Connect with us

Editorial

മണ്ണിന്റെ മക്കള്‍വാദവും സര്‍ക്കാര്‍ നിസ്സംഗതയും

Published

|

Last Updated

ബാല്‍താക്കറെയുടെ വിയോഗത്തോടെ മഹാരാഷ്ട്രയിലെ മണ്ണിന്റെ മക്കള്‍ വാദത്തിന് അറുതി വരുമെന്ന പ്രതീക്ഷ തകര്‍ത്തുകൊണ്ട് അതേ തുറുപ്പുമായാണ് അദ്ദേഹത്തിന്റെ മരുമകന്‍ രാജ് താക്കറെ രാഷ്ട്രീയ ഗോദയില്‍ പയറ്റുന്നത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ നവ നിര്‍മാണ്‍ സേന കക്ഷിയുടെ മുഖ്യപ്രചരാണായുധം മഹാരാഷ്ട്ര മറാത്തികള്‍ക്ക് മാത്രമെന്ന മുദ്യാവാക്യമായിരുന്നു. തന്റെ കക്ഷി അധികാരത്തിലേറിയാല്‍ മഹാരാഷ്ട്രയിലെ ജോലി മറാത്തി യുവാക്കള്‍ക്കും യുവതികള്‍ക്കും മാത്രമായി പരിമിതപ്പെടുത്തുമെന്നും മറ്റു സംസ്ഥാനക്കാരെ അതിര്‍ത്തിയില്‍ തടയുമെന്നുമാണ് പ്രചാരണ യോഗങ്ങളിട നീളം രാജ്താക്കറെ പ്രഖ്യാപിച്ചത്. ഇതേ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ് നടപടിക്ക് വിധമായിരിക്കയാണ് അദ്ദേഹമിപ്പോള്‍. നേരത്തെ റെയില്‍വേ ബോര്‍ഡിന്റെ പരീക്ഷ എഴുതാനായി മുംബൈ റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ അന്യസംസ്ഥാനക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കെതിരെ മൃഗീയമായ ആക്രമണം അഴിച്ചുവിട്ടു നവ നിര്‍മാണ്‍ സേന ഈ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കിയിട്ടുമുണ്ട്.
മറാത്തികളില്‍ രാഷ്ട്രീയമായി വേരുറപ്പിക്കാന്‍ ബാല്‍താക്കറെ സ്വീകരിച്ച ഹീനതന്ത്രമാണ് മണ്ണിന്റെ മക്കള്‍ വാദം. ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈ നഗരത്തില്‍ ബാല്‍താക്കറെയും ശിവസേനയും ആധിപത്യം സ്ഥാപിച്ചത് അപകടകരമായ ഈ വംശീയവാദത്തിന്റെ സഹായത്തോടെയായിരുന്നു. മുംബൈയിലെ തെക്കെ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമാസക്ത പ്രക്ഷോഭമാണ് ശിവസേനയെ വളര്‍ത്തിത്. ദക്ഷിണേന്ത്യക്കാരുടെ ഭക്ഷണശാലകളും വീടുകളും കൊള്ളയടിച്ചു കൊണ്ടാണ് 1960കളിലും 70കളിലും ശിവസേനയുടെ പ്രക്ഷോഭം അരങ്ങേറിയത്. മുബൈ നഗരത്തിലെ ബീഹാരികളെയും യു പിക്കാരെയും നുഴഞ്ഞുകയറ്റക്കാരായി ചിത്രീകരിച്ചു 2008ല്‍ അവരെയും അക്രമിച്ചു. തെരുവ് കച്ചവടക്കാരായും ടാക്‌സി ഡൈവര്‍മാരായും മറ്റും ദശകങ്ങളോളം നഗരത്തില്‍ ജോലി ചെയ്തു വന്നിരുന്ന നിരവധി ഇതര സംസ്ഥാനക്കാര്‍ അവരുടെ ആക്രമണത്തില്‍ വധിക്കപ്പെടുകയോ എല്ലാ സമ്പാദ്യങ്ങളും ഉപേക്ഷിച്ചു അവിടം വിടേണ്ടി വരികയോ ചെയ്തിട്ടുണ്ട്. മുംബൈയിലെ 20 ലക്ഷത്തോളം വരുന്ന മലയാളികളില്‍ പലരും അവരുടെ കൈയേറ്റങ്ങള്‍ക്ക് വിധേയരായി.
