സി പി എം പ്രവര്‍ത്തകനെ ബി ജെ പി അക്രമി സംഘം വെട്ടിക്കൊന്നു

Posted on: October 28, 2014 12:40 am | Last updated: October 29, 2014 at 9:46 am

murali murder-ksdകാസര്‍കോട്: സി പി എം- ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ബി ജെ പി- ആര്‍ എസ് എസ് ക്രിമിനല്‍സംഘം കുത്തിക്കൊന്നു. കുമ്പളയിലെ പി മുരളി (37)യാണ് തിങ്കളാഴ്ച വൈകിട്ട് നാലേമുക്കാലോടെ കൊല്ലപ്പെട്ടത്. സീതാംഗോളിക്കടുത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തിയായിരുന്നു അക്രമം. മാസങ്ങള്‍ക്കുമുമ്പ് കുമ്പളയില്‍ ആര്‍ എസ് എസുകാര്‍ മുരളിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചിരുന്നു. നീണ്ടനാളത്തെ ചികിത്സക്ക് ശേഷമാണ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നത്.
കുമ്പളയില്‍ മരക്കച്ചവടം നടത്തുന്ന മുരളി സുഹൃത്ത് മഞ്ജുനാഥിനൊപ്പം കച്ചവട ആവശ്യത്തിന് സീതാംഗോളിയില്‍ പോയി തിരിച്ചുവരുമ്പോള്‍ രണ്ട് ബൈക്കിലായെത്തിയ നാലംഗ സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പതിനഞ്ചോളം മാരകമായ കുത്ത് ശരീരത്തിലേറ്റിട്ടുണ്ട്. കൂടെയുണ്ടായിരുന്ന മഞ്ജുനാഥ് ഓടി മില്ലില്‍ കയറി ആളെക്കൂട്ടി തിരിച്ചുവരുമ്പോഴേക്കും സംഘം രക്ഷപ്പെട്ടിരുന്നു.
ബഹളം കേട്ടെത്തിയ നാട്ടുകാര്‍ മുരളിയെ കുമ്പള സഹകരണ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ബി ജെ പി ക്രിമിനല്‍ ശരത്തിന്റെ നേതൃത്വത്തിലാണ് കൊല നടത്തിയതെന്ന് അക്രമത്തില്‍നിന്ന് രക്ഷപ്പെട്ട മഞ്ജുനാഥ് പറഞ്ഞു. മറ്റ് മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. ശരത്തിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് അന്വേഷിക്കുന്നുണ്ടെന്ന് കുമ്പള സി ഐ. സുരേഷ്ബാബു പറഞ്ഞു.
കുമ്പളയിലെ രാമന്‍കുട്ടി നായരുടെയും ജാനകിയുടെയും മകനും ഡി വൈ എഫ് ഐ ശാന്തിപ്പള്ളം യൂനിറ്റ് അംഗവുമാണ് കൊല്ലപ്പെട്ട മുരളി. രഞ്ജിനിയാണ് ഭാര്യ. എട്ടുമാസം പ്രായമുള്ള മാളൂട്ടി മകളാണ്. സഹോദരങ്ങള്‍: ബാലന്‍, വേണു, വിശ്വനാഥന്‍, ഇന്ദിരാദേവി, ബിന്ദു.
പ്രസവത്തിനു ശേഷം സ്വന്തം വീട്ടില്‍നിന്ന് വന്ന ഭാര്യ രഞ്ജിനിയേയും കുട്ടിയേയും കൂട്ടി രണ്ട് ദിവസം മുമ്പാണ് മുരളി ബദിരനഗറില്‍ വാടക വീടെടുത്ത് താമസം തുടങ്ങിയത്.