Connect with us

Ongoing News

251 ബാറുകള്‍ കൂടി പൂട്ടും; സര്‍ക്കാറിന് ആശ്വാസം

Published

|

Last Updated

തിരുവനന്തപുരം: മദ്യനയം ഭാഗികമായെങ്കിലും ഹൈക്കോടതി അംഗീകരിച്ചതില്‍ സര്‍ക്കാറിന് ആശ്വാസം. ഫൈവ്സ്റ്റാര്‍ ബാറുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അനുമതി ഫോര്‍സ്റ്റാര്‍, ഹെറിറ്റേജ് ബാറുകള്‍ക്ക് കൂടി കോടതി ബാധകമാക്കിയതോടെ സംസ്ഥാനത്ത് 62 ബാറുകള്‍ക്ക് പ്രവര്‍ത്തിക്കാം. പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നവയില്‍ 251 എണ്ണം പൂട്ടേണ്ടിയും വരും. നയം പൂര്‍ണമായി അംഗീകരിച്ച് കിട്ടാന്‍ സര്‍ക്കാര്‍ അപ്പീല്‍ പോകുമോയെന്നതില്‍ വ്യക്തത വന്നിട്ടില്ലെങ്കിലും സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ ബാറുടമകള്‍ ഡിവിഷന്‍ ബെഞ്ചിലോ സുപ്രീംകോടതിയിലോ അപ്പീല്‍പോകുമെന്ന് ഉറപ്പാണ്. അതിനാല്‍, ബാര്‍ കേസിലെ നിയമയുദ്ധം ഇനിയും ഏറെ നാള്‍ തുടരും.