ഭരണഘടനാവിരുദ്ധവും രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് ഹാനികരവുമാണ് മണ്ണിന്റെ മക്കള്‍വാദം. ഏത് ഇന്ത്യന്‍ പൗരനും രാജ്യത്തിന്റെ ഏതുഭാഗത്ത് ജോലി ചോയ്യാനും സ്ഥിരവാസമാക്കാനും അവകാശം ഉണ്ടായിരിക്കുമെന്നാണ് ഭരണഘടനയുടെ 19(1)(ഇ) വ്യക്തമാക്കുന്നത്. ഇന്ത്യ സംസ്ഥാനങ്ങളുടെ ഒരു യൂനിയന്‍ ആയിരിക്കുമെന്ന 1(1) അനുച്ഛേദത്തിന്റെ അന്തഃസ്സത്തയും ഇതു തന്നെ. ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത എന്നത് പാഠപുസ്തകത്തിലെ കേവല ആലങ്കാരിക പദമല്ല; ഓരോ ഇന്ത്യന്‍ പൗരനും ഉള്‍ക്കൊണ്ട് ജീവിതത്തില്‍ പകര്‍ത്തേണ്ടതാണ്. ഇന്ത്യക്കാരന്‍ എന്ന വികാരത്തിന് മുന്നില്‍ മറാത്തിയും തമിഴനും മലയാളിയും ബംഗാളിയും കൈകോര്‍ക്കണമെന്നാണ് രാഷ്ട്ര നേതാക്കള്‍ പഠിപ്പിച്ചത്. രാജ്യത്തിന് ഇന്ന് കാണുന്ന പുരോഗതി കൈവരിക്കാന്‍ സാധിച്ചതും അതിന്റെ ഫെഡറല്‍ സ്വഭാവം കൊണ്ടാണ്. ഈ ദേശീയ ബോധം കൈവെടിഞ്ഞു മഹാരാഷ്ട്ര മറാത്തികള്‍ക്ക്, ആസാം ബോഡോകള്‍ക്ക്, തമിഴ്‌നാട് തമിഴര്‍ക്ക് എന്നിങ്ങനെ ഓരോ സംസ്ഥാനവും മണ്ണിന്റെ മക്കള്‍ വാദവുമായി രംഗത്തു വന്നാല്‍ രാജ്യത്തിന്റെ അഖണ്ഡത തകരാന്‍ ഏറെക്കാലം വേണ്ടി വരില്ല.
ബാല്‍താക്കറെയുടെ ശിഥിലീകരണ വാദത്തെ പ്രതിരോധിക്കുന്നതില്‍ ഭരണകൂടത്തിന് സംഭവിച്ച വീഴ്ചയാണ് അനന്തരവന്മാരും അതേറ്റു പിടിക്കാന്‍ കാരണം. ബാല്‍താക്കറെ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിയ ആദ്യനാളുകളില്‍ തന്നെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിച്ചിരുന്നെങ്കില്‍ മുളയിലേ അത് നുള്ളിക്കളയാമായിരുന്നു. ശിവസേനയെ നിരോധിക്കണമെന്ന് വ്യാപകമായ ആവശ്യം ഉയര്‍ന്നിട്ടും സര്‍ക്കാര്‍ പുറം തിരിഞ്ഞുനിന്നു. പകരം അവരുമായി രാഷ്ട്രീയ സഖ്യത്തിലേര്‍ടുകയാണ് അന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തത്. ആഗോള തീവ്രവാദത്തിനെതിരെ അമേരിക്കയുമായി കൈകോര്‍ക്കാന്‍ കാണിക്കുന്ന ആവേശം, എന്തുകൊണ്ടാണ് അതിനേക്കാള്‍ ഗുരതരമായ ശിവസേനയുടെ വിഘടവാദത്തിനെതിരില്‍ ഉയര്‍ന്നു വരാത്തത്? മണ്ണിന്റെ മക്കള്‍ വാദത്തിനെതിരായ നിസ്സംഗത ഇനിയും തുടര്‍ന്നാല്‍ രാജ്യം അതിന് കനത്ത വില നല്‍കേണ്ടി വന്നേക്കും.

Latest