Connect with us

Wayanad

നാളെ ജില്ലയില്‍ കടയടപ്പു സമരം നടത്തും

Published

|

Last Updated

കല്‍പ്പറ്റ: വാണിജ്യനികുതി, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളിലും ഹോട്ടലുകളിലും നടത്തിവരുന്ന മിന്നല്‍ പരിശോധനയില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെയും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍ നാളെ കടയടപ്പു സമരം നടത്തും. നിയമവിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ കടകളില്‍ പരിശോധന നടത്തുന്നതും വന്‍ പിഴകള്‍ ചുമത്തുന്നതും. മദ്യനിരോധനത്തിലൂടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിമറികടക്കാനാണ് ഇത്തരത്തില്‍ ഉദ്യോഗസ്ഥരെ വിട്ട് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നതെന്ന് വ്യാപാരി വ്യവസായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാറ്റ് നികുതി സമ്പ്രദായത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുന്നത്. ടാക്‌സ് വെട്ടിച്ച് കടയുടമകള്‍ സാധനങ്ങള്‍ എത്തിക്കുന്നുണ്ടെങ്കില്‍ അത് ചെക്ക്‌പോസ്റ്റുകളില്‍ പിടികൂടുകയാണ് വേണ്ടത്. ചെക്ക് പോസ്റ്റുകളില്‍ ഉദ്യോഗസ്ഥര്‍ വന്‍ തുകകള്‍ കൈക്കൂലി വാങ്ങിയാണ് ടാക്‌സ് വെട്ടിച്ച് സാധനങ്ങള്‍ അന്യ സംസ്ഥാനത്തുനിന്നും കൊണ്ടുവരാന്‍ അനുവദിക്കുന്നത്. ഇനിയും ഇത്തരം പരിശോധനകള്‍ വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായാല്‍ ശക്തമായി പ്രതികരിക്കുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പു നല്‍കി.
നാളെ രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുമണി വരെയാണ് കടയടപ്പുസമരം . രാവിലെ 10.30ന് കല്‍പ്പറ്റ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിക്കും. പ്രസിഡന്റ് കെ.കെ. വാസുദേവന്‍, സെക്രട്ടറി കെ. ഉസ്മാന്‍, ഒ.പി. വര്‍ഗീസ്, കെ. കുഞ്ഞിരായിന്‍ ഹാജി, അഷറഫ്, മുജീബ്, ഹൈദ്രു, കെ. നൗഷാദ് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest