Connect with us

Sports

ഡല്‍ഹിയൊരുങ്ങുന്നു, ഡെല്‍പിയറോയും

Published

|

Last Updated

ന്യൂഡല്‍ഹി: തലസ്ഥാന നഗരിയുടെ സോക്കര്‍ സ്പന്ദനമാവുകയാണ് ഡല്‍ഹി ഡൈനാമോസ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ സൂപ്പര്‍ ഗ്ലാമര്‍ താരം തങ്ങള്‍ക്കൊപ്പമാണുള്ളതെന്ന ചെറിയൊരു തലക്കനവും ഡല്‍ഹി ടീമിന് ഇല്ലാതില്ല. ഇറ്റലിയുടെ ലോക കപ്പ് ചാമ്പ്യന്‍, ജുവെന്റസിന്റെ ഇതിഹാസ താരം അലസാന്‍ഡ്രൊ ഡെയല്‍പിയറോയാണ് ഡൈനാമോസിന്റെ മാര്‍ക്വൂ താരം. നാടൊട്ടുക്കമുള്ള ഫുട്‌ബോള്‍ പ്രേമികളെ ഡല്‍ഹിയുടെ കളി കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകമായി ഡെല്‍പിയറോ മാറും. പത്തൊമ്പത് വര്‍ഷം ഇറ്റലിയുടെ ജുവെന്റസ് ക്ലബ്ബിന്റെ നെടുംതൂണായി നിന്ന ഡെല്‍പിയറോ ക്ലബ്ബ് ആസ്ഥാനമായ ടുറിനിലെ ചരിത്രപുരുഷനാണ്. ഡെല്‍പിയറോയുടെ ജഴ്‌സി ധരിച്ചു കൊണ്ടാണ് അവിടെ ഓരോ കുഞ്ഞും പന്ത് തട്ടുക. നഗരവീഥികളില്‍ ഇന്നും ഡെല്‍പിയറോയുടെ വലിയ കട്ടൗട്ടുകള്‍. ജുവെന്റസിന് പുതിയ തലമുറക്കാര്‍ വന്നെങ്കിലും ഡെല്‍പിയറോക്ക് പകരം മറ്റൊരാളില്ല. ഐ എസ് എല്ലില്‍ തങ്ങളുടെ ഇഷ്ടതാരത്തിന്റെ കളി കാണാന്‍ ടുറിനില്‍ നിന്ന് ജുവെന്റസ് ആരാധകര്‍ എത്തിയാല്‍ അത്ഭുതപ്പെടേണ്ടതില്ല.

