കള്ളപ്പണം: ആര്‍ക്കാണ് അദ്ദേഹത്തെ വിശ്വസിക്കാനാകുക?

Posted on: November 3, 2014 5:51 am | Last updated: November 2, 2014 at 7:54 pm

modi”എന്നെ വിശ്വസിക്കൂ, വിദേശ ബേങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം മുഴുവന്‍ ഞാന്‍ തിരികെക്കൊണ്ടുവരും. അതിനുള്ള ശരിയായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്” – അമേരിക്കയുടെ പ്രസിഡന്റുമാരുടെ പാത പിന്തുടര്‍ന്ന് റേഡിയോ പ്രഭാഷണങ്ങള്‍ ആരംഭിച്ച നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകളാണിവ. അതിസൂക്ഷ്മമായ ശബ്ദ നിയന്ത്രണത്തോടെ, വികാരതീവ്രമായാണ് കള്ളപ്പണത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. കള്ളപ്പണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് എം ബി ഷായുടെ നേതൃത്വത്തിലൊരു പതിനൊന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു, അധികാരമേറ്റയുടന്‍ മോദി സര്‍ക്കാര്‍. ഇതിനപ്പുറത്ത് എന്തെങ്കിലും ഇവ്വിഷയത്തില്‍ ചെയ്തതായി അറിവില്ല. പിന്നെ ചെയ്തത്, യു പി എ സര്‍ക്കാറിന്റെ കാലത്ത് കൈമാറിക്കിട്ടിയ പട്ടികയിലെ മൂന്ന് പേരുകള്‍ പരസ്യപ്പെടുത്തിയതാണ്. ബാക്കി പേരുകള്‍ പരസ്യപ്പെടുത്താത്തതിനെന്ത് തടസ്സമെന്ന് സുപ്രീം കോടതി ചോദിച്ചപ്പോള്‍, പട്ടിക മുദ്രവെച്ച കവറില്‍ (പരസ്യപ്പെടുത്തരുതെന്ന അപേക്ഷ സഹിതം) സമര്‍പ്പിക്കുകയും ചെയ്തു. ഈ പട്ടിക, എം ബി ഷാ അധ്യക്ഷനായ കമ്മിറ്റിക്ക് സുപ്രീം കോടതി കൈമാറി. നേരത്തെ ലഭിച്ചതിനപ്പുറത്തൊന്നും പുതുതായി കിട്ടിയിട്ടില്ലെന്നും ഇതുവെച്ച് എന്തെങ്കിലും ചെയ്യാനാകുമെന്ന് തോന്നുന്നില്ലെന്നും ഷാ പറയുകയും ചെയ്തു. അതിന് ശേഷമാണ് കള്ളപ്പണത്തെക്കുറിച്ച് വികാര തീവ്രമായി പ്രധാനമന്ത്രി പ്രസംഗിച്ചത്.
