടലാസ് സംഘടന മീററ്റ് ബഹന്‍ ബേട്ടി ബച്ചാഓ ആന്ദോളന്‍ മറിച്ച് ചിന്തിക്കരുതെന്ന് ത്യാഗിജിയെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണ്. അവരുടെ വാക്കുകളില്‍ നിന്ന് തന്നെ മനസ്സിലാക്കാം ഇതിലടങ്ങിയിരിക്കുന്ന ഭീകരതയുടെ ആഴം. ‘ഒരു പരാതി കൊണ്ടും അദ്ദേഹത്തെ പ്രയാസപ്പെടുത്താന്‍ സാധിക്കില്ല. കാരണം മകളുടെ വിഷയമാണിത്. തങ്ങളുടെ അഭിമാന പ്രശ്‌നവും.’ സംഘടനയുടെ നേതാവ് അജയ് ത്യാഗി പറയുന്നു. സ്വന്തം മകള്‍ക്കാണ് ഇങ്ങനെ സംഭവിച്ചതെന്നും നിങ്ങള്‍ അത് ക്ഷമിച്ചാലും തങ്ങളുടെ അഭിമാനത്തിനാണ് ക്ഷതമുണ്ടായതെന്നും അതിനാല്‍ തന്നെ തങ്ങള്‍ പിന്നാക്കം പോകില്ലെന്നുമാണ് അദ്ദേഹം പറഞ്ഞുവെച്ചത്. ചെറുകിട കര്‍ഷകനായ പിതാവ് ത്യാഗിക്ക്, ബി ജെ പി നേതാവും വ്യാപാര സംഘടനയുടെ കണ്‍വീനറുമായ വിനിത് അഗര്‍വാള്‍ ശര്‍ദ 25,000 രൂപ നല്‍കിയെന്ന ആരോപണവുമുണ്ട്.
ചിത്രം വ്യക്തമാണ്. കേവല രാഷ്ട്രീയ മൈലേജിന് വേണ്ടി രാഷ്ട്രത്തിന്റെ സാമുദായിക സൗഹാര്‍ദത്തിനും മൈത്രിക്കും തുരങ്കം വെക്കുക. ഒരു മതത്തിന്റെ വിശ്വാസികളെ ഐക്യപ്പെടുത്താന്‍ വിദ്വേഷത്തിന്റെ തത്വശാസ്ത്രത്തെ മാത്രം പുല്‍കുന്നത് എന്തിനാണ്? ഗ്രാമഗ്രാമാന്തരങ്ങളില്‍ ചെറിയ ചെറിയ വാക്കുതര്‍ക്കങ്ങളെ പോലും വലിയ സംഘര്‍ഷങ്ങളിലേക്ക് രൂപാന്തരപ്പെടുത്തി ഭിന്നിപ്പില്‍ നിന്ന് കാര്യലാഭം സിദ്ധിക്കുന്ന ഗൂഢപ്രവൃത്തികളെയാണ് തിരിച്ചറിയേണ്ടത്. അധികാരം നേടുന്നതിനും നിലനിര്‍ത്തുന്നതിനും ഇത്തരം കുറുക്കുവഴികള്‍ തേടുമ്പോള്‍ നാശോന്മുഖമാകുന്നത് ഇന്ത്യ എന്ന രാഷ്ട്രമാണ്. ഇന്ത്യയെ വ്യതിരക്തമാക്കുന്ന മൂല്യങ്ങളാണ്. സാംസ്‌കാരിക പൈതൃകത്തിന്റെ തെളിച്ചവും വെളിച്ചവുമാണ് കെട്ടുപോകുന്നത്. ലോകത്തെ വലിയ ജനാധിപത്യ, മതേതരത്വ, നാനാത്വത്തില്‍ ഏകത്വമുള്ള രാഷ്ട്രമെന്ന ഖ്യാതി അന്താരാഷ്ട്ര ബിസിനസ് പ്രമുഖരുടെ സമ്മിറ്റില്‍ മാത്രം പ്രഘോഷിക്കാനുള്ളതല്ല. തങ്കലിപികളില്‍ മാത്രം ഉല്ലേഖനം ചെയ്യപ്പെട്ടിട്ടും കാര്യമില്ല; രാജ്യത്തിനകത്തെ ഛിദ്ര ശക്തികളെ തടഞ്ഞില്ലെങ്കില്‍. ജനാധിപത്യവും ജനപ്പെരുപ്പവും വിദേശ നിക്ഷേപത്തെ ആകര്‍ഷിക്കാനുള്ള മികച്ച തന്ത്രമായാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. വിദേശ സന്ദര്‍ശന വേളയില്‍ ബിസിനസ് കങ്കാണിമാരുടെ ഒന്നിലേറെ മഹാസമ്മേളനങ്ങളില്‍ ഇക്കാര്യം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. വര്‍ഗീയതയെ ഊട്ടിയുറപ്പിക്കുന്ന വിതണ്ഡവാദങ്ങള്‍ മതേതരത്വത്തെയും നാനാത്വത്തില്‍ ഏകത്വത്തെയും ഒരുവേള ജനാധിപത്യത്തെ തന്നെയും കാര്‍ന്നുതിന്നുമെന്നതില്‍ സംശയമില്ല. അതിന് തുരങ്കം വെക്കുന്ന ചെയ്തികളില്‍ പെട്ടതാണ് ‘ലൗ ജിഹാദ്’ പ്രചാരണം.
