Connect with us

Wayanad

ധനകാര്യ സ്ഥാപനങ്ങളുടെ കടുംപിടുത്തം; വയനാട് വീണ്ടും ദുരിതത്തിലേക്ക്

Published

|

Last Updated

കല്‍പ്പറ്റ: തൊഴില്‍ മേഖലകളിലെ പ്രതിസന്ധിക്കൊപ്പം ധനകാര്യ സ്ഥാപനങ്ങളുടെ കടുംപിടുത്തം കൂടിയായപ്പോള്‍ വയനാട് വീണ്ടും ദുരിതത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ജില്ലയില്‍ കടക്കെണിയില്‍ അകപ്പെട്ട് ജീവനൊടുക്കിയവരുടെ എണ്ണം മൂന്നായി. ചീരാല്‍ വെണ്ടോലിലെ നാമമാത്ര കര്‍ഷകന്‍ പൊന്നകത്ത് രാമചന്ദ്രനാണ് ഏറ്റവും ഒടുക്കം ജീവനൊടുക്കിയത്. കൂലിവേലയ്‌ക്കൊപ്പം അരയേക്കര്‍ ഭൂമിയില്‍ കൃഷിചെയ്തും കുടുംബം പുലര്‍ത്തിയിരുന്ന രാമചന്ദ്രന് രണ്ട് ലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയാണ് രാമചന്ദ്രനെ ഈ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. ഒരു വര്‍ഷമായി ഭാര്യയ്ക്ക് കിഡ്‌നി രോഗത്തിന് നടത്തുന്ന ചികിത്സക്ക് പണം കണ്ടെത്താന്‍ കഴിയാത്തതും രാമചന്ദ്രനെ മാനസികമായി തളര്‍ത്തിയിരുന്നു. കടം വാങ്ങി ചെയ്ത കൃഷികളൊക്കെയും വന്‍ നഷ്ടത്തിലുമായി. പിടിച്ചുനില്‍ക്കാനായി നടത്തിയ ശ്രമങ്ങളൊക്കെയും ഫലം കാണാതെ വന്നപ്പോഴാണ് രാമചന്ദ്രന്‍ ജീവനൊടുക്കിയത്.
മൂന്ന് മാസം മുന്‍പ് നെന്മേനി പഞ്ചായത്തില്‍ തന്നെ കടബാധ്യത മൂലം ജീവനൊടുക്കിയ ദരിദ്ര കര്‍ഷകന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. ഭര്‍ത്താവിന്റെ മരണ ശേഷം ഇവര്‍ക്ക് ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചു. കാലാവസ്ഥാ വ്യതിയാനവും വിലയിടവും മൂലം ഇഞ്ചി പോലുള്ള ഹൃസ്വകാല വിളകളെല്ലാം വന്‍ നഷ്ടത്തിലാണ് കലാശിക്കുന്നത്.
രോഗം ബാധിച്ച ഇഞ്ചി മൂപ്പെത്തും മുമ്പ് പറിച്ചുകൊടുക്കാമെന്ന് വിചാരിച്ചാല്‍ പോലും രക്ഷയില്ല. 60 കിലോയുടെ ഒരു ചാക്കിന് 1200 രൂപ വരെയാണ് വില. കാലാവസ്ഥാ പിഴവ് മൂലം ഇത്തവണ ഇഞ്ചി ഉല്‍പാദനം നന്നെ കുറവാണ്. അരയേക്കറും ഒരേക്കറുമൊക്കെ ഭൂമിയുള്ള ദരിദ്ര-നാമമാത്ര കര്‍ഷകര്‍ സ്വന്തം ഭൂമിയിലും പാട്ടത്തിനെടുത്ത ഭൂമിയിലുമൊക്കെ കൃഷി ചെയ്യുന്നതിനൊപ്പം കൂലിവേല കൂടി എടുത്താണ് കുടുംബം പോറ്റുന്നത്. ഇത്തരത്തിലുള്ള ആളുകളാണ് അടുത്ത കാലത്ത് കടക്കെണിയില്‍ അകപ്പെട്ട് മരണം പുല്‍കിയ മൂന്ന് പേരും. നിര്‍മാണ മേഖലയില്‍ ഏറെക്കുറെ സ്തംഭനാവസ്ഥയാണ്. ഈ മേഖലയിലാണ് കൂടുതല്‍ പേരും കൂലിപ്പണി ചെയ്യുന്നത്. ശേഷിക്കുന്ന അവസരം അന്യ സംസ്ഥാന തൊഴിലാളികള്‍ കയ്യടക്കി കഴിഞ്ഞു. വയനാട്ടില്‍ പണി കുറഞ്ഞതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ നിന്നുള്ള തൊഴിലാളികളില്‍ പകുതി പേരും മടങ്ങിപ്പോയി. നാമമാത്ര-ദരിദ്ര കര്‍ഷകരില്‍ പലരും ബാങ്ക് വായ്പയെടുത്താണ് മക്കളെ പഠിപ്പിച്ചത്. ഇതില്‍ ഭൂരിപക്ഷത്തിനും പഠന ശേഷം തൊഴിലില്ലാതെയും ലഭിച്ച തൊഴിലില്‍ നിന്ന് കാര്യമായ വേതനമില്ലാതെയും വായ്പാ തിരിച്ചടവ് നടത്താന്‍ കഴിഞ്ഞിട്ടില്ല. നഴ്‌സിംഗ് പോലുള്ള കോഴ്‌സുകളില്‍ മക്കളെ പഠിപ്പിച്ചവര്‍ വിധിയെ ശപിക്കുകയാണ്. വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് മുടങ്ങിയവര്‍ക്ക് ബാങ്കുകള്‍ നോട്ടീസ് തുരുതുരാ അയയ്ക്കുന്നുണ്ട്. പിന്നാക്ക വികസന കോര്‍പറേഷന്‍ പോലുള്ള പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങള്‍ വായ്പക്ക് ഈടുകൊടുത്തിട്ടുള്ള ഭൂമി പിടിച്ചെടുത്ത് ലേലം ചെയ്യുകയാണ്. ഈ കോര്‍പറേഷന്റെ കുടിശിക ഈടാക്കാന്‍ കഴിഞ്ഞ മൂന്ന് നാല് മാസത്തിനിടെ അന്‍പതില്‍പ്പരം ജപ്തികള്‍ നടന്നുകഴിഞ്ഞു. തീര്‍ത്തും പാവപ്പെട്ടവരുടെ കിടപ്പാടമാണ് ഇതുവഴി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. കൃഷിയില്‍ നിന്നുള്ള വരുമാനം ഇല്ലാതായതിനൊപ്പം കൂലിവേല പോലും യഥേഷ്ടം ലഭിക്കാത്ത അവസ്ഥയും കടക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദങ്ങളും ഒരേ സമയം അനുഭവിക്കേണ്ടി വരികയാണ് നാമമാത്ര-ദരിദ്ര കര്‍ഷകരില്‍ പലര്‍ക്കും.

Latest