കണക്കില്‍പ്പെടാത്തതോ നിയമവിധേയമല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പാദിച്ചതോ ആയ പണം ലീക്‌റ്റെന്‍സ്റ്റീനിലെ ബേങ്കുകളില്‍ സൂക്ഷിച്ച പതിനെട്ട് ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ ജര്‍മനിയാണ് കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലത്ത് കൈമാറിയത്. ഇങ്ങനെ കൈമാറിക്കിട്ടിയ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ പരമാവധി യത്‌നിച്ചിരുന്നു മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍. പട്ടികയിലുള്ളവരില്‍ നിന്ന് നികുതിയും പിഴയുമീടാക്കാന്‍ നടപടി സ്വീകരിച്ചെന്നാണ് അന്ന് സര്‍ക്കാര്‍ വിശദീകരിച്ചത്. കാലമിത്രയായ സ്ഥിതിക്ക് നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ, അവരുടെ പേരുകളൊന്നും ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. കള്ളപ്പണക്കാരുടെ കാര്യത്തില്‍ ശബ്ദത്തില്‍ കാട്ടുന്ന വികാരവും ആത്മാര്‍ഥതയും സത്യസന്ധമാണെങ്കില്‍ ആ പേരുകളെങ്കിലും മോദി സര്‍ക്കാര്‍ പുറത്തുവിടേണ്ടതല്ലേ? നിയമവിധേയമല്ലാത്ത മാര്‍ഗത്തിലൂടെ സമ്പാദിച്ച കോടികള്‍ സ്വിസ് ബേങ്കില്‍ സൂക്ഷിച്ചുവെന്നും രാജ്യത്തെ പ്രമുഖ നേതാക്കളടക്കമുള്ളവരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നുവെന്നും ആരോപിക്കപ്പെടുന്ന ഹസന്‍ അലി ഖാനെക്കുറിച്ചും കാശിനാഥ് തിപുരിയയെയും കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റവന്യൂ ഇന്റലിജന്‍സും സി ബി ഐയുമൊക്കെ അന്വേഷണം നടത്തിയിട്ട് കച്ചിത്തുരുമ്പ് പോലും ഇതുവരെ കിട്ടിയിട്ടില്ല എന്ന വസ്തുത മുന്നില്‍ നില്‍ക്കെ ‘എന്നെ വിശ്വസിക്കൂ’ എന്ന ‘പ്രധാന സേവക’ന്റെ വാക്കുകളെ എങ്ങനെ വിശ്വസിക്കും?
എം ബി ഷാ കമ്മിറ്റിയും മറ്റ് കാക്കത്തൊള്ളായിരം ഏജന്‍സികളും ചേര്‍ന്ന് കാര്യക്ഷമമായി അന്വേഷിക്കുമെന്നും കള്ളപ്പണക്കാരെ കണ്ടെത്തുമെന്നും ആ പണം മുഴുവന്‍ രാജ്യത്ത് തിരിച്ചെത്തിക്കുമെന്നും അതുവഴി ‘പ്രധാന സേവക’ന്റെ വാഗ്ദാനം പാലിക്കപ്പെടുമെന്നും പ്രതീക്ഷിക്കുക. അക്കാലത്തിനിടെ രാജ്യത്ത് കള്ളപ്പണം ഉത്പാദിപ്പിക്കപ്പെടില്ലെന്ന് ഉറപ്പ് പറയാന്‍ നരേന്ദ്ര മോദിക്ക് സാധിക്കുമോ? അവശ്യവസ്തുക്കളുള്‍പ്പെടെ സാധനങ്ങള്‍ പൂഴ്ത്തിവെച്ച് കൃത്രിമമായ വിലക്കയറ്റം സൃഷ്ടിച്ച് സമ്പാദിക്കുന്ന അമിതലാഭം കള്ളപ്പണ സൃഷ്ടിയുടെ ഒരു വഴിയാണ്. അങ്ങനെ പൂഴ്ത്തിവെക്കുന്നവരുടെ പട്ടികയില്‍ ആരൊക്കെയുണ്ടാകും? ചില്ലറ വില്‍പ്പന മേഖലയിലേക്ക് പ്രവേശിക്കുകയും ചെറു ശൃംഖലയകളെയാകെ വിഴുങ്ങി വളരുകയും ചെയ്യുന്ന ആഭ്യന്തര കുത്തകകള്‍ ഇത്തരത്തില്‍ ‘ലാഭ’മുണ്ടാക്കുന്നത് തടയാന്‍ നടപടിയെടുക്കുമോ ‘പ്രധാന സേവകന്‍’? ഇത്തരക്കാര്‍ സൗജന്യമായി വിട്ടുകൊടുത്ത ഹെലിക്കോപ്റ്ററുകളും ചെറുവിമാനങ്ങളും കൂടി ഉപയോഗിച്ച് രാജ്യത്താകെ പറന്നുനടന്ന് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്ക് ചെറുവിരല്‍ ചലിപ്പിക്കാനാകില്ലെന്ന് കറകളഞ്ഞ സംഘ് പരിവാറുകാര്‍ പോലും സമ്മതിക്കും.