ഡിസംബര്‍ 8 മുതല്‍ 14 വരെ ഇടതുപക്ഷം പ്രതിഷേധ വാരം ആചരിക്കും

Posted on: November 1, 2014 4:24 pm | Last updated: November 2, 2014 at 11:09 am

CPI-M

ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ഇടതുചേരി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, വര്‍ഗീയതക്കെതിരെ അഖിലേന്ത്യാ പ്രചാരണം നടത്താന്‍ ഇടതുപക്ഷം തീരുമാനിച്ചു. സാധാരണക്കാരുടെ ഉപജീവനമാര്‍ഗത്തിലുള്ള ക്ലേശങ്ങളെ അഭിമുഖീകരിച്ചുമാണ് പ്രചാരണ പരിപാടികള്‍ നടത്തുക.
സി പി എം, സി പി ഐ, ആര്‍ എസ് പി, ഫോര്‍വേര്‍ഡ് ബ്ലോക് എന്നിവക്കൊപ്പം ഇടതുചേരിയില്‍ പുതുതായി ചേര്‍ന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്- ലെനിനിസ്റ്റ്), ലിബറേഷന്‍ ആന്‍ഡ് സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (കമ്യൂണിസ്റ്റ്) എന്നീ പാര്‍ട്ടികളും പ്രചാരണ രംഗത്തുണ്ടാകും. ഡിസംബര്‍ എട്ട് മുതല്‍ 14 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരാഴ്ച നീളുന്ന പ്രതിഷേധ പരിപാടിക്കാണ് യോഗം തീരുമാനിച്ചത്. ആറ് പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്ത യോഗം രണ്ട് മണിക്കൂര്‍ നീണ്ടു.
കോര്‍പറേറ്റുകളുടെയും ഹിന്ദുത്വ ശക്തികളുടെയും പൂര്‍ണ പിന്തുണയോടെയാണ് മോദി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി പി എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുക, ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, കള്ളപ്പണം തിരിച്ചുകൊണ്ടുവരുന്നതിലെ പരാജയം എന്നിവയടക്കം ഒമ്പത് വിഷയങ്ങള്‍ ജനങ്ങളുടെ മുമ്പിലേക്ക് വെക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ സംവിധാനം, വിവിധ സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവയിലേക്ക് കടന്നുകയറാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ലൗ ജിഹാദ് പ്രചാരണം അതിന്റെ ഭാഗമാണ്. മതേതര പാര്‍ട്ടികളുടെ ഐക്യത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, ആദ്യം ഇടതു പക്ഷത്തെ ഒരുമിച്ച് ചേര്‍ത്ത് ശക്തിപ്പെടുത്തട്ടെ, അതിന് ശേഷം മറ്റ് കാര്യങ്ങള്‍ പരിഗണിക്കുമെന്നായിരുന്നു കാരാട്ടിന്റെ മറുപടി.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, മരുന്നുകളുടെ വിലക്കൂടുതല്‍, ലൗ ജിഹാദിന്റെ പേരിലുള്ളതും അല്ലാത്തതുമായ വര്‍ഗീയ പ്രാചരണം, സ്ത്രീകള്‍, ദളിതുകള്‍, അധഃസ്ഥിതര്‍ എന്നിവര്‍ക്കെതിരെയുള്ള ആക്രമണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടും. കാരാട്ടിന് പുറമെ, ദേബബ്രദ ബിശ്വാസ് (എ ഐ എഫ് ബി), ക്ഷിതി ഗോസ്വാമി, മനോജ് ഭട്ടാചാര്യ (ആര്‍ എസ് പി), സ്വപന്‍ മുഖര്‍ജി, കവിത കൃഷ്ണന്‍ (സി പി ഐ എം എല്‍- ലിബറേഷന്‍), മണിക് മുഖര്‍ജി, രഞ്ജിത് ധര്‍ (എസ് യു സി ഐ- സി), എ ബി ബര്‍ദന്‍, ഡി രാജ (സി പി ഐ), എസ് രാമചന്ദ്ര പിള്ള (സി പി എം) തുടങ്ങിയവര്‍ പങ്കെടുത്തു.