Connect with us

Editorial

മത്സ്യത്തൊഴിലാളികളുടെ ആശങ്ക അകറ്റണം

Published

|

Last Updated

കേന്ദ്രത്തിന്റെ പുതിയ മത്സ്യനയത്തെച്ചൊല്ലി ആശങ്കയിലാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍. മത്സ്യബന്ധനം നിയന്ത്രിക്കാന്‍ തീരക്കടലിലെ നിശ്ചിത ഭാഗങ്ങള്‍ കരുതല്‍ മേഖലയായി പ്രഖ്യാപിക്കണമെന്ന വിദഗ്ധ സമിതി ശിപാര്‍ശയാണ് കാരണം. തീരത്ത് നിന്ന് 200 മുതല്‍ 500 മീറ്റര്‍ വരെ ആഴം വരുന്ന ഭാഗങ്ങളെയാണ് കരുതല്‍ മേഖലയാക്കണമെന്നാണ് കേന്ദ്ര ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. ബി മീനാകുമാരി അധ്യക്ഷയായ ഏഴംഗ സമിതി നിര്‍ദേശം. തീരത്ത് നിന്ന് 22 കിലോമീറ്റര്‍ പുറത്ത് പ്രവര്‍ത്തിക്കുന്നതിന് ബോട്ടുകള്‍ക്ക് നിലവില്‍ തന്നെ വിലക്കുണ്ട്. സംസ്ഥനത്ത് മത്സ്യലഭ്യത കുറഞ്ഞുവരുന്നതിനിടെ കരുതല്‍ മേഖല കൂടി നിശ്ചയിക്കുന്നത് തൊഴില്‍ സാധ്യതയെ സാരമായി ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. കേരളത്തിലെ 3,500 ട്രോള്‍ ബോട്ടുകളില്‍ നല്ലൊരു പങ്കും മത്സ്യബന്ധനം നടത്തുന്നത് സമിതി നിര്‍ദേശിക്കുന്ന കരുതല്‍ മേഖലയിലാണ്.
2011ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 10.02 ലക്ഷം മത്സ്യത്തൊഴിലാളികളുണ്ട്. മത്സ്യബന്ധന അനുബന്ധ മേഖലകളില്‍ 71,600 പേരും ജോലി ചെയ്യുന്നു. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തില്‍ എട്ട് ശതമാനം മത്സ്യത്തൊഴിലാളികളുടെ സംഭാവനയാണ്. എന്നാല്‍ സമീപ കാലത്തായി മത്സ്യമേഖലയില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതം കുറഞ്ഞു വരികയാണ്. 2012ല്‍ കേരളത്തിന് 8.39 ലക്ഷം ടണ്‍ മത്സ്യം ലഭിച്ചപ്പോള്‍ 2013ല്‍ ഇത് 6.71 ലക്ഷം ടണ്ണായി. മത്സ്യലഭ്യതയില്‍ 2012ല്‍ രാജ്യത്ത് ഒന്നാം സ്ഥാനത്തായിരുന്ന കേരളം കഴിഞ്ഞ വര്‍ഷം മൂന്നാമതായി. 2005-06 മുതല്‍ 2011-12 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം 60 ശതമാനം വര്‍ധിച്ചെങ്കിലും മത്സ്യബന്ധന, ഉപമേഖലയിലെ വിഹിതം 1.3 ശതമാനത്തില്‍ നിന്നു 0.9 ശതമാനമായി ഇടിയുകയാണുണ്ടായത്. ഈ സാഹചര്യത്തില്‍ വിദഗ്ധ സമിതി നിര്‍ദേശിച്ച കരുതല്‍ മേഖല കൂടി നിലവില്‍ വന്നാല്‍ സംസ്ഥാനത്തെ മത്സ്യബന്ധന മേഖല കൂടുതല്‍ പ്രതിസന്ധിയിലാകും.