ഐ എസ് എല്ലിലേക്ക് ഇറ്റാലിയന്‍ സ്‌ട്രൈക്കര്‍ വരുന്നത് ഏറെ ആവേശത്തോടെയാണ്. ഇന്ത്യയില്‍ കളിക്കുക, ഇവിടുത്തെ സംസ്‌കാരം അറിയുക. ഇതൊക്കെ ഡെല്‍പിയറോയുടെ സ്വപ്‌നമായിരുന്നു. ഐ എസ് എല്‍ അതിന് വേദിയൊരുക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ ഡെല്‍പിയറോ നഗരത്തിലെത്തിയപ്പോള്‍ ഒരു ചോദ്യം മനസ്സിലിട്ട് കാത്തുനിന്നു. മുഖാമുഖം വന്നപ്പോള്‍ ഡെല്‍പിയറോയുടെ കൗണ്ടര്‍ അറ്റാക്ക്. ഐ എസ് എല്ലിനെ കുറിച്ച് എന്ത് തോന്നുന്നു? സത്യത്തില്‍ ഈ ചോദ്യം മാധ്യമങ്ങള്‍ അങ്ങോട്ട് കരുതി വെച്ചതായിരുന്നു. ഇതാണ് ഡെല്‍പിയറോ, തന്നെ വളയാനെത്തുന്നവരെ അങ്ങോട്ട് കയറി ആക്രമിച്ച് കീഴ്‌പ്പെടുത്തി പന്തുമായി കടന്നുകളയും. പിന്നീട് ഗോളാരവം മുഴക്കും. ഇതൊക്കെയാണ് ഡെല്‍പിയറോയെ ഐ എസ് എല്ലിലെ ഏറ്റവും മൂല്യമേറിയ താരമാക്കുന്നത്. പൂനെ എഫ് സിയുടെ മാര്‍ക്വു താരമായ ഇറ്റലിക്കാരന്‍ ഡേവിഡ് ട്രെസഗെ തന്റെ മുന്‍ സഹതാരം ഡല്‍ഹിയുമായി കരാറൊപ്പു വെച്ച ദിവസം പറഞ്ഞതിങ്ങനെ: ഡെല്‍പിയറോയുടെ വരവോടെ ഐ എസ് എല്‍ മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നിരിക്കുന്നു.
ട്രെസഗെ കാത്തിരിക്കുകയാണ് ആ കൂടിക്കാഴ്ചക്ക്. ഈ മാസം പതിനാലിന് ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഡൈനാമോസും പൂനെ എഫ് സിയും നേര്‍ക്കുനേര്‍ വരുമ്പോഴാകും ആ കൂടിക്കാഴ്ച.
ഡല്‍ഹി യൂനിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ഇരു ടീമുകളും തമ്മില്‍ സൗഹൃദ മത്സരം കളിച്ചിരുന്നു. അതാകട്ടെ, പരുക്കന്‍ അടവുകളാല്‍ സൗഹൃദ മത്സരത്തിന്റെ സീമകള്‍ ലംഘിക്കുന്നതായി. രണ്ട് പേര്‍ക്ക് പരുക്കേറ്റതോടെ ഡല്‍ഹിയുടെ ബെല്‍ജിയന്‍ കോച്ച് ഹാം വാന്‍ വെല്‍ദോവാന്‍ അമ്പതാം മിനുട്ടില്‍ തന്റെ ടീമിനെ കളത്തില്‍ നിന്ന് പിന്‍വലിച്ചു.പരിശീലന മത്സരങ്ങളില്‍ മെച്ചപ്പെട്ട പ്രകടനമായിരുന്നു ഡൈനാമോസിന്റെത്. 3-0ന് ഗര്‍വാല്‍ എഫ് സിയെയും 9-0ന് ഹിന്ദുസ്ഥാന്‍ എഫ് സിയെയും 7-0ന് മുഹമ്മദന്‍ സ്‌പോര്‍ട്ടിംഗിനെയും തരിപ്പണമാക്കി. ഡച്ച്, ചെക്, ബ്രസീലിയന്‍, ഇറ്റാലിയന്‍ താരങ്ങളുടെ സംഗമം ഡല്‍ഹിയുടെ പ്രത്യേകതയാണ്. ഗുസ്താവോ മാര്‍മെന്റിനി എന്ന ഇരുപതുകാരന്‍ മിഡ്ഫീല്‍ഡറുടെ ഊര്‍ജമാകും ടൂര്‍ണമെന്റില്‍ ഡല്‍ഹിക്ക് കുതിപ്പേകുക.
