Connect with us

Gulf

താന്‍ എപ്പോഴും പൂത്തുകൊണ്ടിരിക്കുന്ന കവിയല്ല; മധുസൂദനന്‍ നായര്‍

Published

|

Last Updated

ദുബൈ: താന്‍ എപ്പോഴും പൂത്തുകൊണ്ടിരിക്കുന്ന കവിയല്ലെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ വി മധുസൂദനന്‍ നായര്‍. എന്റെ ഋതുവില്‍ മാത്രമാണ് പൂക്കാറ്. അതുകൊണ്ടാണ് വര്‍ഷത്തില്‍ രണ്ടോ മൂന്നോ കവിതകള്‍ മാത്രം എഴുതുന്നത്. ഇന്ന് നല്ല മൂല്യമുള്ള കച്ചവട വസ്തുവായി പാട്ട് മാറിയിരിക്കയാണ്. പാട്ട് എന്നത് ഇന്ന് ഒരു മേളമായി മാറിയിരിക്കുന്നു. പാട്ടിന്റെ വേദികള്‍ കൊച്ചുകുട്ടികളെ വരെ കച്ചവടത്തില്‍ എത്തിച്ചിരിക്കയാണ്. വിദ്യാഭ്യാസമെന്നത് മികച്ച കച്ചവട ചരക്കായി മാറിയ കാലത്ത് ഇതൊന്നും സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. മനുഷ്യന്റെ ജീവിതത്തിലൂടെ രൂപപ്പെട്ടതാണ് കവിത. നാട്ടുവഴികള്‍ നഷ്ടപ്പെട്ടപ്പോള്‍ നമ്മുടെ നാട്ടു കവിതകളും നഷ്ടമായെന്നും കവി.
എഴുത്തുകാരന്‍ അവന്റെ രാഷ്ട്രീയത്തിലാണ് നില്‍ക്കേണ്ടത്, അത് നമ്മുടെ നാട്ടിലെ കക്ഷി രാഷ്ട്രീയമല്ല. അത്തരം സംഘടനകളുടെ വാലായിലെ സാഹിത്യകാരനാവൂവെന്ന ചിന്ത അപകടകരമാണെന്നും പുന്നയൂര്‍ക്കുളം ആര്‍ട്‌സ് ആന്‍ഡ് റിക്രിയേഷന്‍സ സെന്ററി(പാര്‍ക്)ന്റെ മാധവിക്കുട്ടി(കമലാസുരയ്യ) അവാര്‍ഡ് 2014മായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളത്തില്‍ സംസാരിക്കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. അത്തരക്കാരുടെ ലക്ഷ്യം സമ്പത്തും അധികാരവുമാണ്. എഴുത്തുകാരന്റെ രാഷ്ട്രീയം ബന്ധപ്പെട്ടിരിക്കുന്നത് അവന്റെ കാലത്തോടും സമൂഹിക ചുറ്റുപാടുകളോടും നീതി പുലര്‍ത്തുക എന്നതുമായാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയം കലാകാരന്റെ രാഷ്ട്രീയമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏതെങ്കിലും ഒരു പക്ഷത്തോട് രാഷ്ട്രീയമായി അടുത്തു നില്‍ക്കുന്നത് എഴുത്തുകാരന് നല്ലതല്ല. എഴുത്തുകാന്റെ സ്വാതന്ത്ര്യമെന്നത് സ്വത്വ സ്വാതന്ത്ര്യമായാണ് വിലയിരുത്തേണ്ടത്.
കാവ്യാത്മകമായ വാക്യങ്ങള്‍ പരസ്യത്തിന് ഉപയോഗിക്കുന്ന കാലമാണ്. നല്ല ആശയങ്ങള്‍ കറന്‍സിയാക്കി മാറ്റുന്ന പ്രവണതയാണ് ലോകം മുഴുവന്‍ കമ്പോളവത്ക്കരണം നടപ്പാക്കുന്നത്. ടെലിവിഷന്‍ എന്നത് പരസ്യം കാണിക്കാനുള്ള മാധ്യമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഓണത്തെയും റംസാനെയും മാധ്യമങ്ങള്‍ വാഴ്ത്തുന്നത് അതിനെ കച്ചവടവത്ക്കരിക്കുന്നതിനായാണ്. സോഷ്യല്‍ മീഡിയകളും ബ്ലോഗും ഉള്‍പ്പെട്ട നവ മാധ്യമങ്ങളിലൂടെ അര്‍ഹരല്ലാത്ത എഴുത്തുകാര്‍ക്ക് വലിയ പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിലും അത്തരം മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സൃഷ്ടികള്‍ കാലത്തെ അതിജീവിക്കില്ല. ആരുടെ എഴുത്താണ് കാലത്തെ അതിജീവിക്കുകയെന്നതാണ് ഇന്നത്തെ ചിന്താവിഷയം. പുതിയ കാലത്ത് എഴുത്തുകാരുടെ എണ്ണം വര്‍ധിക്കുന്നത് തിരഞ്ഞെടുപ്പ് ദുഷ്‌ക്കരമാക്കിയിട്ടുണ്ട്. ഏതാണ് നല്ലത്, ചീത്ത എന്ന തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടായിരിക്കുന്നു.
കഥ എഴുതാന്‍ കൂടുതല്‍ പ്രേരണ ലഭിക്കുമെന്നിരിക്കേ കവിതക്ക് അതില്ലാത്തതാണ് നല്ല കവിതകള്‍ കുറയാന്‍ ഇടയാക്കുന്നത്. കവിതക്ക് വിഷയം മാത്രം പോര, ബലം കൂടി വേണം. പരമ്പരാഗത രീതികള്‍ സാഹിത്യത്തില്‍ തുടരണമെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ അത് പഴയതിന്റെ ആവര്‍ത്തനമല്ല. നമ്മുടെ ജീനുകള്‍പോലും പാരമ്പര്യമായി കൈമാറുന്നതാണെന്നിരിക്കേ പാരമ്പര്യത്തെ എതിര്‍ക്കുന്നതില്‍ കാര്യമില്ല.
ഇംഗിതാനുസരണം കല്ല്യാണം കഴിക്കുകയും അഴിക്കുകയും ചെയ്യുന്നവരാണ് ഇന്ന് നമ്മുടെ സെലിബ്രിറ്റികളെന്നും സമൂഹത്തിന് ബാധിച്ചിരിക്കുന്ന ഗൗരവമായ മൂല്യച്ച്യുതിയുടെ ഭാഗമാണ് ഇത്തരം ആളുകള്‍ നമ്മുടെ ടെലിവിഷന്‍ സെറ്റുകളിലൂടെയും ഇതര മാധ്യമങ്ങളിലൂടെയും ജനഹൃദയത്തില്‍ എത്തുന്നത്. ഇത് ആശാസ്യമായ കാര്യമല്ല. നമ്മുടെ കാലത്തിന് കാര്യമായ കുഴപ്പം പറ്റിയിരിക്കുന്നുവെന്നതിന്റെ ശക്തമായ സൂചനകൂടിയാണിത്. ഗാന്ധിയും ബുദ്ധനുമൊന്നും ഇന്ന് സെലിബ്രിറ്റിയല്ല. എല്ലാം ഇന്ന് സൗന്ദര്യക്കാഴ്ചകളില്‍ ഒതുങ്ങിയിരിക്കുന്നു.

---- facebook comment plugin here -----

Latest