മാന്‍വേട്ട; രണ്ട് പേര്‍ പിടിയില്‍

Posted on: November 1, 2014 12:42 pm | Last updated: November 1, 2014 at 12:42 pm

മണ്ണാര്‍ക്കാട്: തത്തേങ്ങലം വനത്തില്‍ നിന്ന് മലമാനിനെ വേട്ടയാടിയ സംഘത്തിലെ രണ്ട് പേരെ വനം വകുപ്പ് പിടികൂടി. ഇറച്ചിയും മാനുകളുടെ തലയും ഇറച്ചി കടത്താന്‍ ഉപയോഗിച്ച ഓട്ടോയും പിടിച്ചെടുത്തു.
ചേറുംകുളം കാങ്ങത്ത് നാരായണന്‍ (44), ഓട്ടോ ഡ്രൈവര്‍ കാങ്ങത്ത് കൃഷ്ണദാസ് (27)എന്നിവരാണ് അറസ്റ്റിലായത്. കൃഷ്ണദാസിന്റേതാണ് പിടിയിലായഓട്ടോ റിക്ഷ.
കൃഷ്ണദാസിന്റെ വീട്ടില്‍ കാട്ടിറച്ചിയുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
കൃഷ്ണദാസിന്റെയും സംഘത്തിലെ മറ്റൊരംഗമായ കൃഷ്ണന്റെയും വീട്ടില്‍ നിന്ന് ഇറച്ചി പിടിച്ചെടുത്തു.
പിടിയിലായ നാരായണനുമായി കാട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് മാനുകളുടെ തല കണ്ടെടുത്തു. പിടിയിലായവരെ കൂടാതെ രാജു, സജി, കൃഷ്ണന്‍ എന്നിവരും കണ്ടാലറിയാവുന്ന രണ്ട് പേരും സംഘത്തിലുണ്ടായിരുന്നതായി വനപാലകര്‍ പറഞ്ഞു. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. റേഞ്ച് ഓഫീസര്‍ രാമചന്ദ്രന്‍ മുട്ടിലിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പ്രതികളെ പിടികൂടിയത്.