Connect with us

Kerala

ഇ-മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കും

Published

|

Last Updated

e wasteതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതു-സ്വകാര്യ സ്ഥാപനങ്ങളിലുമുള്ള ഇ മാലിന്യങ്ങള്‍ അഞ്ച് രൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി ശേഖരിക്കുന്നു. ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ഈ മേഖലയില്‍ പ്രാവീണ്യമുള്ള കമ്പനിയുമായി ധാരണയിലെത്തിയതായി നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി അറിയിച്ചു. നവംബര്‍ നാല് മുതല്‍ പദ്ധതി നടപ്പാക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഇ മാലിന്യങ്ങള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇതനുസരിച്ച് ഓഫീസുകളിലും മറ്റ് ഉപയോഗ ശൂന്യമായിക്കിടക്കുന്ന ഇ മാലിന്യങ്ങള്‍ കമ്പനിക്ക് കൈമാറാം. സംസ്ഥാനത്തുനിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനായി ഹൈദരാബാദില്‍ റീസൈക്ലിംഗ് യൂനിറ്റുള്ള പാലക്കാട് എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കൈമാറും. ഇതിനായുളള ധാരണാപത്രത്തില്‍ ക്ലീന്‍ കേരള കമ്പനി എം ഡി കബീര്‍ ബി ഹാറൂണും എര്‍ത്ത് സെന്‍സ് റീസൈക്കിള്‍ ലിമിറ്റഡ് സി ഇ ഒ ജോണ്‍ റോബര്‍ട്ടും ഒപ്പുവെച്ചു.

കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പ്, ടി വി, ഫോട്ടോ കോപ്പിയര്‍, സ്‌കാനര്‍, റേഡിയോ, ടേപ്പ് റെക്കോര്‍ഡര്‍, വാഷിങ്ങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഗ്രെയ്ന്റര്‍, മിക്‌സി, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളെല്ലാം ഇ മാലിന്യത്തില്‍ ഉള്‍പ്പെടും. ഇവ കിലോഗ്രാമിന് അഞ്ചുരൂപ നിരക്കില്‍ ക്ലീന്‍ കേരള കമ്പനി വാങ്ങിക്കും. സി എഫ് എല്‍ ഉള്‍പ്പടെയുള്ള ബള്‍ബുകള്‍, മറ്റ് പ്രകാശിക്കുന്ന ഉത്പന്നങ്ങള്‍, സി ഡി തുടങ്ങിയവ ഇ മാലിന്യങ്ങള്‍ക്കൊപ്പം കൊണ്ടുവന്നാല്‍ ക്ലീന്‍ കേരള കമ്പനി സൗജന്യമായി ശേഖരിക്കും. സര്‍ക്കാര്‍ ഓഫീസുകളിലെയും മറ്റ് സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളിലെയും മാലിന്യങ്ങള്‍ അതാത് കേന്ദ്രങ്ങളില്‍ സൂക്ഷിച്ച് ക്ലീന്‍ കേരള കമ്പനിയെ അറിയിക്കാം.
നഗരസഭാ പരിധിയിലുള്ള മാലിന്യങ്ങള്‍ നഗരസഭകളിലെ ഒരു കേന്ദ്രത്തിലോ കോര്‍പറേഷനുകളില്‍ ആവശ്യമെങ്കില്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്രങ്ങളിലോ സൂക്ഷിക്കാവുന്നതാണ്. കുടുംബശ്രീ ഉള്‍പ്പടെയുള്ള ഘടകങ്ങളെ ശേഖരണത്തിനായി നഗരസഭകള്‍ക്ക് ഉപയോഗപ്പെടുത്താം. ഇവിടെ നിന്ന് ക്ലീന്‍ കേരള കമ്പനി ഇവ ശേഖരിക്കും. വീടുകളിലെ ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി മൂന്ന് മാസത്തില്‍ ഒരിക്കല്‍ ഓരോ തദ്ദേശ സ്ഥാപനത്തിലെയും വിവിധ കേന്ദ്രങ്ങളില്‍ കമ്പനിയുടെ വാഹനമെത്തും. മാലിന്യങ്ങള്‍ കൊണ്ട് വരുന്നവരില്‍ നിന്ന് തൂക്കത്തിനനുസരിച്ച് പണം നല്‍കി ഇവ ശേഖരിക്കും. എന്‍ജിനീയറിംഗ് കോളജ്, മറ്റ് വിദ്യാഭ്യാസ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആറ് മാസത്തിലൊരിക്കല്‍ ആവശ്യമെങ്കില്‍ വാഹനം എത്തിക്കാന്‍ സൗകര്യമൊരുക്കും. ഇതിനായി മൊബൈല്‍ ഇ മാലിന്യ ശേഖരണ വാഹനം സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണമായി ഇ മാലിന്യങ്ങള്‍ ശേഖരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം.
സര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ഇ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കിയത്. ഒക്‌ടോബര്‍ രണ്ടുമുതല്‍ സംസ്ഥാനത്തെ നഗരസഭകളില്‍നിന്ന് പ്ലാസ്റ്റിക് ശേഖരിച്ചുവരുകയാണ്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തുടര്‍ച്ചയായി ശേഖരിക്കുന്ന പദ്ധതിക്ക് പിന്നാലെയാണ് ഇ മാലിന്യങ്ങള്‍ ശേഖരിക്കാന്‍ കമ്പനി നടപടി സ്വീകരിച്ചിരിക്കുന്നത്.

 

Latest