‘ഇന്ദിര ലോകം കണ്ട മികച്ച ഭരണാധികാരി’

Posted on: November 2, 2014 6:22 pm | Last updated: November 2, 2014 at 6:23 pm

Indira gandhi nuclear_0_0_0അബുദാബി: ഇന്ദിരാഗാന്ധി ലോകം കണ്ട മികച്ച ഭരണാധികാരികളില്‍ ഒരാളാണെന്ന് കെ പി സി സി ന്യൂനപക്ഷ സെല്‍ ചെയര്‍മാന്‍ കെ കെ കൊച്ചു മുഹമ്മദ്. സ്വാതന്ത്ര്യം കിട്ടിയതിന് ശേഷം ജവഹര്‍ലാല്‍ നെഹ്‌റു നടപ്പാക്കിയ അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങളുടെ ചുവട് പിടിച്ച് ഇന്ത്യയെ ഒരു സ്വയംപര്യാപ്ത രാഷ്ട്രമാക്കാന്‍ പ്രയത്‌നിച്ച് വിജയിച്ച പ്രധാനമന്ത്രിയാണു ഇന്ദിരാഗാന്ധി, ബേങ്ക് ദേശസാല്‍കരണം, ഭക്ഷ്യ സ്വയംപര്യാപ്തത എന്നിവയില്‍ അവര്‍ നേടിയ വിജയമാണു പില്‍ക്കാലത്ത് ഇന്ത്യക്ക് ഉണര്‍വേകിയത്. ലോകം സാമ്പത്തികമാന്ദ്യത്തില്‍ പെട്ടുഴലുമ്പോള്‍, ഇന്ത്യ തളരാതെ നിന്നത് അത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒ ഐ സി സി അബുദാബി കമ്മിറ്റിയും,അബുദാബി മലയാളി സമാജവും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ ഇന്ദിരാ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഒ ഐ സി സി പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി സ്വാഗതം പറഞ്ഞു. ഒ ഐ സി സി ജനറല്‍ സെക്രട്ടറി ടി എ സാസര്‍ ആമുഖപ്രസംഗം നടത്തി. സുരേഷ് പയ്യന്നൂര്‍, അബ്ദുല്‍ഖാദര്‍ തിരുവത്ര, ഹുമയൂണ്‍ കബീര്‍, അഷറഫ് പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. വൈകുന്നേരം നാല് മണിമുതല്‍ ഏഴ് വരെ നടന്ന രക്തദാന പരിപാടിയില്‍ നൂറിലധികം പ്രവര്‍ത്തകര്‍ പങ്കെടുത്തു.