Connect with us

Kerala

നദീ സംയോജനം: സമ്മര്‍ദം കൂട്ടി തമിഴ്‌നാട്

Published

|

Last Updated

തിരുവനന്തപുരം: പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീസംയോജന പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്. കേരളത്തിന്റെ അനുമതിയില്ലാതെ പദ്ധതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ആശ്വസിക്കുമ്പോഴും കേന്ദ്രത്തിലെ മാറിയ രാഷ്ട്രീയ സാഹചര്യം അവസരമാക്കി പദ്ധതി നടപ്പാക്കിയെടുക്കാനാണ് തമിഴ്‌നാട് നീക്കം. നദീസംയോജന പദ്ധതികള്‍ നടപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ ആദ്യ യോഗത്തില്‍ തന്നെ തമിഴ്‌നാട് ശക്തമായ സമ്മര്‍ദവുമായി രംഗത്ത് വന്നിരുന്നു. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച ഉന്നതതല സമിതിയിലാകട്ടെ, കേരളത്തിന് പ്രാതിനിധ്യവുമില്ല.
നദീസംയോജന പദ്ധതികള്‍ നടപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ഇനി കേരളത്തിന്റെ അനുമതിക്ക് പ്രസക്തിയില്ലെന്ന വാദമാണ് തമിഴ്‌നാട് ഉന്നയിക്കുന്നത്. നദീസംയോജനം നയപരമായി അംഗീകരിക്കുന്ന എന്‍ ഡി എ അധികാരത്തിലെത്തിയത് തമിഴ്‌നാടിന് പ്രതീക്ഷ നല്‍കുന്നുമുണ്ട്. മുന്‍ എന്‍ ഡി എ സര്‍ക്കാറിന്റെ കാലത്ത് രൂപെമടുത്ത പദ്ധതിയാണിത്.
സുപ്രീം കോടതി അന്തിമ തീര്‍പ്പ് കല്‍പ്പിച്ചതിനാല്‍ പദ്ധതി നടപ്പാക്കുന്നതിന് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടേണ്ടതില്ലെന്നാണ് തമിഴ്‌നാട് വാദം. ഗംഗാ നദി ശുചീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അതേപ്രാധാന്യം പമ്പാ- അച്ചന്‍കോവില്‍- വൈപ്പാര്‍ സംയോജനത്തിന് നല്‍കണമെന്നാണ് ഡല്‍ഹിയില്‍ ചേര്‍ന്ന നദീസംയോജന ഉന്നതതല സമിതി യോഗത്തില്‍ തമിഴ്‌നാട് ആവശ്യപ്പെട്ടത്. എന്നാല്‍, സംസ്ഥാനത്തിന്റെ നിലപാട് അവതരിപ്പിക്കാന്‍ ഈ സമിതിയില്‍ കേരളത്തില്‍ നിന്ന് ആരുമില്ല. ജലവിഭവ മന്ത്രി ഉമാഭാരതി അധ്യക്ഷയായ സമിതിയില്‍ തമിഴ്‌നാട് അടക്കം 11 സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യമുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ അലംഭാവമാണിതിന് കാരണമായതെന്ന ആക്ഷേപവുമുണ്ട്.
നദീസംയോജന കേസ് സുപ്രീം കോടതിയില്‍ വന്നപ്പോള്‍ തന്നെ കേരളം മതിയായ ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്നാണ് പദ്ധതിക്ക് അനുകൂലമായി കോടതി വിധി വന്നത്. ഇന്ത്യയിലെ 31 നദികളെ ബന്ധിപ്പിക്കുകയെന്ന ലക്ഷ്യംവച്ച് “നദീ ബന്ധന്‍” പദ്ധതി കഴിഞ്ഞ എന്‍ ഡി എ സര്‍ക്കാറാണ് പ്രഖ്യാപിച്ചത്.
രണ്ട് മേഖലയായി തിരിച്ച് ഹിമാലയന്‍ സോണില്‍ ഗംഗയും ബ്രഹ്മപുത്രയും മഹാനദിയും ചേര്‍ത്ത് 14 നദികളും താഴ്‌വര മേഖലയില്‍ കാവേരി, പമ്പ, അച്ചന്‍കോവില്‍ ഉള്‍പ്പെടെ 17ഉം ചേര്‍ത്ത് ആകെ 31 നദികള്‍ സംയോജിപ്പിക്കുന്നതാണ് പദ്ധതി. ഇതില്‍ പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദികള്‍ സംയോജിപ്പിച്ച് തമിഴ്‌നാട്ടിലെ വരള്‍ച്ച ഇല്ലാതാക്കുകയാണ് ലക്ഷ്യം. മുല്ലപ്പെരിയാറിലെ ജലംകൊണ്ട് തേനിയില്‍ ലോവര്‍ ക്യാമ്പില്‍ വെള്ളം തടഞ്ഞ് വൈദ്യുതി ഉത്പ്പാദിപ്പിച്ചതിന് സമാനമായി പമ്പ,അച്ചന്‍കോവില്‍ നദികളിലെ ജലം ഉപയോഗപ്പെടുത്തുന്നതിന് തമിഴ്‌നാട് മേക്കരയില്‍ അണക്കെട്ടും നിര്‍മിച്ചിട്ടുണ്ട്. പമ്പയിലും അച്ചന്‍കോവിലുമായി 3127 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം മിച്ചമുണ്ടെന്നാണ് തമിഴ്‌നാടിന്റെയും കേന്ദ്ര ജലവികസന ഏജന്‍സിയുടെയും നിലപാട്. ഇതില്‍ 634 ക്യുബിക് മീറ്റര്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് തിരിച്ചുവിടുകയെന്നതാണ് പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്.
അതേസമയം, സി ഡബ്ല്യു ആര്‍ ഡി എം നടത്തിയ പഠനത്തില്‍ പമ്പ, അച്ചന്‍കോവില്‍, മൂവാറ്റുപുഴ, മീനച്ചില്‍, മണിമല ആറുകളില്‍ അധികജലമില്ലെന്ന് കണ്ടെത്തിയിരുന്നു. 2050ആകുമ്പോള്‍ രൂക്ഷമായ ജലക്ഷാമം നേരിടുമെന്നും പമ്പയും അച്ചന്‍കോവിലും വറ്റിവരളുമെന്നും മധ്യതിരുവിതാംകൂറിലെ പരിസ്ഥിതി സന്തുലിതാവസ്ഥ തകരുമെന്നുമാണ് പഠനത്തില്‍ കണ്ടെത്തിയത്. ഡല്‍ഹി ഐ ഐ ടി നടത്തിയ വേമ്പനാട് നീര്‍ത്തട ജല സന്തുലന പഠനത്തില്‍ ഈ പദ്ധതി വന്നാല്‍ 2004 ഹെക്ടര്‍ നിബിഢവനം വെള്ളത്തിനടിയിലാകുമെന്നും പത്തനംതിട്ട, ആലപ്പുഴ മേഖലകളില്‍ പാരിസ്ഥിതിക പ്രത്യാഘാതം രൂക്ഷമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.
വരള്‍ച്ച രൂക്ഷമാകുകയും വനം വെള്ളത്തിലാകുന്നതിനും പുറമെ നിരവധി മേഖലകളിലെ ജനവാസ കേന്ദ്രങ്ങളും നാശോന്മുഖമാകും. നിരവധി വൈദ്യുതി പദ്ധതികളും ഇല്ലാതാകുകയും ചെയ്യും. പദ്ധതിയുമായി മുന്നോട്ടുപോകാന്‍ തമിഴ്‌നാട് കിണഞ്ഞ് ശ്രമിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

Latest