Connect with us

Gulf

സംഘടനകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം:സിഡിഎ

Published

|

Last Updated

ദുബൈ: ഏത് രീതിയിലുള്ള സംഘടന ആയാലും ദുബൈയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാണെന്ന് സി ഡി എ(കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അതോറിറ്റി) റെഗുലേറ്ററി ആന്‍ഡ് ലൈസന്‍സിംഗ് ഏജന്‍സി സി ഇ ഒ ഡോ. ഉമര്‍ അബ്ദുല്‍അസീസ് അല്‍ മുസന്ന വ്യക്തമാക്കി. ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനകള്‍ക്കെല്ലാം ലൈസന്‍സ് നിര്‍ബന്ധമാക്കാനാണ് സി ഡി എ ശ്രമിക്കുന്നത്.
സാമൂഹിക-സാംസ്‌കാരിക-കലാ സംഘടനകളെല്ലാം സി ഡി എക്ക് കീഴില്‍ ലൈസന്‍സ് കരസ്ഥമാക്കണം. ദുബൈയില്‍ ആയിരത്തോളം സംഘടനകളും ക്ലബ്ബുകളും ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നതായാണ് അന്വേഷണത്തില്‍ നിന്നു വ്യക്തമാവുന്നത്. ഇവ പല രൂപത്തിലും ഭാവത്തിലുമാണ് പ്രവര്‍ത്തിക്കുന്നത്. ഇത് അനുവദിക്കാവുന്ന കാര്യമല്ല. ഇത്തരം സ്ഥാപനങ്ങളുമായി സി ഡി എ ബന്ധപ്പെടുകയും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. പല സംഘടനകളും ക്ലബ്ബുകളും തങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതായി സി ഡി എയെ അറിയിച്ചിട്ടുണ്ട്. ചിലര്‍ പ്രവര്‍ത്തനം സി ഡി എക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത് ഔദ്യോഗിക സ്വഭാവത്തിലേക്ക് മാറാനും തയ്യാറായിട്ടുണ്ട്.
സംഘടനകളും ക്ലബ്ബുകളും നിയമവിധേയമായി പ്രവര്‍ത്തിക്കണമെന്നത് സി ഡി എക്ക് നിര്‍ബന്ധമാണ്. ഏതെങ്കിലും സംഘടനയോ ക്ലബ്ബോ പ്രവര്‍ത്തിക്കാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ അവര്‍ മുന്‍കൂട്ടി സി ഡി എയെ സമീപിച്ച് ലൈസന്‍സ് കരസ്ഥമാക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കണം. കൂടുതല്‍ സംഘടനകള്‍ക്കും ക്ലബ്ബുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്നാണ് സി ഡി എ ആഗ്രഹിക്കുന്നത്. ഒരിക്കലും ലൈസന്‍സ് പരിമിതപ്പെടുത്തണമെന്ന ചിന്ത സി ഡി എക്കില്ല. പക്ഷേ ലൈസന്‍സ് എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സി ഡി എയുടെ നിബന്ധനകള്‍ പാലിച്ചിരിക്കണം. ഇതുവരെ 41 ക്ലബ്ബുകളാണ് സി ഡി എയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12 ക്ലബ്ബുകള്‍ക്ക് പ്രാഥമിക അംഗീകാരവും നല്‍കിയിട്ടുണ്ട്. നിയമപരമായി പ്രവര്‍ത്തിക്കാന്‍ ആദ്യം വേണ്ടത് ലൈസന്‍സാണ്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കാന്‍ ആരേയും അനുവദിക്കില്ല. സി ഡി എയുടെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്ത സംഘടനകളും ക്ലബ്ബുകളും ലൈസന്‍സുള്ളവയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കണമെന്നും ഡോ. ഉമര്‍ അബ്ദുല്‍ അസീസ് അഭ്യര്‍ഥിച്ചു.

---- facebook comment plugin here -----

Latest