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ സഹായകമായ പാര്‍ട്ടിസിപ്പേറ്ററി നോട്ട് രീതി രാജ്യത്ത് നിലവിലുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ രീതിയില്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കപ്പെട്ടത് 2.22 ലക്ഷം കോടിയാണെന്നാണ് ഏകദേശ കണക്ക്. ഇത്തരത്തില്‍ വിപണിയിലേക്ക് എത്തുന്ന പണത്തില്‍ പകുതിയിലേറെ കള്ളപ്പണമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വിലയിരുത്തുന്നുണ്ട്. രണ്ട് വര്‍ഷം മുമ്പത്തെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ‘പ്രധാന സേവകന്’ ഇക്കാര്യം ബോധ്യപ്പെടാവുന്നതേയുള്ളൂ. പാര്‍ട്ടിസിപ്പേറ്ററി നോട്ട് രീതി പിന്‍വലിച്ച് കള്ളപ്പണത്തിന്റെ ഒഴുക്കും ആ ഒഴുക്കിലൂടെയുള്ള വെളുപ്പിച്ചെടുക്കലും അവസാനിപ്പിക്കാന്‍ സാധിക്കുമോ മോദി സര്‍ക്കാറിന്?
ഉത്പാദിപ്പിക്കപ്പെടുന്ന കള്ളപ്പണം വിദേശബേങ്കുകളില്‍ സൂക്ഷിക്കുക മാത്രമല്ല, വെളുപ്പിച്ച് രാജ്യത്ത് മടക്കിയെത്തിക്കുക കൂടി ചെയ്യുന്നുണ്ട്. മൗറീഷ്യസിലോ സിംഗപ്പൂരിലോ വ്യാജ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത്, അത്തരം കമ്പനികളിലൂടെ ഇന്ത്യയിലെ കമ്പനിയിലേക്ക് നിക്ഷേപം നടത്തുകയാണ് ഒരു രീതി. ക്രിക്കറ്റ് വ്യവസായത്തിലെ പ്രധാന ഉത്പന്നങ്ങളിലൊന്നായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. മൗറീഷ്യസില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ വഴി ഐ പി എല്‍ ടീമുകളുടെ ഉടമകളായ കമ്പനികളിലേക്ക് പണമെത്തി എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞിട്ട് കൊല്ലം പലതായി. അന്വേഷണം എവിടെയെങ്കിലും എത്തിയതായോ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമപ്രകാരം ആര്‍ക്കെങ്കിലുമെതിരെ കേസെടുത്തതായോ വിവരമില്ല. വികാര തീവ്രമായ ശബ്ദത്തില്‍ കള്ളപ്പണത്തെക്കുറിച്ച് പ്രസംഗിക്കുന്ന ‘പ്രധാന സേവകന്‍’ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമോ? ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തുണ്ടായിരുന്നതിനാല്‍ ഈ രംഗത്തെ കളികളെക്കുറിച്ച് അല്‍പ്പജ്ഞാനായാകാന്‍ ഇടയില്ല മോദി ‘സാഹെബ്’. ഖനി, ഊര്‍ജം എന്ന് തുടങ്ങി ഇന്ത്യന്‍ കുത്തകകളും വിദേശ പങ്കാളികളും വ്യവഹരിക്കുന്ന ഏതാണ്ടെല്ലാ മേഖലയിലും ഇത്തരം നിക്ഷേപങ്ങളുണ്ടാകുന്നുണ്ട്. ഇതൊക്കെ തടയാനാകുമോ മോദി സര്‍ക്കാറിന്?