വളര്‍ത്തി വലുതാക്കിയ മകള്‍ വിശ്വാസവും കുടുംബവും പാമ്പിന്‍ തോല്‍ പോലെ ഊരിയെറിഞ്ഞ് മറ്റൊരുത്തന്റെ കൂടെ പോകുമ്പോള്‍ ഏതൊരു മാതാവിനും പിതാവിനും വ്യസനവും ദേഷ്യവും സങ്കടവും ഉണ്ടാകും. ഈ വ്യസനത്തെയാണ് വര്‍ഗീയവാദികള്‍ ചൂഷണം ചെയ്യുന്നത്. കള്ളപ്പരാതികള്‍ കൊടുത്ത് അത്തരം സംഭവങ്ങള്‍ക്ക് ഔദ്യോഗിക ഭാഷ്യം ചമയ്ക്കാന്‍ ശ്രമിക്കുന്നത്. തുടര്‍ന്ന് വിദ്വേഷ മണ്ണില്‍ വെറുപ്പിന്റെ വിത്തെറിഞ്ഞ് രാഷ്ട്രീയ വിളവെടുപ്പ് നടത്തുന്നത്. വേലിചാട്ടങ്ങള്‍ മുളയിലേ നുള്ളാന്‍ മക്കളുടെ ജീവിതം സൂക്ഷ്മമായി നിരീക്ഷിക്കുകയും സമയാസമയങ്ങളില്‍ വേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയുമാണ് പ്രതിവിധി. സ്വന്തം മകളുടെ / മകന്റെ ജീവിതത്തെ നിരീക്ഷിക്കുന്നതിനെ സദാചാര പോലീസിംഗ് എന്ന ചമ്മട്ടി ഉപയോഗിച്ച് ആഞ്ഞടിക്കുന്നവന് യാതൊരു നഷ്ടവുമുണ്ടാകില്ല. അത്തരം പ്രഹരം നടത്തുന്നവര്‍ക്കാണ് ഇത്തരം കയ്പുനീര്‍ കുടിക്കേണ്ടി വരുന്നതെങ്കില്‍ എന്നുമാത്രം ചിന്തിക്കുക. പ്രണയത്തിലൂടെയുള്ള മിശ്രവിവാഹിതരെ പ്രോത്സാഹിപ്പിക്കുന്ന കൂട്ടങ്ങളും ഒരുതരത്തില്‍ ഇത്തരം കുപ്രചാരണങ്ങളിലെ കൂട്ടുപ്രതികളാണ്. പ്രണയത്തെ മാംസക്കച്ചവടം നടത്താനുള്ള മാര്‍ഗമാക്കുന്ന സംഭവങ്ങള്‍ നാട്ടിന്‍പുറത്ത് പോലും ഉയര്‍ന്നുകേള്‍ക്കുന്നു. പാളിപ്പോകുന്ന ചതികള്‍ മാത്രമാണ് നാം കേള്‍ക്കുന്നത്. ‘വിജയിച്ച’ ചതികള്‍ എത്രയുണ്ടാകും.
ഇസ്‌ലാമിക പരിപ്രേക്ഷ്യ പ്രകാരം പ്രണയത്തിലൂടെ ആളെക്കൂട്ടല്‍ പുണ്യപ്രവര്‍ത്തിയേയല്ല. മറിച്ച് തെറ്റാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം ഒരിക്കലും ഇസ്‌ലാമിന്റെ വഴിയല്ല. കുപ്രാചരണങ്ങള്‍ പാളുമ്പോഴുണ്ടാകുന്ന പരിഹാസ്യത എത്രമാത്രമുണ്ടെന്ന് അളന്നുതരുകയാണ് മീറത്ത് സംഭവം. വിദ്വേഷ പ്രചാരണങ്ങളെ തിരിച്ചറിയാനുള്ള പക്വതയാണ് സമൂഹം പ്രകടിപ്പിക്കേണ്ടത്. സമൂഹത്തിന് അത്തരം തിരിച്ചറിവുണ്ടാക്കേണ്ട മാധ്യമങ്ങളും സാമൂഹികപ്രവര്‍ത്തകരും മൗനം ദീക്ഷിക്കുന്നതും അപകടമാണ്. രാഷ്ട്രത്തിന്റെ വികസനത്തിനും പുരോഗതിക്കും ഉപയോഗപ്പെടുത്തേണ്ട ഒരുപിടി മനുഷ്യവിഭവ ശേഷിയെ തടഞ്ഞുനിര്‍ത്തുന്ന ഒന്നാന്തരം ചിറയാണ് ലൗ ജിഹാദ് പോലെയുള്ള വര്‍ഗീയവാദികളുടെ പ്രചാരണങ്ങള്‍. ആ ചിറയില്‍ വന്നടിയുന്ന മാലിന്യക്കൂമ്പാരങ്ങള്‍ മൂലം സമൂഹം മലീമസമാകുന്നു. ഇതിന് സമാനമാണ് വര്‍ഗീയ പ്രചാരണത്തില്‍ പെട്ടുപോകുന്ന ഇരകളുടെ കാര്യവും. രാഷ്ട്ര ക്ഷേമത്തിന് ആയിരിക്കണം സംഘടനകളുടെ പ്രവര്‍ത്തനം. സമുദായ സൗഹാര്‍ദത്തിനും ജനാധിപത്യത്തിനും മതേതരത്വത്തിനും തുരങ്കം വെക്കുന്നത് ആകരുത്. അങ്ങനെ സംഭവിക്കുന്നത് ലോകത്തിന് മുന്നില്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ശിരസ്സ് കുനിയുന്നതിന് ഇടയാക്കും.