സംസ്ഥാനത്ത് വ്യാജ കള്ള് വ്യാപകമാകുന്നു

Posted on: November 1, 2014 5:52 am | Last updated: October 31, 2014 at 11:53 pm

kalluപാലക്കാട്: എക്‌സൈസ് വകുപ്പിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം സംസ്ഥാനത്ത് വ്യാപകമായി വ്യാജ കള്ള് ഒഴുകുന്നു. ഹൈക്കോടതി കള്ള് ഷാപ്പിന്റെ നിലവാരം ഉയര്‍ത്തണമെന്ന് ഉത്തരവിട്ടിട്ടുണ്ടെങ്കിലും ഷാപ്പുകളില്‍ ലഭിക്കുന്ന കള്ളിലെ ആല്‍ക്കഹോളിന്റെ വീര്യം പരിശോധിക്കാനുള്ള സംവിധാനം എക്‌സൈസ് വകുപ്പിന് ഇല്ലാത്തതാണ് വ്യാജ കള്ള് ഒഴുകാനിടയാക്കുന്നത്.
സാധാരണ കള്ളില്‍ 4.1 ആണ് ആല്‍ക്കഹോളിന്റെ വീര്യമെങ്കില്‍ 8.2 ആണ് വ്യാജ കള്ളിലെ വീര്യം. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നെത്തിക്കുന്ന വില കുറഞ്ഞ വേദനസംഹാരി ഗുളികകളും മറ്റു രാസവസ്തുക്കളും ചേര്‍ത്താണ് വന്‍തോതില്‍ വ്യാജ കള്ള് ഉല്‍പ്പാദിപ്പിക്കുന്നത്.
പഞ്ചസാരയും വന്‍തോതില്‍ സ്പിരിറ്റും ചേര്‍ക്കുന്നതായി തൊഴിലാളികള്‍ തന്നെ സമ്മതിക്കുന്നു. രാത്രിയില്‍ തെങ്ങിന്‍ തോപ്പുകളില്‍ ഇത്തരത്തില്‍ കള്ള് കലക്കിവെക്കുകയും ഇത് പിന്നീട് ഷാപ്പുകളിലെത്തിക്കുകയുമാണ് ചെയ്യുന്നത്. സാധാരണ കള്ളുണ്ടാക്കാന്‍ 35 രൂപ ചെലവാക്കുന്ന തൊഴിലാളിക്ക് വ്യാജ കള്ളുണ്ടാക്കാന്‍ 10 രൂപ മാത്രമാണ് ചെലവ.് ഇതാണു തൊഴിലാളികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. കേരളത്തില്‍ കള്ളുചെത്ത് തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ളത് പാലക്കാടാണ്. 1.25 ലക്ഷം തെങ്ങുകളാണ് ചിറ്റൂരില്‍ ചെത്തുന്നത്. തെങ്ങൊന്നിന് പ്രതിമാസം 350 രൂപ ലഭിക്കുമെന്നുള്ളതാണ് സ്ഥലമുടമകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. എന്നാല്‍ ഇന്നിവിടെ വ്യാജ കള്ളിന്റെ കേന്ദ്രമാണ്. പാലക്കാട്, ചിറ്റൂര്‍, കൊല്ലങ്കോട് എക്‌സൈസ് റെയ്ഞ്ചുകളില്‍ വ്യാപകമായി വ്യാജ കള്ള് ഉത്പാദിപ്പിക്കുന്നതായാണ് വിവരം. മീനാക്ഷീപുരം, മൂലക്കട, മുത്തുസ്വാമി പുതൂര്‍, കുന്നംകാട്ടുപതി, കരുമാണ്ഡ കൗണ്ടന്നൂര്‍, മലയാണ്ടി കൗണ്ടത്താര്‍, ഒഴലപ്പതി എന്നിവിടങ്ങളിലെ തെങ്ങിന്‍ തോപ്പുകള്‍ കേന്ദ്രീകരിച്ചാണ് വ്യാജ കള്ള് നിര്‍മാണം കൊഴുക്കുന്നത്. പാലക്കാട് ചിറ്റൂരില്‍ 800 തെങ്ങില്‍ നിന്ന് ചെത്തി 1000 ലിറ്റര്‍ കള്ളുണ്ടാക്കിയതിന് പകരം 40 തെങ്ങില്‍ നിന്ന് 1000 ലിറ്റര്‍ കള്ളുത്പാദിപ്പിക്കുന്നത് ഇതിന് ഉദാഹരണമാണ്. കള്ള് പരിശോധിക്കാനോ വ്യാജ കള്ളുത്പ്പാദനം തടയാനോ എക്‌സൈസ് വകുപ്പ് അധികൃതര്‍ തയ്യാറാകാത്തതും ഇവര്‍ക്കു തുണയാകുന്നു.
