Connect with us

Wayanad

കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് രണ്ടുകടകളില്‍ മോഷണം

Published

|

Last Updated

കല്‍പ്പറ്റ: സിവില്‍ സ്‌റ്റേഷന്‍ പരിസരത്തെ രണ്ടു കടകളില്‍ മോഷണം. പ്ലാനറ്റ് ഫാഷന്‍ റെഡിമെയ്ഡ് ഷോപ്പിലും എം.എം.ജി ഫിറ്റ്‌നസ് വേള്‍ഡിലുമാണ് മോഷണം നടന്നത്. റെഡിമെയ്ഡ് ഷോപ്പില്‍ നിന്നും ഇരുപതിനായിരത്തോളം രൂപയുടെ വസ്ത്രങ്ങള്‍ നഷ്ടപ്പെട്ടു.
കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയിലുണ്ടായ മോഷണ പരമ്പരക്ക് ഏകദേശം സമാനമായ രീതിയിലാണ് കല്‍പ്പറ്റയിലും മോഷണം നടത്തിയത്. ഷട്ടറിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഷട്ടറിന് പിന്നിലെ ഗ്ലാസ് കല്ല് ഉപയോഗിച്ച് അടിച്ചു തകര്‍ക്കുകയായിരുന്നു.
മുന്‍ഭാഗത്ത് മോഷ്ടാക്കളുടേതെന്ന് കരുതുന്ന രക്തക്കറയും കണ്ടെത്തി. വസ്ത്രങ്ങള്‍ വലിച്ചിട്ട നിലയിലാണ്. പുലര്‍ച്ചെയോടെയാണ് മോഷണം നടന്നതെന്നാണ് നിഗമനം. തങ്ങള്‍ ധരിച്ചുവെന്ന വസ്ത്രങ്ങള്‍ വഴിയില്‍ ഉപേക്ഷിച്ച് ഷോപ്പില്‍ നിന്നും പുതു വസ്ത്രങ്ങള്‍ കൈക്കലാക്കിയാണ് മോഷ്ടക്കള്‍ കടന്നു കളഞ്ഞത്. ഫിറ്റ്‌നസ് വേള്‍ഡിന്റെയും പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ മേശ വലിപ്പ് വലിച്ച് പുറത്തിട്ടു. പേപ്പറുകള്‍ നലത്തിട്ട് കത്തിച്ചതായും കണ്ടെത്തി. ഇവിടെ നിന്നും കാര്യമായൊന്നും നഷ്ടപ്പെട്ടിട്ടില്ല. കല്‍പ്പറ്റ പോലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരിയില്‍ മോഷണ പരമ്പരയുണ്ടായതിന്റെ തൊട്ടടുത്ത ദിവസം തന്നെ കല്‍പ്പറ്റയിലും മോഷണം നടന്നത് പോലിസിന്റെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. രാത്രി കാല പട്രോളിംഗ് ശക്തമാക്കാത്തതാണ് നഗര മധ്യത്തില്‍ പോലും മോഷ്ടാക്കള്‍ വിലസുന്നതിന് കാരണമെന്നാണ് ആരോപണം.

Latest