തമിഴ്‌നാട് കോണ്‍ഗ്രസ് പിളരുന്നു

Posted on: November 2, 2014 12:04 am | Last updated: November 2, 2014 at 11:06 am

congressചെന്നൈ: തമിഴ്‌നാട്ടില്‍ മുന്‍ കേന്ദ്രമന്ത്രി ജി കെ വാസന്‍ കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പഴയ തമിഴ് മാനിലാ കോണ്‍ഗ്രസ് പുനരുജ്ജീവിപ്പിക്കാന്‍ ശ്രമമാരംഭിച്ചു.
ഇന്നലെ രണ്ടാം ദിവസവും അനുയായികളുമായി കൂടിയാലോചനകള്‍ തുടര്‍ന്ന വാസന്‍ തന്റെ ഭാവി പരിപാടി ഇന്ന് പ്രഖ്യാപിക്കും. മുന്‍ എം എല്‍ എമാരായ വെല്ലൂര്‍ ജ്ഞാനശേഖരന്‍, വിദ്യാല്‍ ശേഖര്‍ എന്നിവരും കൂടിയാലോചനകളില്‍ പങ്കെടുത്തു. 1996ല്‍ വാസന്റെ പിതാവ് ജി കെ മൂപ്പനാര്‍ മാനില കോണ്‍ഗ്രസ് രൂപവത്കരിക്കുമ്പോള്‍ മുഴക്കിയ ‘ഐശ്വര്യ പൂര്‍ണമായ തമിഴ്‌നാട്, ജ്വലിക്കുന്ന ഇന്ത്യ’ എന്ന മുദ്രാവാക്യത്തോടെയാണ് വാസന്‍ തന്റെ അനുയായികളുമായി കൂടിയാലോചനകള്‍ ആരംഭിച്ചത്. കെ കാമരാജിന്റെയും ജി കെ മൂപ്പനാരുടെയും പാത പിന്തുടരാതെ തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് വാസന്‍ പറഞ്ഞു. പാര്‍ട്ടി അംഗത്വപ്രശ്‌നത്തില്‍ ഹൈക്കമാന്‍ഡുമായി വാസന്‍ ഇടഞ്ഞിരുന്നു.