Connect with us

Kerala

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോക്ക് സര്‍ക്കാര്‍ അംഗീകാരം

Published

|

Last Updated

LIGHT METRO...TVMതിരുവനന്തപുരം: തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുന്നതിനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി പി ആര്‍) അംഗീകരിച്ചു. മോണൊറെയില്‍ പദ്ധതി ഉപേക്ഷിച്ച സാഹചര്യത്തില്‍ കേരളാ മോണോ റെയില്‍ കോര്‍പ്പറേഷന്റെ പേര് കേരളാ റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പ്പറേഷന്‍ (കെ ആര്‍ ടി) എന്നാക്കാനും ഇന്നലെ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.

മന്ത്രിസഭായോഗത്തിന്റെ അംഗീകാരം ലഭിച്ചാലുടന്‍ നാല് മാസത്തിനകം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വന്‍സാമ്പത്തിക ബാധ്യത വരുമെന്ന് കണ്ടതോടെയാണ് മോണോറെയിലിന് പകരം രണ്ട് നഗരത്തിലും ലൈറ്റ് മെട്രോ നടപ്പാക്കാന്‍ തീരുമാനിച്ചത്.
2021ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പദ്ധതിക്ക് ആകെ 6728 കോടി ചെലവാകും. തിരുവനന്തപുരത്ത് 3453 കോടിയും കോഴിക്കോട് 2057 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാതയുടെ അലൈന്‍മെന്റും സ്റ്റേഷനുകളെല്ലാം മോണോറെയിലിനായി നിശ്ചയിച്ചത് തന്നെയായിരിക്കും.
പദ്ധതിക്ക് നിലവില്‍ ചെലവാക്കുന്നത് 5510 കോടിയാണെന്ന് കണക്കാക്കിയിട്ടുണ്ടെങ്കിലും പൂര്‍ത്തിയാകുമ്പോള്‍ 1212 കോടി അധികം വേണ്ടി വരും. തിരുവനന്തപുരത്ത് കിലോമീറ്ററിന് 158 കോടിയും കോഴിക്കോട് 154 കോടിയും ചെലവ് പ്രതീക്ഷിക്കുന്നു. കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ 20 ശതമാനം വീതം തുക അനുവദിക്കണമെന്നാണ് ഡി പി ആറിലുള്ളത്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയും സംസ്ഥാനസര്‍ക്കാര്‍ നല്‍കണം. 50 ശതമാനം വിദേശ ധനകാര്യ ഏജന്‍സികളില്‍ നിന്ന് വായ്പയായി ലഭ്യമാക്കും.
തിരുവനന്തപുരത്ത് 22.5 കിലോമീറ്ററും, കോഴിക്കോട് 14.2 കിലോമീറ്ററുമാണ് ലൈറ്റ് മെട്രോയുടെ ആദ്യഘട്ട പദ്ധതിയുടെ ദൂരം. മോണോറെയിലിനെ അപേക്ഷിച്ച് ഏറ്റെടുക്കുന്ന സ്ഥലം കുറയും. തിരുവനന്തപുരത്ത് 8.9 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും 3.04 ഹെക്ടര്‍ സ്വകാര്യ ഭൂമിയും കോഴിക്കോട് 8.5 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയും 1.58 ഹെക്ടര്‍ സ്വകാര്യഭൂമിയും ഏറ്റെടുക്കേണ്ടി വരും. നിലവില്‍ മൂന്ന് കമ്പനികള്‍ ലൈറ്റ് മെട്രോ നടപ്പാക്കാന്‍ രംഗത്തു വന്നിട്ടുണ്ട്. ആംസ്‌ട്രോ, റോട്ടം, സ്പാനിഷ് കമ്പനിയായ കാഫ് എന്നിവയാണ്. കൂടാതെ ബൊംബാര്‍ഡിയറും ഹിറ്റാച്ചിയും പദ്ധതി ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ കമ്പനികളുമായി കെ ആര്‍ ടി ഉടന്‍ ചര്‍ച്ച നടത്തും.
ലോകത്ത് മോണോറെയില്‍ നിര്‍മിക്കുന്ന രണ്ടു കമ്പനികളാണ് നിലവിലുള്ളത്. ബൊംബാര്‍ഡിയറും ഹിറ്റാച്ചിയുമാണിത്. മോണോറെയില്‍ പദ്ധതികള്‍ രാജ്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരളത്തിന് അനുയോജ്യം ലൈറ്റ്‌മെട്രോയാണെന്ന് യോഗത്തില്‍ പങ്കെടുത്ത ഡി എം ആര്‍ സി മുഖ്യഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറഞ്ഞു. മോണോറെയിലിന് കിലോമീറ്ററിന് 214 കോടിയാണ് ചെലവ്.
കൂടാതെ വളവുകള്‍ പ്രശ്‌നവുമാണ്. ലൈറ്റ്‌മെട്രോ 60 ശതമാനം വളവുകളില്‍ കൃത്യതയോടെ പോകും. മെട്രോ രാജ്യത്ത് തന്നെ പത്ത് നഗരങ്ങളില്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. എല്ലാ കമ്പനികളും മെട്രോ നടപ്പാക്കിയിട്ടുമുണ്ട്.
അതിനാല്‍ ഇതിന്റെ സാങ്കേതികത എവിടെയും ഉപയോഗിക്കാന്‍ കഴിയുമെന്നും ശ്രീധരന്‍ പറഞ്ഞു. കൊച്ചിമെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്.
എന്നാല്‍, ധനവകുപ്പിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമായതിനാല്‍ ചെറിയ പ്രശ്‌നങ്ങളുണ്ടെന്ന് മരാമത്ത് മന്ത്രി പറഞ്ഞു. കൊച്ചിമെട്രോ നേരിടുന്ന പ്രധാന പ്രശ്‌നം സ്ഥലം ഏറ്റെടുക്കാന്‍ കഴിയാത്തതാണ്.
ഡി എം ആര്‍ സി പ്രഖ്യാപിച്ച സമയത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കാന്‍ സാധിക്കുമോയെന്നത് ഇനിയുള്ള നിര്‍മാണ പുരോഗതി പോലിരിക്കുമെന്നും ശ്രീധരന്‍ പറഞ്ഞു.

Latest