Connect with us

Palakkad

കൊല്ലങ്കോട ബൈപ്പാസ് റോഡിന് ഭൂമി ഏറ്റെടുക്കുന്നതിന് അനുമതിയായി

Published

|

Last Updated

കൊല്ലങ്കോട്: മംഗലംഗോവിന്ദാപുരം സംസ്ഥാനപാതയില്‍ കൊല്ലങ്കോട് ബൈപ്പാസ് റോഡ് നിര്‍മാണത്തിനാവശ്യമായ 14.5204 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാന്‍ റവന്യൂ വകുപ്പിന് അനുമതി ലഭിച്ചു. പയ്യലൂര്‍ കവലമുതല്‍ കുരുവികൂട്ടുമരം വരെയുള്ള കൊല്ലങ്കോട് ടൗണ്‍ ഉള്‍പ്പെടുന്ന ഭാഗത്തെ ഗതാഗതത്തിരക്ക് ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുള്ള ബൈപ്പാസ്‌നിര്‍മാണത്തിനാണ് പച്ചക്കൊടി ലഭിച്ചിട്ടുള്ളത്.
ഇത് സംബന്ധിച്ച് പാലക്കാട് കലക്ടര്‍ നല്‍കിയ അപേക്ഷയിന്മേലാണ് കൊല്ലങ്കോട് ഒന്ന്, കൊല്ലങ്കോട് രണ്ട്, എലവഞ്ചേരി എന്നീ വില്ലേജുകളില്‍പ്പെടുന്ന സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാരിനുവേണ്ടി ഗവര്‍ണറുടെ അനുമതി ലഭിച്ചിട്ടുള്ളത്. റെവന്യൂവകുപ്പ് സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറുന്നമുറയ്ക്ക് റോഡ് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടി തുടങ്ങും. നേരത്തെ 13 കോടി രൂപ റോഡ് നിര്‍മാണത്തിനായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുണ്ട്. വട്ടെക്കാട് ജംഗ്ഷന് കിഴക്കുള്ള പുളിമരംചുവടില്‍ നിന്നാരംഭിക്കുന്ന ബൈപ്പാസ് നാലര കിലോമീറ്റര്‍ താണ്ടി നെടുമണിക്കടുത്ത് വീണ്ടും സംസ്ഥാന പാതയില്‍ ചേരുംവിധമാണ് നിര്‍മിക്കുന്നത്. 30 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മാണം ആസൂത്രണം ചെയ്തിട്ടുള്ളത്. ചാത്തന്‍ചിറ, വെള്ളനാറ, നെന്മേനി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ബൈപ്പാസിന് കൂടുതലും കൃഷിയിടങ്ങളാണ് ഏറ്റെടുക്കേണ്ടിവരുന്നത്.

Latest