Connect with us

National

നിയമസഭാ തിരഞ്ഞെടുപ്പ്: തിര. കമ്മീഷന്‍ സംഘം കാശ്മീരില്‍

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ച അന്തിമ തീരുമാനം ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം കൈക്കൊള്ളുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി എസ് സമ്പത്ത്. തിരഞ്ഞെടുപ്പ് നടത്തുന്നതിനെ സംബന്ധിച്ച് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡല്‍ഹിയിലെത്തി ബന്ധപ്പെട്ടവരുമായി കൂടുതല്‍ ചര്‍ച്ച നടത്തിയതിന് ശേഷം തിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നതിനെ സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് സമ്പത്ത് പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ഒരു തരത്തിലും വെള്ളപ്പൊക്കത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് പൊതുജനങ്ങള്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി. ഒരു മാസം മുമ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായ കാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിന്റെ സാധ്യത വിലയിരുത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം സംസ്ഥാനത്തെത്തിയത്. സമ്പത്തിന് പുറമെ കമ്മീഷണര്‍മാരായ എച്ച് എസ് ബ്രഹ്മ, നസീം സെയ്ദി എന്നിവരും സംഘത്തിലുണ്ട്.
തിരഞ്ഞെടുപ്പ് മാറ്റിവെക്കില്ലെന്നും സാധാരണ സമയക്രമം അനുസരിച്ച് ഡിസംബറില്‍ നടക്കുമെന്നും കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. വെള്ളപ്പൊക്കത്തില്‍ എല്ലാം നഷ്ടപ്പെട്ട് വീടും മറ്റും സാവധാനം പുനഃനിര്‍മിക്കുന്നതില്‍ ജനങ്ങള്‍ ഏര്‍പ്പെട്ട പശ്ചാത്തലത്തില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ പൂജ്യം ശതമാനമായിരിക്കും പോളിംഗെന്ന് മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല ഇതിനോട് പ്രതികരിച്ചിരുന്നു. ഡല്‍ഹിയില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അടുത്ത ജനുവരി 19 വരെയാണ് ഉമര്‍ അബ്ദുല്ല സര്‍ക്കാറിന്റെ കാലാവധി. തിരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ ഗവര്‍ണര്‍ ഭരണത്തിന് ഇടയാക്കും. കഴിഞ്ഞ മാസം എട്ട് മുതലുണ്ടായ അതിശക്തമായ വെള്ളപ്പൊക്കം ജമ്മു കാശ്മീരിനെ പൂര്‍ണമായും തകര്‍ത്തിരുന്നു. ലക്ഷക്കണക്കിന് പേര്‍ക്ക് കിടപ്പാടം അടക്കമുള്ള സകലതും നഷ്ടപ്പെട്ടു. ദിവസങ്ങള്‍ക്ക് ശേഷമാണ് വെള്ളപ്പൊക്കത്തില്‍ നിന്ന് സംസ്ഥാനം രക്ഷപ്രാപിച്ചത്.

Latest