വിവിധ ജില്ലകളില്‍ നിന്നായി 3,000 തൊഴിലാളികള്‍ ചിറ്റൂരില്‍ കള്ള് ചെത്തുന്നുവെന്നാണ് എക്‌സൈസ് വകുപ്പ് വ്യക്തമാക്കുന്നത്. എക്‌സൈസ് വകുപ്പ് നല്‍കുന്ന അന്തര്‍ ജില്ലാ കള്ള് പെര്‍മിറ്റ് ഉപയോഗപ്പെടുത്തിയാണ് ഈ നടപടി. വിദേശ മദ്യത്തിന്റെ ലഭ്യത കുറവിനെ തുടര്‍ന്ന് നിലവില്‍ ഷാപ്പുകളില്‍ മൂന്നിരട്ടിയോളം വില്‍പ്പനയാണ് വര്‍ധിച്ചിരിക്കുന്നത്. വന്‍കിട അബ്കാരികള്‍ നടത്തുന്ന ഷാപ്പുകളിലാണ് വില്‍പ്പന കൂടുതല്‍. പെര്‍മിറ്റില്‍ പറയുന്നതു പ്രകാരമുള്ള തോപ്പില്‍ ചെത്തുന്ന കള്ള്, ഷാപ്പുകളില്‍ വില്‍പ്പനക്ക് മതിയാകില്ലെങ്കിലും വ്യാജ കള്ള് ഒഴുകുന്നത് മൂലം യഥേഷ്ടം കള്ളാണ് ഷാപ്പുകളില്‍ ലഭിക്കുന്നതത്രെ. പല തോപ്പുകളിലും ചെത്തിയിറക്കുന്നതിനേക്കാള്‍ കൂടുതല്‍ കള്ള് കൃത്രിമമായി ഉത്പാദിപ്പിക്കുകയാണ്. വ്യാജ കള്ള് നിര്‍മിക്കുന്നതില്‍ വിദഗ്ധരായവര്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നെത്തി ചിറ്റൂരില്‍ തമ്പടിച്ചിട്ടുണ്ട്. ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്തെ പല ജില്ലകളിലും വ്യാജ കള്ള് വ്യാപകമായിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ നിന്ന് പോലും ഗുണനിലവാരം കുറഞ്ഞ കള്ള് ചിറ്റൂര്‍ കള്ളിന്റെ പേരില്‍ വ്യാപകമായി ഒഴുകുന്നുണ്ട്. വിദേശ മദ്യത്തിന്റെ ലഭ്യത കുറവ് മൂലം കള്ളിന്റെ വില്‍പ്പന കൂടുതലായതിനെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്ന് പോലും വ്യാജ കള്ള് ഇറക്കാന്‍ മദ്യലോബികളെ പ്രേരിപ്പിക്കുന്നത്. വ്യാജ കള്ള് സംസ്ഥാനത്തിനകത്ത് നിന്നും പുറത്തുനിന്നും ഒഴുകിയെത്തുമ്പോഴും അതിനെതിരെ നടപടിയെടുക്കാന്‍ പോലും എക്‌സൈസ് വകുപ്പിന് സാധ്യമാകുന്നില്ല. ഇത് ഭാവിയില്‍ മദ്യദുരന്തത്തിനിടയാക്കുമെന്നാണ് ആശങ്ക.