മുപ്പത്തിമൂന്ന് വയസുള്ള ഡെന്‍മാര്‍ക്ക് സ്‌ട്രൈക്കര്‍ മാഡ്‌സ് ജങ്കര്‍ ഗോളടിപ്രതീക്ഷയാണ്. കളിച്ച നാല് പരിശീലന മത്സരങ്ങളിലും ഡാനിഷ് താരം സ്‌കോര്‍ ചെയ്തു. ഡെന്‍മാര്‍ക്ക് ദേശീയ ടീമിനായി ഏഴ് രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് ജങ്കര്‍.
മാഡ്‌സ് ജങ്കറിനെ പോലെ എല്ലാ പരിശീലന മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത താരമാണ് മുപ്പത്തിനാലുകാരനായ മോര്‍ട്ടെന്‍ സ്‌കോബോ. ഡച്ച് ക്ലബ്ബ് റോഡ ജെ സിയില്‍ ഒരുമിച്ച് കളിച്ചവരാണ് ഇവര്‍. റോഡയുടെ കോച്ച് ഹാം വാന്‍ വെല്‍ദോവനാണ് ഇപ്പോള്‍ ഡല്‍ഹി ഡൈനാമോസില്‍ ഇവരെ പരിശീലിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ലോകത്തെ ഏറ്റവും പൊക്കമുള്ള ഗോള്‍ കീപ്പര്‍ ആരെന്ന് ചോദിച്ചാല്‍ ഡല്‍ഹി ടീമിലെ സ്റ്റീവന്‍ ഡയസിനും സൗവിക് ചക്രബര്‍ത്തിക്കുമൊക്കെ അഭിമാനത്തോടെ ചൂണ്ടിക്കാട്ടാം, ക്രിസ്റ്റഫ് വാന്‍ ഹൗട് എന്ന തങ്ങളുടെ ബെല്‍ജിയന്‍ ഗോള്‍ കീപ്പറെ. നാല് പരിശീലന മത്സരങ്ങളിലും ക്രിസ്റ്റഫിന്റെ വലയില്‍ പന്ത് കയറിയില്ല. ഇതില്‍പ്പരം എന്ത് വേണം.
ഇരുനൂറിലേറെ മത്സരങ്ങള്‍ കളിച്ച ഇരുപത്തൊമ്പതുകാരന്‍ വിം റെമേക്കേഴ്‌സ് ഡല്‍ഹിയുടെ പ്രതിരോധഭടനാണ്. ബെല്‍ജിയം, ഹോളണ്ട് ലീഗുകളില്‍ കളിച്ചിട്ടുള്ള വിം തന്റെ കരിയര്‍ ആരംഭിക്കുന്നത് ബെല്‍ജിയത്തിലെ ശക്തരായ ജെന്‍കിനൊപ്പമാണ്.
ഷൈലോ മല്‍സാംതുലംഗ എന്ന മിസോറം മിഡ്ഫീല്‍ഡര്‍ പ്രായത്തെ വെല്ലുന്ന മികവാണ് പരിശീലന മത്സരങ്ങളില്‍ പുറത്തെടുത്തത്. ഈസ്റ്റ്ബംഗാള്‍, മോഹന്‍ ബഗാന്‍,സാല്‍ഗോക്കര്‍ ക്ലബ്ബുകളുടെ താരമായിരുന്നു. മിസോറമില്‍ നിന്ന് ആദ്യമായി ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ താരമായ ഷൈലോ ഐ എസ് എല്ലിലും തന്റെ പ്രതിഭാസ്പര്‍ശമറിയിക്കും.
ടീമില്‍ ഇവര്‍:
ഇന്ത്യന്‍ താരങ്ങള്‍: ജഗ്‌രൂപ് സിംഗ്, അന്‍വര്‍ അലി, റോബര്‍ട് ലാല്‍താംമുന, നോബ സിംഗ്, ഷൗവിക് ഘോഷ്, മുന്‍മുന്‍ ലുഗുന്‍, ഗോവിന്‍ സിംഗ്, ഷൈലോ മാല്‍സാംതുലുംഗ, ഫ്രാന്‍സിസ് ഫെര്‍നാണ്ടസ്, മനിഷ് ഭാര്‍ഗവ്, അദില്‍ ഖാന്‍, സ്റ്റീവന്‍ ഡയസ്, ഷൗവിക് ചക്രബര്‍ത്തി, മനന്‍ദീപ് സിംഗ്.
വിദേശ താരങ്ങള്‍: ക്രിസ്റ്റഫ് വാന്‍ ഹൗട്, മാരെക് ചെക്, വിം റെയേമേക്കേഴ്‌സ്, സ്റ്റിജിന്‍ ഹൗബന്‍, ബ്രൂണോ ഹെരേരോ അരിയാസ്, ഹാന്‍സ് മുള്‍ഡര്‍, ഹെന്റിക് ഡിനിസ്, ഗുസ്താവോ മാര്‍മെന്റിനി, പാവെല്‍ എലിയാസ്, മോര്‍ട്ടന്‍ സ്‌കുബോ, മാഡ്‌സ് ജങ്കര്‍, അലെസാന്‍ഡ്രൊ ഡെല്‍ പിയറോ.

Latest