മലപ്പുറം നഗരസഭയുടെ ‘നേരറിയാന്‍ നേരിട്ട്’ പദ്ധതിക്ക് തുടക്കം

Posted on: November 2, 2014 12:11 am | Last updated: November 2, 2014 at 2:12 pm

മലപ്പുറം: വീടുകളിലെത്തി പരാതി സ്വീകരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിച്ച് നല്‍കുന്ന മലപ്പുറം നഗരസഭയുടെ നേരറിയാന്‍ നേരിട്ട് പദ്ധതിക്ക് തുടക്കമായി. മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പരാതിരഹിത നഗരമാക്കി മലപ്പുറത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന പരിപാടി മറ്റ് നഗരസഭകള്‍ക്ക് കൂടി മാതൃകയാണെന്ന് മന്ത്രി പറഞ്ഞു.
മികച്ച പ്രവര്‍ത്തനമാണ് മലപ്പുറം നഗരസഭ നടത്തിക്കൊണ്ടിരിക്കുന്നത്. കടത്തിലായിരുന്ന നഗരസഭയെ ലാഭത്തിലാക്കിയതോടൊപ്പം ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. പരസ്യവരുമാന ഇനത്തിലുള്ള വരുമാനം നഗരസഭ വര്‍ധിപ്പിക്കണമെന്നും മന്ത്രി ഓര്‍മപ്പെടുത്തി.
പി ഉബൈദുല്ല എം എല്‍ എ സേവന വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാകലക്ടര്‍ കെ ബിജു ആദ്യപരാതി സ്വീകരിച്ചു. നഗരസഭാ ചെയര്‍മാന്‍ കെ പി മുസ്തഫ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ എം ഗിരിജ, കൗണ്‍സിലര്‍മാരായ വീക്ഷണം മുഹമ്മദ്, പരി അബ്ദുല്‍ മജീദ്, സി എച്ച് ജമീല, പി കെ സക്കീര്‍ ഹുസൈന്‍, പ്രതിപക്ഷ നേതാവ് പാലോളി കുഞ്ഞിമുഹമ്മദ്, സെക്രട്ടറി ബിനുഫ്രാന്‍സിസ് പ്രസംഗിച്ചു.