Connect with us

Gulf

ഷിന്ദഗ ടണല്‍ അധികം വൈകാതെ പാലത്തിന് വഴി മാറുമെന്ന് ആര്‍ടിഎ

Published

|

Last Updated

ദുബൈ: നഗരത്തിന്റെ മുഖ്യ ആകര്‍ഷകങ്ങളില്‍ ഒന്നായ ഷിന്ദഗ ടണലിന് പകരം ഈ മേഖലയില്‍ ക്രീക്കിന് മുകളില്‍ മേല്‍പാലം പണിയാന്‍ ആര്‍ ടി എ തയ്യാറെടുക്കുന്നു. അധികം വൈകാതെ ദുബൈയിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ തുരങ്കം പഴങ്കഥയായേക്കുമെന്നാണ് വിലയിരുത്തല്‍. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ നിരവധി ട്രാക്കുകളുള്ള റോഡോടുകൂടിയ മേല്‍പാലമാണ് വിഭാവനം ചെയ്യുന്നത്.
നാലു പതിറ്റാണ്ടു മുമ്പാണ് ദുബൈയുടെ നഗരത്തിന്റെ വളര്‍ച്ചയില്‍ നാഴികകല്ലായി തുരങ്കം നിര്‍മിച്ചത്. അന്ന് ലോകത്തിലെ സാങ്കേതികമികവിന്റെ മുന്നേറ്റമായി ഇത് വിലയിരുത്തപ്പെട്ടിരുന്നു. അടുത്ത 20 വര്‍ഷത്തേക്ക് കൂടി തുരങ്കം പ്രശ്‌നങ്ങളില്ലാതെ ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും ഈ മേഖലില്‍ അനുഭവപ്പെടുന്ന കനത്ത ഗതാഗതക്കുരുക്കും തുരങ്കം മാറ്റി മേല്‍പ്പാലം നിര്‍മിക്കാന്‍ ആര്‍ ടി എ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഉള്‍പ്പെടും.
മേല്‍പാലങ്ങള്‍ ഉള്‍പ്പെടെ അഞ്ചു മാര്‍ഗങ്ങളാണ് ക്രീക്കിന്റെ ഇരു കരകളെയും ബന്ധിപ്പിച്ചുകൊണ്ട് നഗരത്തിലുള്ളത്. പതിവായി അറ്റകുറ്റ പണികള്‍ നടത്തുന്നുണ്ടെങ്കിലും ഇതിനുള്ള ചെലവ് കൂടുതലാണെന്നതും പുതിയ മാര്‍ഗം ആലോചിക്കാന്‍ പ്രേരണയായിട്ടുണ്ടെന്ന് ആര്‍ ടി എയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ദുബൈയുടെ ഏറ്റവും പഴക്കമുള്ള രണ്ട് ബിസിനസ് ഡിസ്ട്രിക്ടുകളെ ബന്ധിപ്പിക്കുന്ന തുരങ്കമെന്നതും ഇതിന്റെ ചരിത്ര പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ദുബൈയില്‍ എത്തി മടങ്ങുന്ന സന്ദര്‍ശകര്‍ക്കെല്ലാം നഗരത്തിന്റെ വിശേഷമായി പറയാന്‍ ഉണ്ടായിരുന്നത് ഒരു കാലം വരെ ഈ തുരങ്കത്തിന്റെ കഥയായിരുന്നു.
തുരങ്കത്തില്‍ രണ്ടു ട്രാക്കുകള്‍ മാത്രമാണ് ഇരു ദിശയിലേക്കും ദേര ദുബൈയെയും ബര്‍ദുബൈയെയും ബന്ധിപ്പിക്കാന്‍ ഉള്ളതെന്നതും ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന പ്രധാന കാര്യമാണ്. നിരവധി ട്രാക്കുകളോടെ ക്രീക്കിന് മുകളില്‍ പാലം വരുന്നതോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാവുമെന്നാണ് ആര്‍ ടി എ യുടെ നേതൃത്വം കണക്കുകൂട്ടുന്നത്. ഇവിടെ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിന് പരിഹാരമായി വിവിധ മാര്‍ഗങ്ങള്‍ ആലോചിച്ചിരുന്നുവെന്നും ആര്‍ ടി എ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഒന്നില്‍ കൂടുതല്‍ തുരങ്കം നിര്‍മിക്കുന്നതും ഇതില്‍ ഉള്‍പ്പെടുത്തിയുരുന്നു. എന്നാല്‍ മേല്‍പാലം നിര്‍മിക്കുന്നതിന്റെ ഇരട്ടി തുക ഇതിനായി വേണ്ടിവരുമെന്ന തിരിച്ചറിവാണ് മേല്‍പാലത്തിലേക്ക് തിരിയാന്‍ പ്രേരണ.
ആര്‍ ടി എയുടെ എഞ്ചിനിയര്‍മാര്‍ ഇതുമായി ബന്ധപ്പെട്ട രൂപകല്‍പനയിലേക്ക് കടന്നിരിക്കയാണ്. ഇത് പൂര്‍ത്തിയാവുന്നതോടെയാവും ഏത് രീതിയില്‍ എത്ര ട്രാക്കോട് കൂടിയ പാലമാണ് നിര്‍മിക്കുകയെന്ന് വ്യക്തമാവുക. രൂപകല്‍പനാ ഘട്ടം പിന്നിട്ടാല്‍ അധികം വൈകാതെ നിര്‍മാണം ആരംഭിക്കും. അടുത്ത വര്‍ഷത്തോടെ പദ്ധതിക്ക് അന്തിമ രൂപമാവും. സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് മാതൃകയും ആലോചനയിലുണ്ട്. എല്ലാറ്റിനും അടുത്ത വര്‍ഷമേ വ്യക്തത വരൂവെന്നും ഉദ്യോഗസ്ഥന്‍ സൂചന നല്‍കി.
അടുത്ത വര്‍ഷം പദ്ധതി പ്രഖ്യാപിക്കുമെന്നും അധികം വൈകാതെ ടെണ്ടറും നല്‍കും. മൂന്നോ നാലോ വര്‍ഷത്തിനകമാവും നിര്‍മാണം പൂര്‍ത്തീകരിക്കുക. ഓരോ ദിശയിലും നാലു മുതല്‍ ആറു വരെ ട്രാക്കാണ് പരിഗണിക്കുന്നത്. നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ക്രീക്കുമായി ബന്ധപ്പെട്ട് കടന്നു പോകുന്ന മേഖലകളില്‍ ഒന്നാണ് ഷിന്ദഗ. ഏകദേശം 1.1 ലക്ഷം വാഹനങ്ങള്‍ ദിനേന ഇതുവഴി കടന്നുപോകുന്നതായാണ് കണക്കാക്കുന്നത്.

Latest