തദ്ദേശീയ മത്സ്യബന്ധന തൊഴിലാളികള്‍ക്ക് കര്‍ശന നിയന്ത്രണം ശിപാര്‍ശ ചെയ്യുന്ന വിദഗ്ധ സമിതി, വിദേശ, സ്വദേശ കുത്തകള്‍ക്ക് മേഖലയില്‍ കൂടുതല്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കാനും നിര്‍ദേശിക്കുന്നുണ്ട്. വിദേശക്കപ്പലുകളടക്കം പുതിയ 1,178 യാനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കാനാണ് സമിതി ശിപാര്‍ശ. ഇത്രയും ആഴത്തില്‍ മീന്‍പിടിത്തത്തിനാവശ്യമായ വൈദഗ്ധ്യം രാജ്യത്തെ ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്കില്ലെന്നാണ് ഇതിന് ചൂണ്ടിക്കാട്ടുന്ന ന്യായീകരണം. മണ്‍സൂണ്‍ കാല മത്സ്യബന്ധന നിരോധത്തില്‍ നിന്നും ഈ യാനങ്ങളെ ഒഴിവാക്കാനും ശിപാര്‍ശയുണ്ട്. ആഴക്കടല്‍ മത്സ്യബന്ധന നയം സമഗ്രമായി വിലയിരുത്തി, മേഖലയിലെ മത്സ്യബന്ധന സാധ്യത വര്‍ധിപ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ മുന്‍ യുപി എ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ആഴക്കടല്‍ മേഖലയെ വിദേശകുത്തകകള്‍ക്ക് തുറന്നിടുന്നകയായിരിക്കും ഫലം.
ലോകത്തെ ഏറ്റവും കൂടുതല്‍ മത്സ്യ സമ്പത്തുള്ള മേഖലയാണ് ഇന്ത്യന്‍ സമുദ്രതീരം. ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് ലഭിക്കുന്ന അനുമതി ദുരുപയോഗപ്പെടുത്തി നമ്മുടെ മത്സ്യസമ്പത്ത് വിദേശ കുത്തകകള്‍ പരമാവധി കൊള്ള ചെയ്തതായാണ് മുന്‍ അനുഭവം. 2004ല്‍ യു പി എ സര്‍ക്കാര്‍ ഏതാനും വിദേശ കപ്പലുകള്‍ക്ക് പുറംകടലില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കിയപ്പോള്‍, അതിര്‍ത്തി ലംഘിച്ചു തീരക്കടലുകളില്‍ നിന്നും അവര്‍ മത്സ്യബന്ധനം നടത്തുകയുണ്ടായി. മാത്രമല്ല, അവര്‍ പിടിച്ച മത്സ്യത്തില്‍ ഭൂരിഭാഗവും പുറം കടലില്‍ തന്നെ കൈമാറ്റം ചെയതതിനാല്‍ രാജ്യത്തിന് അതിന്റെ ഗുണം ലഭിച്ചുമില്ല.
മത്സ്യോത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കയാണ് സംസ്ഥാന സര്‍ക്കാര്‍. ഈ മേഖലയില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്നതോടൊപ്പം മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക കൂടി ലക്ഷ്യമിടുന്ന സംസ്ഥാന പദ്ധതികളെ വിദഗ്ധ സമിതി ശിപാര്‍ശകള്‍ തകിടം മറിക്കും. കഴിഞ്ഞ മാസം 20ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെക്കുറിച്ചു കേന്ദ്രം വ്യക്തമായ തീരുമാനം എടുത്തിട്ടില്ലാത്ത സാഹചര്യത്തില്‍, കരുതല്‍ മേഖല പോലെയുള്ള നിര്‍ദേശങ്ങളിലെ അപാകങ്ങളും കേരളത്തിന് അത് സൃഷ്ടിക്കുന്ന പ്രയാസങ്ങളും കേന്ദ്രത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. മറ്റു സംസ്ഥാനങ്ങളെ കൂടി സഹകരിപ്പിച്ചു ഇക്കാര്യത്തില്‍ ശക്തിയായ സമ്മര്‍ദം ആവശ്യമാണ്.

Latest