Connect with us

Gulf

അബുദാബിയുടെ പുതിയ വിവരങ്ങളുമായി 'ദര്‍ഭ്'

Published

|

Last Updated

അബുദാബി;അബുദാബി എമിറേറ്റിന്റെ പുതിയ വിവരങ്ങളുമായി ഗതാഗത വകുപ്പിന്റെ പുതിയ പോര്‍ട്ടല്‍ “ദര്‍ഭ്”. ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകരിക്കുന്ന രീതിയിലാണ് ഗതാഗതവകുപ്പ് (ഡോട്ട്) പുതിയ വെബ്‌സൈറ്റ് പുറത്തിറക്കിയിരിക്കുന്നത്.
അബുദാബിയിലെ പ്രധാന ഓഫീസുകള്‍, റോഡുകള്‍, കെട്ടിടങ്ങള്‍, ബേങ്കുകള്‍, എ ടി എം കൗണ്ടറുകള്‍, കാര്‍പാര്‍ക്കിംഗുകള്‍, വഴിതിരിച്ചുവിടുന്ന റോഡുകള്‍, ഹോസ്പിറ്റലുകള്‍, ഫെറി സര്‍വീസുകള്‍, മെട്രോ, റെയില്‍, അബ്ര എന്നിവയെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങളാണ് പോര്‍ട്ടലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കും മറ്റു പ്രദേശങ്ങളില്‍ നിന്ന് അബുദാബിയിലെത്തുന്നവര്‍ക്കും ഏറെ ഉപകാരപ്രദമാകുന്നതും സഹായകരമാകുന്നതുമാണ് പോര്‍ട്ടല്‍, ലാപ്‌ടോപ്പ്, ഐപാട്, ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകുന്ന രീതിയിലാണ് പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുള്ളത്.
നഗരത്തില്‍ ഗതാഗത കുരുക്കുണ്ടെങ്കില്‍ അതും പോര്‍ട്ടല്‍ വഴി അറിയാനാകും. ദീര്‍ഘദൂര ബസ്‌യാത്രക്കാര്‍ക്ക് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും ടാക്‌സി ബുക്ക് ചെയ്യാനും പോര്‍ട്ടില്‍ സൗകര്യമുണ്ട്. ഉപഭോക്താക്കളുമായി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. വിവര സാങ്കേതിക രംഗത്ത് ഗതാഗത വകുപ്പിന്റെ പുതിയ ചുവട്‌വെപ്പാണ് “ദര്‍ഭ്.”
റോഡിലുണ്ടാകുന്ന വാഹന അപകടം, അതു മൂലം റോഡ് തിരിച്ചുവിടുന്ന വിവരങ്ങള്‍, റോഡിലെ പണികള്‍, എന്നിവയെ സംബന്ധിച്ച് ഓരോ സമയത്തും വെബ്‌സൈറ്റില്‍ വിവരങ്ങള്‍ ലഭിക്കും. ഓണ്‍ലൈന്‍ വഴി മവാഖിഫില്‍ പൈസ അടക്കുന്നതിനുള്ള സൗകര്യം പോര്‍ട്ടില്‍ ലഭ്യമാണ്. ഭാവിയില്‍ പോര്‍ട്ടില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു. www.darb.ae എന്നതാണ് പോര്‍ട്ടലിന്റെ വിലാസം.

Latest