Connect with us

International

ഇസില്‍ വിരുദ്ധരുടെതെന്ന് കരുതപ്പെടുന്ന 150 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി

Published

|

Last Updated

ബാഗ്ദാദ് : ഇറാഖില്‍ 150 പേരുടെ കൂട്ടക്കുഴിമാടം കണ്ടെത്തി. ഇസില്‍ തീവ്രവാദികള്‍ക്കെതിരെ പോരാടിയ സുന്നി ഗോത്രവംശജരുടെതാണ് ഖബറുകളെന്നാണ് കരുതപ്പെടുന്നത്. ഇസില്‍ തീവ്രവാദികള്‍ അവരുടെ ഗ്രാമങ്ങളില്‍നിന്ന് പിടികൂടി റാമാദി നഗരത്തിലെത്തിച്ച ഇത്രയും പേരെ ബുധനാഴ്ച രാത്രിയോടെ കൊലപ്പെടുത്തി സംസ്‌കരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മറ്റൊരു സംഭവത്തില്‍ അന്‍ബാര്‍ പ്രവിശ്യയിലെ ഹിറ്റ് നഗരത്തിന് സമീപം ഇതേ ഗോത്രമായ അല്‍ബു നിമ്‌റില്‍പ്പെട്ട 70 പേരുടെ മൃതദേഹങ്ങള്‍ക്കൂടി കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഹിറ്റ് നഗരത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയവരില്‍ ഭൂരിഭാഗവും പോലീസുകാരോ സുന്നികള്‍ക്കെതിരെ പോരാടുന്ന സംഘത്തില്‍പ്പെട്ട സഹ്‌വ അംഗങ്ങളോ ആണ്. കൊല്ലപ്പെട്ടവര്‍ മുന്നൂറിലധികം വരുമെന്നും 18നും 55നും ഇടക്ക് പ്രായമുള്ള ഇവരെ ഇസില്‍ തീവ്രവാദികള്‍ ഈ ആഴ്ചയാണ് പിടിച്ചുകൊണ്ടുപോയതെന്നും അല്‍ബു നിമ്‌റില്‍നിന്നുള്ള ഗോത്ര മതപുരോഹിതന്‍ പറഞ്ഞു. ഇറാഖിലെ ശിയാ നോതൃത്വത്തിലുള്ള സര്‍ക്കാര്‍ സുന്നി ഗോത്ര നേതാക്കളെ ഇസിലിനെതിരായ സായുധ പോരാട്ടത്തില്‍ അണിനിരത്തുകയാണ്.