കര്‍ണാടകത്തില്‍ ബി ജെ പിയെ വളര്‍ത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച റെഡ്ഢി സഹോദരന്‍മാര്‍, നിയമവിരുദ്ധമായി ഇരുമ്പയിര് കടത്തി കോടികള്‍ സമ്പാദിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കര്‍ണാടകയില്‍ നിന്നും ആന്ധ്രാ പ്രദേശില്‍ നിന്നും അധികൃതമായും അനധികൃതമായും ഖനനം ചെയ്‌തെടുത്ത അയിര്, സ്വന്തം ഉടമസ്ഥതയില്‍ വിദേശത്തുള്ള കമ്പനിക്ക് നികുതി വെട്ടിച്ച് കുറഞ്ഞ വിലക്ക് വില്‍ക്കുകയാണ് ജനാര്‍ദന, കരുണാകര, സോമശേഖര റെഡ്ഢിമാര്‍ ചെയ്തിരുന്നത്. വിദേശ കമ്പനി അന്താരാഷ്ട്ര വിപണിയില്‍ കൂടിയ വിലക്ക് വിറ്റ് ലാഭമുണ്ടാക്കുകയും ചെയ്തിരുന്നു. രാജ്യത്തിനകത്ത് നികുതി വെട്ടിപ്പ് നടത്തിയതിനാണ് റെഡ്ഢിമാര്‍ ഇപ്പോള്‍ കേസ് നേരിടുന്നത്. വിദേശത്ത് കമ്പനി തുറന്ന് നടത്തിയ കള്ളക്കച്ചവടത്തിന്റെ പേരില്‍ ഇവരെ നിയമത്തിന് മുന്നില്‍ നിര്‍ത്താനാകുമോ? വൈ എസ് രാജശേഖര റെഡ്ഢി ആന്ധ്രാ പ്രദേശിന്റെ മുഖ്യമന്ത്രിയായിരിക്കെ ഹൈദരാബാദിലെയും പരിസര പ്രദേശങ്ങളിലെയും കണ്ണായ ഭൂമി വന്‍കിട കമ്പനികള്‍ക്ക് ചുളുവിലക്ക് കൈമാറാന്‍ അവസരമൊരുക്കിയതിന് പ്രതിഫലമായി കിട്ടിയ കോടികളുടെ പേരിലാണ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഢിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഈ ഇടപാടില്‍ കമ്പനികള്‍ക്കുണ്ടായ അനര്‍ഹമായ നേട്ടം കള്ളപ്പണത്തിന്റെ കോളത്തില്‍ രേഖപ്പെടുത്തേണ്ടതാണ്. അങ്ങനെ രേഖപ്പെടുത്തി കമ്പനികള്‍ക്കെതിരെ നടപടി ആരംഭിക്കാന്‍ ഇച്ഛാശക്തിയുണ്ടാകുമോ മോദി സര്‍ക്കാറിന്? ഒറ്റവാക്കില്‍ പറഞ്ഞാല്‍ മുട്ടിടിക്കും മോദി ‘സാഹെബി’ന്. കാരണം അത്തരം ഇടപാടുകള്‍ക്കൊക്കെ അവസരം തുറന്ന് നല്‍കുന്ന നയമാണ് രാജ്യത്ത് വര്‍ഷങ്ങളായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ആ നയങ്ങളുടെ നടപ്പാക്കലിന്റെ വേഗം കൂട്ടാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് പാകത്തിന് തൊഴില്‍ നിയമങ്ങളിലടക്കം കൂടുതല്‍ ഭേദഗതി വരുത്താനും. അതിനിടക്ക്, കള്ളപ്പണത്തിന്റെ പേര് പറഞ്ഞ് വ്യവസായികള്‍ക്ക് പിറകെ എത്തിയാല്‍, ‘മേക്ക് ഇന്‍ ഇന്ത്യ’ വാചാടോപത്തിനിടയിലും താഴേക്ക് വളരുന്ന ഇന്ത്യന്‍ ഉത്പാദന – നിര്‍മാണ മേഖലയെ വീണ്ടും തളര്‍ത്തുകയാകും ഫലം. ജപ്പാനും അമേരിക്കയുമൊക്കെ സന്ദര്‍ശിച്ച ശേഷം ഇന്ത്യയിലേക്ക് ഒഴുകുമെന്ന് മോദി തന്നെ പ്രഖ്യാപിച്ച സഹസ്ര കോടികള്‍ (അവകാശവാദം ശരിയോ എന്നത് അഞ്ച് വര്‍ഷത്തിന് ശേഷമേ പരിശോധിക്കാനാകൂ) ഇങ്ങോട്ട് എത്താതിരിക്കുകയും ചെയ്യും.