രണ്ട് തലത്തില്‍ ഹൈക്കോടതി സര്‍ക്കാറിന് ആശ്വാസം നല്‍കുന്നുണ്ട്. മദ്യനയം ഭാഗികമായെങ്കിലും കോടതി അംഗീകരിച്ചതിലെ രാഷ്ട്രീയ വിജയമാണൊന്ന്. ബാറുകള്‍ പൂര്‍ണമായി അടക്കുന്നതിനെതിരെ ടൂറിസം മേഖലയില്‍ നിന്നുള്‍പ്പെടെ ഉയര്‍ന്ന വിമര്‍ശം ഒഴിവാക്കാനും വിധി സഹായിക്കും. ഫോര്‍സ്റ്റാര്‍ ഹോട്ടലുകള്‍ കൂടി അനുവദിക്കണമെന്ന് എക്‌സൈസ്, ടൂറിസം വകുപ്പുകള്‍ ആവശ്യപ്പെട്ടു വരികയാണ്. ത്രീ സ്റ്റാര്‍ ബാറുകള്‍ തന്നെ അടക്കുന്നതിനോട് ടൂറിസം വകുപ്പിന് എതിര്‍പ്പുണ്ട്. വിധിയില്‍ ആശ്വസിക്കുമ്പോഴും തുടര്‍ നീക്കങ്ങളില്‍ അവ്യക്തത നിഴലിക്കുകയാണ്. എല്ലാം കരുതലോടെയെന്നാണ് സര്‍ക്കാറിന്റെ പക്ഷം. ഫോര്‍ സ്റ്റാര്‍ അനുമതിക്കെതിരെ അപ്പീല്‍ പോകണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. നയം പൂര്‍ണമായി കോടതിയിലൂടെ സ്ഥാപിച്ചെടുക്കണമെന്നാണ് വി എം സുധീരന്റെ നിലപാട്.
വിധി പകര്‍പ്പ് ലഭിച്ച ശേഷം തുടര്‍ നടപടിയെന്നാണ് മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അറിയിച്ചത്. എ ജിയുടെ നിയമോപദേശം കൂടി തേടിയ ശേഷമാകും അടുത്ത നീക്കങ്ങള്‍. നോട്ടീസ് നല്‍കുന്ന പ്രക്രിയ നേരത്തെ പൂര്‍ത്തിയാക്കിയതിനാല്‍ ത്രീ സ്റ്റാര്‍ ബാറുകള്‍ പൂട്ടുന്നതിന് സര്‍ക്കാറിന് മുന്നില്‍ നിയമതടസമൊന്നുമില്ല. ഇന്നലത്തെ വിധിയനുസരിച്ച് നേരത്തെ പൂട്ടിയ 418ന് പുറമെ 251 ബാറുകളാണ് പൂട്ടേണ്ടി വരിക. ഫോര്‍സ്റ്റാറിന് ലഭിച്ച ഇളവ് ഉപയോഗിച്ച് നേരത്തെ പൂട്ടിയ 418ല്‍ ഒന്നിന് തുറക്കാന്‍ അനുമതി ലഭിക്കും. ഫോര്‍സ്റ്റാര്‍ നിലവാരമുള്ള 33 ഹോട്ടലുകളാണ് സംസ്ഥാനത്തുള്ളത്. ഹെറിറ്റേജ് ഹോട്ടലുകള്‍ എട്ടും. 21 ഹോട്ടലുകള്‍ക്ക് പഞ്ചനക്ഷത്ര പദവിയുള്ളതിനാല്‍ ഇവക്ക് മുന്നില്‍ തടസങ്ങളൊന്നുമില്ല.
ഹൈക്കോടതി വിധി എതിരായാല്‍ പൂട്ടുന്നതിന് സാവകാശം നല്‍കണമെന്ന് ബാറുടമകള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിരുന്നില്ല. സര്‍ക്കാറിന്റെ പൂട്ടല്‍ നോട്ടീസിന് നല്‍കിയ സ്റ്റേ കാലാവധി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി വരും വരെ ദീര്‍ഘിപ്പിക്കുകയാണ് കോടതി ചെയ്തത്. സിംഗിള്‍ ബെഞ്ചിന്റെ തീര്‍പ്പുണ്ടായ സാഹചര്യത്തില്‍ നിയമപരമായ തടസങ്ങള്‍ മുന്നിലില്ല. എങ്കിലും അപ്പീല്‍ പോകുമെന്നുറപ്പുള്ളതിനാല്‍ തിടുക്കം കാട്ടിയെന്ന വിമര്‍ശം ഒഴിവാക്കാന്‍ പെട്ടെന്നുള്ള തീരുമാനം വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
പാളിയാല്‍ പൊള്ളുമെന്നറിയാവുന്നതിനാല്‍ ബാര്‍ കേസില്‍ ഓരോ ഘട്ടത്തിലും കരുതലോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്. ബാര്‍ പൂട്ടാന്‍ നോട്ടീസ് നല്‍കിയപ്പോള്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെയെല്ലാം അണിനിരത്തിയാണ് ബാറുടമകള്‍ സുപ്രീംകോടതിയില്‍ സര്‍ക്കാറിനെ നേരിട്ടത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിനെ പോലും ബാറുടമകള്‍ രംഗത്തിറക്കുമെന്ന് കണ്ടതോടെ അദ്ദേഹത്തെ സര്‍ക്കാറിന് വേണ്ടി വാദിക്കാന്‍ നിയോഗിച്ചാണ് കളം മാറ്റിയത്. ഹൈക്കോടതിയിലെ കേസ് വാദിക്കാനും കപില്‍സിബലിനെ തന്നെ സര്‍ക്കാര്‍ രംഗത്തിറക്കി. മദ്യനയത്തെ ചൊല്ലിയുള്ള പാര്‍ട്ടി-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍, പ്രതിച്ഛായ യുദ്ധത്തിന് വഴിമാറിയപ്പോള്‍ ഒരു മുഴം മുമ്പെറിഞ്ഞ് സമ്പൂര്‍ണമദ്യനിരോധം പ്രഖ്യാപിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെയാണ് ഹൈക്കോടതി വിധിയുടെ ആദ്യ ഗുണഭോക്താവ്. കേരള ചരിത്രത്തില്‍ ഏറെ നിര്‍ണായകമായ ഒരു തീരുമാനത്തിലേക്ക് കാര്യങ്ങളെത്തിച്ചതിന്റെ മുഖ്യകാരണക്കാരന്‍ എന്ന നിലയില്‍ വി എം സുധീരനും ഈ വിധിയില്‍ ആശ്വസിക്കാം.

Latest