Connect with us

Malappuram

തോല്‍ക്കുന്നില്ല, ഈ ആവേശം

Published

|

Last Updated

മലപ്പുറം: ഹിയ്യാ…. ഹുവ്വാ…..എം എസ് പി…., ഹിയ്യാ…. ഹുവ്വാ… എം എസ് പി മലപ്പുറത്തെ കുട്ടികള്‍ ഇന്നലെ ആര്‍പ്പുവിളിക്കുകയായിരുന്നു. കളി ഡല്‍ഹിയിലായിരുന്നെങ്കിലും ആവേശമത്രയും മലപ്പുറത്തായിരുന്നു. എം എസ് പിയിലെ ചുണക്കുട്ടികള്‍ സുബത്രോ കപ്പിനായി പോരടിക്കുമ്പോള്‍ സഹപാഠികളും അധ്യാപകരും ആര്‍പ്പു വിളികളുമായുണ്ടായിരുന്നു. ലോക ഫുട്‌ബോളിന്റെ തറവാടായ ബ്രസീല്‍ ടീമിനെ സഡന്‍ ഡത്ത് വരെ പിടിച്ച് കെട്ടിയതില്‍ ആശ്വസിക്കുകയാണ് മലപ്പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍. കരുത്തുകൊണ്ടും ശൈലികൊണ്ടും എം എസ് പിയുടെ ബഹുദൂരം മുന്നിലുള്ള ബ്രസീല്‍ പിള്ളേര്‍ കളികളത്തില്‍ പോരാട്ട വീര്യം പുറത്തെടുത്തപ്പോള്‍ തോറ്റുകൊടുക്കാന്‍ മനസ്സിലാതെ മലപ്പുറത്തെ ചുണ കുട്ടികളും പോരാട്ട വീര്യം തെളിയിച്ചു.
ലോകകപ്പ് ഫുട്‌ബോള്‍ പ്രതീതിയില്‍ ജില്ലയിലെങ്ങും കളി നേരില്‍ കാണാന്‍ ബിഗ് സ്‌ക്രീനുകള്‍ ഒരുക്കിയിരുന്നു. എം എസ് പി സ്‌കൂള്‍ ഹാളില്‍ കളി കാണാന്‍ ഒരുക്കിയ ബിഗ് സ്‌ക്രീനിന് മുന്നില്‍ നൂറ് കണക്കിന് പേരാണ് കളി കാണാന്‍ എത്തിയത്. നാലിന് സ്‌കൂള്‍ വിട്ടെങ്കിലും അഞ്ച് മണിക്ക് തുടങ്ങിയ കളി കാണാന്‍ വീട്ടിലേക്ക് പോകാതെ വിദ്യാര്‍ഥികളും അധ്യാപകരും സ്‌ക്രീനിന് മുന്നിലെത്തയതോടെ കളി മലപ്പുറത്ത് നടക്കുന്ന പ്രതീതിയായി.
ബ്രസീല്‍ വലയില്‍ എം എസ് പിയുടെ ആദ്യ ഗോള്‍ കുലുങ്ങിയതോടെ വിദ്യാര്‍ഥികളും അധ്യാപകരും ആവേശ തിമിര്‍പ്പിലായി. പിന്നീട് കരഘോഷങ്ങളായിരുന്നു. രണ്ടാം ഗോളും പിറന്നതോടെ കളി ജയിക്കുമെന്ന് ഉറപ്പിച്ച നിമിഷങ്ങളായിരുന്നു കാണികളുടെ മുഖത്ത്. എന്നാല്‍ നിറഞ്ഞ് കളിച്ച ബ്രസീല്‍ കുട്ടികള്‍ എം എസ് പിയുടെ വലയില്‍ ഗോളെത്തിക്കാന്‍ ആവത് ശ്രമിച്ചതെങ്കിലും നിരവധി സേവുകളിലൂടെ ടീമിനെ മുന്നില്‍ നയിച്ച ഗോളി സുജിത്തിനായിരുന്നു കാണികളുടെ ഫുള്‍മാര്‍ക്ക്. സമനിലയായതോടെ ആവേശം ചോര്‍ന്ന കാണികള്‍ക്ക് കളി അധിക സമയവും കഴിഞ്ഞതോടെ ആശ്വാസമായി. പിന്നീട് ഗോളി സുജിത്തിലായിരുന്നു എല്ലാവരുടെയും പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷിച്ചതിലും തിളങ്ങി നിന്ന സുജിത്തിനെയും എം എസ് പിയെയും ഭാഗ്യം തുണച്ചില്ല. കാണികളില്‍ മുന്‍ കേരള പോലീസ് താരവും അസിസ്റ്റന്റ് കമാന്‍ഡന്റുമായ കുരികേശ് മാത്യു, കമാന്‍ഡന്റ് രാഹുല്‍ പി നായര്‍ 2012 സുബ്രതോ ഫൈനല്‍ കളിച്ച സുഫീദലി, അര്‍ജുന്‍, സല്‍മാന്‍, ഷാനിദ്, സഫീര്‍, ഷഹല്‍ എന്നിവരുമുണ്ടായിരുന്നു.
ചാനലുകളെല്ലാം ഒ ബി വാനുമായെത്തി മലപ്പുറത്തിന്റെ ആഹ്ലാദം ലോകത്തിന് മുന്നിലെത്തിച്ചു. തൊണ്ണൂറു മിനിറ്റും മുന്നിട്ടുനിന്ന ടീം ഇഞ്ച്വറി സമയത്താണ് സമനിലഗോള്‍ വഴങ്ങിയത്. അതു വരെ ടീമിനു വേണ്ടി ആര്‍ത്തലച്ചവര്‍ നിരാശരായി. എങ്കിലും സ്വന്തം കുട്ടികളില്‍ വിശ്വാസമര്‍പ്പിച്ച് ടൈബ്രേക്കറില്‍ നാല്് ഗോളുകള്‍ അടിച്ചതോടെ വീണ്ടും പ്രതീക്ഷയേകി. എന്നാല്‍ അവസാന കിക്ക് ബ്രസീല്‍ ഗോള്‍കീപ്പര്‍ തടുത്തിട്ടപ്പോള്‍ സൂചി വീണാല്‍ പോലും കേള്‍ക്കുന്ന മ്ലാനതയിലായി മലപ്പുറം കമ്മ്യൂണിറ്റി ഹാള്‍.
മത്സരം തോറ്റെങ്കിലും ഇനി മലപ്പുറത്തെ കുട്ടിക്കളിക്കാര്‍ സാക്ഷാല്‍ പെലെയുടേയും റൊണാള്‍ഡോയുടേയും നെയ്മറിന്റേയും സീക്കോയുടേയും നാട്ടുകാരെ ഞെട്ടിച്ചാണ് കളം വിട്ടത്. ഏതായാലും ഭാവിയില്‍ ബ്രസീലിന് വെല്ലുവിളി ഉയര്‍ത്താന്‍ പോന്നവരെ ഇന്ത്യന്‍ നിരയിലേക്ക് സംഭാവന ചെയ്യാന്‍ മലപ്പുറത്തിന് സാധിക്കുമെന്ന സൂചന നല്‍കിയാണ് എം എസ് പി താരങ്ങള്‍ കളിക്കളം വിട്ടത്.

---- facebook comment plugin here -----

Latest