Connect with us

Kerala

കാലിക്കറ്റ് വി സിയുടെ കാര്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞു

Published

|

Last Updated

നിലമ്പൂര്‍: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുല്‍ സലാമിനെ നിലമ്പൂരില്‍ എസ് എഫ് െഎ പ്രവര്‍ത്തകര്‍ തടഞ്ഞു. നിലമ്പൂര്‍ അമല്‍ കോളജ് യു ജി സിയുമായി ചേര്‍ന്ന് നടത്തുന്ന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി വി സി യെ തടഞ്ഞത്.
വി സി യെ തടയാനായി രാവിലെ ഒമ്പതു മുതല്‍ പ്രവര്‍ത്തകര്‍ നിലമ്പൂര്‍ ടൗണില്‍ തമ്പടിച്ചിരുന്നു. സെമിനാര്‍ നടക്കുന്ന പീവീസ് ആര്‍ക്കേടിനു മുന്നിലും സി എന്‍ ജി റോഡില്‍ ബൈപ്പാസ് ജംഗ്ഷനിലും എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചിരുന്നു.
രാവിലെ പത്ത് മണിക്ക് ശേഷം അമല്‍ കോളജ് രക്ഷാധികാരി പി വി അബ്ദുള്‍ വഹാബിന്റെ കാറ് എത്തിയതോടെ എസ് എഫ് ഐ റോഡിലേക്കിറങ്ങി വി സിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. വഹാബിന്റെ കാറിലായിരിക്കും വി സി എന്ന ധാരണയില്‍ ആദ്യം വഹാബിന്റെ കാര്‍ തടഞ്ഞെങ്കിലും പിന്നീട് പുറകിലുണ്ടായിരുന്ന കാറിലാണ് വി സി എന്ന് തിരിച്ചറിഞ്ഞതോടെ വഹാബിന്റെ കാര്‍ കടത്തിവിട്ട് വി സി യുടെ കാര്‍ തടയുകയായിരുന്നു.
എസ് എഫ് ഐ പ്രവര്‍ത്തകരും പോലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. രാവിലെ മുതല്‍ സ്ഥലത്ത് ക്യമ്പ് ചെയ്തിരുന്ന നിലമ്പൂര്‍ എസ് ഐ ബാബുരാജിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം വിദ്യാര്‍ഥികളെ തള്ളിമാറ്റി വി സി യുടെ കാര്‍ കടന്നുപോകാന്‍ വഴിയൊരുക്കി. സ്ഥലത്തുണ്ടായിരുന്ന സി പി എം നേതാക്കളെയും പോലീസ് തള്ളിമാറ്റി. തുടര്‍ന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ സ്ഥലത്ത് കുത്തിയിരുന്ന് വി സി ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ടൗണില്‍ പ്രകടനവും നടത്തി.

 

Latest