കള്ളപ്പണക്കാരോട് അക്കൗണ്ട് ക്ലോസ് ചെയ്യണമെന്ന് സ്വിസ് ബാങ്കുകള്‍

Posted on: October 23, 2014 1:03 pm | Last updated: October 23, 2014 at 1:03 pm

swissbank111111മുംബൈ: സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരോട് അക്കൗണ്ട് അവസാനിപ്പിക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 31നകം പണം പിന്‍വലിച്ച് അക്കൗണ്ട് ക്ലോസ് ചെയ്യണമെന്നാവശ്യപ്പെട്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ ഫോണില്‍ ബന്ധപ്പെട്ടതായാണ് സൂചന. മുംബൈയിലും ഡല്‍ഹിയിലുമുള്ള ഇടപാടുകാര്‍ക്ക് ഇത്തരത്തില്‍ ഫോണ്‍കോളുകള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇക്കോണമിക്‌സ് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

വിദേശബാങ്കുകളില്‍ അനധികൃത നിക്ഷേപമുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന് പിന്നാലെയാണ് ബാങ്കുകളുടെ നടപടി. ഇന്ത്യക്ക് പേരുവിവരങ്ങള്‍ കൈമാറുന്നതിന് മുന്നോടിയായി പരമാവധി അക്കൗണ്ടുകള്‍ അവസാനിപ്പിച്ച് ഉപഭോക്താക്കളെ രക്ഷിക്കാനാണ് ബാങ്കുകളുടെ നീക്കം. ക്രഡിറ്റ് സൂസി, ജൂലിയസ് ബെയര്‍, യുബിഎസ് തുടങ്ങിയ ബാങ്കുകളില്‍നിന്നാണ് ഇന്ത്യന്‍ നിക്ഷേപകരെ ബന്ധപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ബാങ്ക് പ്രതിനിധികള്‍ തയ്യാറായിട്ടില്ല.