സ്വിറ്റ്‌സര്‍ലന്‍ഡിലെയോ ലീക്‌റ്റെന്‍സ്റ്റീനിലെയോ കേമാന്‍ ദ്വീപുകളിലെയോ ബേങ്ക് അക്കൗണ്ടുകളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ഉടമകളും അവരുമായി നാഭീനാള ബന്ധം പുലര്‍ത്തുന്നവരുമാണ് രാജ്യത്തിന്റെ സാമ്പത്തിക അധികാരം കൈയാളുന്നത്. അവര്‍ തന്നെയാണ് ഭരണത്തെ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് എച്ച് എസ് ബി സി ബേങ്കില്‍ കള്ളപ്പണം സൂക്ഷിച്ചിരിക്കുന്നുവെന്ന ആരോപണം നേരിടുന്ന അംബാനിമാര്‍, നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പ്രഖ്യാപന വേദിയില്‍ വിശിഷ്ടാതിഥികളായത്. അധികാരവും ഭരണവും ഇവ്വിധമായിരിക്കുകയും നയ, നിയമങ്ങള്‍ അതിന് കൂടുതല്‍ യോജിച്ചതാക്കാന്‍ ശ്രമം നടക്കുകയും ചെയ്യുമ്പോള്‍ അനധികൃത സമ്പാദ്യത്തെക്കുറിച്ചോ അതിന്റെ ഉറവിടത്തെക്കുറിച്ചോ ഈ സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. വികാരതീവ്രമായ ശബ്ദത്തില്‍ പ്രസംഗിക്കുകയും ദേശക്കൂറുള്ള നേതാവ്, പരമാധികാരിയായി ഇരിക്കുകയാണെന്ന വ്യാജബോധം ജനങ്ങളില്‍ സൃഷ്ടിക്കുകയും മാത്രമാണ് കരണീയമായുള്ളത്. അത് സമര്‍ഥമായി ചെയ്യുന്നുണ്ട് ‘പ്രഥമ സേവകന്‍’ എന്നതില്‍ സംശയം വേണ്ട. പ്രഖ്യാപിക്കുന്ന ഓരോ പദ്ധതിയിലും അതിന്റെ മുദ്ര കാണാം.
ഇതിനപ്പുറത്ത് നടക്കുന്ന പലതും ഈ ബഹളത്തില്‍ മുങ്ങിപ്പോകും. സംഘ അജന്‍ഡക്കനുസരിച്ച് ചരിത്രത്തെ മാറ്റിയെടുക്കുന്നതും ദേശീയ പ്രസ്ഥാനത്തിന്റെ പ്രതീകങ്ങളെ സംഘവത്കരിക്കുന്നതും പാഠപുസ്തകങ്ങളുടെ കാവിവത്കരണവുമൊക്കെ. അതിലേക്ക് ശ്രദ്ധതിരിക്കേണ്ട പ്രതിപക്ഷം കൂടുതല്‍ കൂടുതല്‍ ദുര്‍ബലമാകുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കുറേക്കൂടി എളുപ്പമാണ് മോദിക്കും കൂട്ടര്‍ക്കും. അത് മനസ്സിലാക്കി തന്നെയാണ് കള്ളപ്പണത്തെക്കുറിച്ച് വികാരതീവ്രമായി ‘പ്രധാന സേവകന്‍’ സംസാരിക്കുന്നത്, ‘എന്നെ വിശ്വസിക്കൂ’ എന്ന് ആഹ്വാനം ചെയ്യുന്നത്.