Connect with us

Kerala

സ്‌കൂള്‍ കിണറ്റില്‍ വിഷം കലക്കി; വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Published

|

Last Updated

കയ്പമംഗലം(തൃശൂര്‍): സ്‌കൂളിലെ കിണറ്റില്‍ വിഷം കലക്കിയതായി കണ്ടെത്തി. സ്‌കൂളിലെ കുടിവെള്ള ടാപ്പില്‍ നിന്ന് വെള്ളം കുടിച്ചതിനെ തുടര്‍ന്ന് നാല് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പെരിഞ്ഞനം കുറ്റിലക്കടവ് ആര്‍ എം വി എച്ച് സ്‌കൂളിലെ കിണറ്റിലാണ് ഇന്നലെ രാവിലെ പതിനൊന്നോടെ സ്‌കൂള്‍ അധികൃതര്‍ സംഭവം കണ്ടെത്തിയത്.
കുടിവെള്ളത്തിനും ഭക്ഷണം പാചകംചെയ്യുന്നതിനും മറ്റും ഉപയോഗിക്കുന്ന കിണറ്റിലാണ് വിഷം കലക്കിയത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കാക്കാത്തിരുത്തി പള്ളായി രാജീവന്റെ മകന്‍ അഭിഷേക്, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി വഴിയമ്പലം കല്ലിപ്പറമ്പില്‍ മുസ്തഫയുടെ മകന്‍ അബുതാഹിര്‍, ആറാം ക്ലാസ് വിദ്യാര്‍ഥി ചളിങ്ങാട് വെള്ളേക്കാട് സുലൈമാന്റെ മകന്‍ അബ്ദുര്‍റഹിമാന്‍ എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിദ്യാര്‍ഥികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. സംഭവത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. സ്‌കൂളിലെ കുടിവെള്ള ടാപ്പില്‍ നിന്ന് വെള്ളം കുടിച്ച വിദ്യാര്‍ഥികള്‍ക്ക് രുചി വ്യത്യാസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ എത്തി ടാങ്കിലേക്ക് വെള്ളം ശേഖരിക്കുന്ന കിണറും ടാങ്കും പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ കീടനാശിനിയുടെ കുപ്പി കിടക്കുന്നത് കണ്ടത്. കുപ്പിയിലെ വിഷം കിണറ്റിലേക്ക് ഒഴുകി പാട കെട്ടിയ നിലയിലായിരുന്നു. രണ്ടാഴ്ച മുമ്പ് സ്‌കൂളിലെ ചൊറിയാന്‍ പുഴുശല്യം ഒഴിവാക്കാനായി ഉപയോഗിച്ചിരുന്ന ഫിനോഫല്‍ ഇ 20 എന്ന കീടനാശിനിയുടെ ബാക്കിയാണ് കിണറ്റില്‍ നിന്നു കണ്ടെത്തിയത്. മരുന്ന് തളിച്ചശേഷം കിണറിനോട് ചേര്‍ന്നുള്ള മോട്ടോര്‍ ഷെഡ്ഡിലാണ് കുപ്പി സൂക്ഷിച്ചിരുന്നത്. 2000 ത്തിലധികം കുട്ടികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തില്‍ അധ്യാപകര്‍ പോലും കീടനാശിനി സൂക്ഷിച്ചിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ട് ദിവസം സ്‌കൂളിന് അവധി നല്‍കി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം തുടര്‍ച്ചയായി മൂന്ന് ദിവസം കിണറ്റിലെവെള്ളം വറ്റിച്ച് ശുദ്ധീകരിക്കും. കിണറ്റില്‍ വിഷം കലക്കിയ സംഭവമറിഞ്ഞ് അഡ്വ.വി എസ് സുനില്‍കുമാര്‍ എം എല്‍ എയും ജനപ്രതിനിധികളും സ്ഥലത്തെത്തി. കൊടുങ്ങല്ലൂര്‍ സി ഐ. കെ ജെ പീറ്റര്‍, എസ് ഐ. എം കെ രമേഷും അന്വേഷണം ആരംഭിച്ചു.

Latest