Connect with us

Wayanad

ഉള്‍നാടന്‍ ജലകൃഷി നയം നടപ്പാക്കും

Published

|

Last Updated

കല്‍പ്പറ്റ:ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉള്‍നാടന്‍ ജലകൃഷി നയം ജില്ലയില്‍ നടപ്പിലാക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.കെ. റഷീദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മത്സ്യകര്‍ഷക വികസന ഏജന്‍സി മാനേജിംഗ് കമ്മിറ്റിയോഗം തീരുമാനിച്ചു.
പൊതു ഉള്‍നാടന്‍ ജലാശയങ്ങളില്‍ നശീകരണ മത്സ്യബന്ധന രീതികളായ തോട്ടപൊട്ടിക്കല്‍, സ്‌ഫോടകവസ്തു പ്രയോഗിക്കല്‍, വൈദ്യുതിയോ വൈദ്യുതോപകരണങ്ങളോ ഉപയോഗിക്കല്‍, രാസവസ്തുക്കളും വിഷവസ്തുക്കളും കലക്കല്‍, വിഷച്ചെടികളും ദോഷവസ്തുക്കളും മറ്റ് മാരക വസ്തുക്കളും കലക്കല്‍, തുടങ്ങിയവ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
മത്സ്യസമ്പത്തിനെ ക്ഷയിപ്പിക്കുന്ന തരത്തില്‍ മലിനകാരണങ്ങളോ വ്യാവസായികമോ ഗൃഹജന്യമോ ആയ ഖര-ദ്രവ്യമാലിന്യങ്ങളോ കീടനാശിനികളോ രാസവസ്തുക്കളോ ഒരു ഉള്‍നാടന്‍ ജലാശയത്തില്‍ നിക്ഷേപിക്കുന്നവര്‍ക്കെതിരെയും അക്വാകള്‍ച്ചര്‍ ആക്ട് പ്രകാരം നടപടി സ്വീകരിക്കും. ജില്ലാതലത്തിലും പഞ്ചായത്ത്തലത്തിലും വ്യാപകമായ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗത്തില്‍ തിരുമാനിച്ചു.
കാരാപ്പുഴ, ബാണാസുരസാഗര്‍ റിസര്‍വോയറുകളില്‍ പട്ടികവര്‍ഗ്ഗ ഫിഷറീസ് സഹകരണ സംഘങ്ങള്‍ രൂപീകരിച്ച് മത്സ്യബന്ധനാവകാശം ലഭ്യമാക്കാനുള്ള ഉന്നതതല നടപടികള്‍ സ്വീകരിക്കും. ശാസ്ത്രീയ മത്സ്യകൃഷി ചെയ്തവര്‍ക്ക് നിര്‍മ്മാണ സബ്‌സിഡിയും തീറ്റസബ്‌സിഡിയും നല്‍കും ജില്ലയിലെ മത്സ്യകര്‍ഷകര്‍ക്ക് മത്സ്യവിത്ത് പരിപാലനത്തില്‍ മലമ്പുഴ ദേശീയ മത്സ്യവിത്തുല്പാദന കേന്ദ്രത്തില്‍ പരിശീലനവും നല്‍കും.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി ജില്ലയില്‍ നടപ്പിലാക്കി വരുന്ന മത്സ്യസമൃദ്ധി പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് നടത്തും. എ..ഡി.എം, പി.വി. ഗംഗാധരന്‍, ബത്തേരി ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.എസ്. വിജയ, ജില്ലാ പഞ്ചായത്ത് വികസനകാര്യ ചെയര്‍മാന്‍മാരായ എ.പി. ശ്രീകുമാര്‍, മേരി തോമസ്, ജില്ലാ പഌനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി, അനില്‍, ലീഡ് ബാങ്ക് മാനേജര്‍ എം.വി. രവീന്ദ്രന്‍,കെ. ശശീന്ദ്രന്‍, പി.കെ. രാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അസി. ഡയറക്ടര്‍ പി.കെ. സുധീര്‍കിഷന്‍ സ്വാഗതവും കെ.ടി. മുരളി നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest