ബാര്‍ പ്രശ്‌നം: നിയമോപദേശത്തിന് ശേഷം അപ്പീല്‍ സമര്‍പ്പിക്കും

Posted on: November 1, 2014 5:36 am | Last updated: October 31, 2014 at 11:38 pm

barതിരുവനന്തപുരം: സംസ്ഥാനത്തെ ഫൈവ് സ്റ്റര്‍, ഫോര്‍ സ്റ്റാര്‍, ഹെറിട്ടേജ് ഒഴികെയുള്ള ബാറുകള്‍ അടച്ചുപൂട്ടാനുള്ള സിംഗിള്‍ ബഞ്ച് വിധി സ്റ്റേ ചെയ്ത ഡിവിഷന്‍ ബഞ്ച് വിധിക്കെതിരെ തുടര്‍നടപടികള്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് ശേഷം. ഡിവിഷന്‍ ബഞ്ചിന്റെ സ്റ്റേ ഉത്തരവിന്റെ പകര്‍പ്പ് വൈകീട്ടോടെ സര്‍ക്കാരിന് ലഭിച്ചു. നിയമോപദേശം ലഭിച്ചശേഷം ഫുള്‍ ബഞ്ചിലേക്ക് അപ്പീല്‍ പോകുന്നകാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയുടെ അടിസ്ഥാനത്തില്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് ഡിവിഷന്‍ ബഞ്ചിന്റെ അപ്രതീക്ഷിത വിധിയുണ്ടായത്. അതിനാല്‍, സര്‍ക്കാര്‍തലത്തില്‍ കൂടിയാലോചനകള്‍ക്ക് സമയം ലഭിച്ചിരുന്നില്ല. സ്റ്റേ നീക്കുന്നതിന് നടപടി സ്വീകരിക്കണമോ ഒരു മാസം കാത്തിരിക്കണമോ എന്ന കാര്യത്തില്‍ രാഷ്ട്രീയ തീരുമാനവും എടുത്തേക്കും. അന്തിമവിധി അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. സ്റ്റേ നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നുയര്‍ന്നിട്ടുണ്ട്. മന്ത്രി കെ ബാബു, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍, ടി എന്‍ പ്രതാപന്‍ എം എല്‍ എ എന്നിവരാണ് ഇക്കാര്യം പരസ്യമായി അറിയിച്ചിട്ടുള്ളത്.

അതേസമയം, സിംഗിള്‍ ബഞ്ച് വിധിക്ക് ഡിവിഷന്‍ ബഞ്ചിന്റെ സ്റ്റേ വന്നപ്പോള്‍ മുതല്‍ ബാറുകള്‍ തുറന്നുകിട്ടാന്‍ ബാറുടമകള്‍ ശ്രമം നടത്തിയിരുന്നത് സര്‍ക്കാര്‍ അറിഞ്ഞിരുന്നെങ്കിലും അപ്പീല്‍ പോകുന്നതിനോ മറ്റോ സര്‍ക്കാറോ എക്‌സൈസ് വകുപ്പോ ശ്രമിച്ചിരുന്നില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ചത്തെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ 250 ബാറുകളും ഇന്നലെ രാവിലെ അടച്ചുപൂട്ടിയപ്പോഴായിരുന്നു വിധി സ്റ്റേ ചെയ്തുകൊണ്ടുള്ള ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് വന്നത്. കഴിഞ്ഞ ദിവസത്തെ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്നലെ രാവിലെ തന്നെ 250 ബാറുകളും എക്‌സൈസ് വകുപ്പ് അടച്ചുപൂട്ടിയിരുന്നു. രാവിലെ ബാറുകളിലെത്തി അവശേഷിക്കുന്ന മദ്യത്തിന്റെ കണക്കെടുക്കുകയും അവ ഹോട്ടലിലെ തന്നെ ഒരു മുറിയിലാക്കി പൂട്ടി മുദ്രവെക്കുകയുമായിരുന്നു. ബാറുകളില്‍നിന്നുള്ള മദ്യം ബിവറേജസ് കോര്‍പറേഷന്‍വഴി വില്‍ക്കരുതെന്ന നിര്‍ദേശം നേരത്തെ ഇന്റലിജന്‍സ് വിഭാഗം നല്‍കിയിരുന്നു. വൈകീട്ടോടെ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതിനു ശേഷമാണ് ബാറുകള്‍ തുറന്നുനല്‍കാന്‍ എക്‌സൈസ് വകുപ്പ് തയ്യാറായത്.