Connect with us

Gulf

റേഡിയോ ഏഷ്യ മുഴു ദിന പ്രക്ഷേപണത്തിലേക്ക്

Published

|

Last Updated

റാസല്‍ ഖൈമ: ഇരുപത്തിനാലാം വര്‍ഷത്തിലേക്ക് കടക്കുന്ന റേഡിയോ ഏഷ്യ 1269 എഎം മുഴുവന്‍ സമയ പ്രക്ഷേപണത്തിലേക്ക്. കേരളപ്പിറവിദിനം മുതലാണ് റേഡിയോ ഏഷ്യ പുതിയ രൂപത്തിലും ഭാവത്തിലുമെത്തുകയെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നവംബര്‍ ഒന്നു മുതല്‍ എല്ലാ മണിക്കൂറിലും വ്യത്യസ്തങ്ങളായ പരിപാടികളോടെ മുഴുദിന പ്രക്ഷേപണമെന്ന വെല്ലുവിളി പ്രവാസ ലോകത്ത് റേഡിയോ ഏഷ്യയാണ് ആദ്യമായി ഏറ്റെടുക്കുന്നത്. പുലര്‍ച്ചെ അഞ്ചു മുതല്‍ എല്ലാ മണിക്കൂറിലുമുള്ള വാര്‍ത്തകള്‍ ഇതിലെ പ്രധാന സവിശേഷത. ആയിരത്തൊന്നു രാവുകളെന്ന സാഹിത്യ സൃഷ്ടി പ്രതിദിന പരമ്പരയായി ഒന്നാം തീയതി മുതല്‍ പ്രക്ഷേപണം ചെയ്യും. നവംബര്‍ രണ്ടു മുതല്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ഇത് പ്രക്ഷേപണം ചെയ്യപ്പെടുക. വ്യത്യസ്തങ്ങളായ റിയാലിറ്റി ഷോകളും സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിടുന്ന പുതിയ പരിപാടികളുമാകും പ്രക്ഷേപണത്തില്‍ ഇടം പിടിക്കുക.
മിഡില്‍ ഈസ്റ്റിലെ ആദ്യ മലയാളം റേഡിയോ സംരംഭമാണ് റേഡിയോ ഏഷ്യ. കാലിക പ്രസക്തിയുള്ള വിഷയങ്ങളില്‍ പ്രവാസികളുടെ തത്സമയ പ്രതികരണം തേടുന്ന വിവാദപര്‍വം, പത്രവാര്‍ത്തകള്‍ വിശകലനം ചെയ്യുന്ന ഗുഡ്‌മോണിംഗ് ഗള്‍ഫ്, പ്രവാസി പ്രതിഭകളെ കണ്ടെത്തുന്നതിനായുള്ള സംഗീതവര്‍ഷം, ഇശല്‍ മെഹര്‍ജാന്‍ തുടങ്ങിയവ വന്‍ സ്വീകാര്യത നേടിയിട്ടുണ്ട്. ഇത് കൂടുതല്‍ ഊട്ടി ഉറപ്പിക്കുന്നതാകും മുഴുദിന പ്രക്ഷേപണമെന്ന് സി ഇ ഒ ബ്രിജ് ഭല്ല, സ്റ്റേഷന്‍ ഡയറക്ടര്‍ വെട്ടൂര്‍ ജി ശ്രീധരന്‍ എന്നിവര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest