Connect with us

Editorial

സമാധാന സംഭാഷണം തുടരണം

Published

|

Last Updated

ഇന്ത്യാ-പാക് അതിര്‍ത്തിയിലെ സംഘര്‍ഷം രൂക്ഷമായി തുടരുകയാണ്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ ആര്‍ണിയ, ആര്‍ എസ് പുര, കനചക്, പര്‍ഗ്‌വാള്‍ മേഖലകളിലെ ബി എസ് എഫ് സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണമാണ് നിലവിലെ സംഘര്‍ഷത്തിന് തുടക്കമിട്ടത്. യുദ്ധസമാനമായ അവസ്ഥയാണിപ്പോള്‍ അതിര്‍ത്തിയില്‍. യാതൊരു പ്രകോപനവും കൂടാതെയാണ് പാകിസ്ഥാന്‍ സൈനികര്‍ വെടിയുതിര്‍ത്തതെന്ന് ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ അറിയിക്കുകയുണ്ടായി. അതേസമയം ഇന്ത്യന്‍ സൈനികരാണ് നിലവിലെ സംഘര്‍ഷത്തിന് തുടക്കമിട്ടതെന്നാണ് പാക് വിദേശ മന്ത്രാലയം ആരോപിക്കുന്നത്. ഇരു സൈന്യവും നടത്തിയ വെടിവെപ്പില്‍ സ്ത്രീകളടക്കം പത്തിലധികം ഗ്രാമീണര്‍ ഇതിനകം കൊല്ലപ്പെട്ടതായാണ് വിവരം. ഗുരുതരമായ പരുക്കേറ്റ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍ നിരവധിയാണ്.
നിരപരാധികളായ ഗ്രാമവാസികളാണ് അതിര്‍ത്തിയിലെ സൈനികാക്രമണത്തിന്റെ ദുരിതമനുഭവിക്കുന്നത്. അതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിലേറെയും. ഇതു മൂലം നിരവധി വീടുകള്‍ തകരുകയും ഒട്ടേറെ ഗ്രാമീണര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അതിര്‍ത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിനാളുകള്‍ സമീപ നഗരങ്ങളിലെ ബന്ധുഗൃഹങ്ങള്‍, കമ്മ്യൂണിറ്റി ഹാളുകള്‍ തുടങ്ങി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിപ്പോകുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ന്യൂയോര്‍ക്കില്‍ യു എന്‍ പൊതുസഭാ സമ്മേളനത്തിനിടെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും പാക് പ്രധാനമന്ത്രി നവാസ് ശരീഫും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം കുറക്കാന്‍ ധാരണയായതാണ്. വെടിനിര്‍ത്തല്‍ ലംഘനം അവസാനിപ്പിക്കുന്നതിന് കൂടുതല്‍ ഫലപ്രദമായ രൂപരേഖയുണ്ടാക്കാന്‍ രണ്ട് രാജ്യങ്ങളിലെയും സേനാകാര്യങ്ങളുടെ ചുമതലയുള്ള ഡി ജി എം ഒമാരോട് ഇരു നേതാക്കളും ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ സമാധാനം പുലരുന്നതിന് പകരം സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു പിന്നീട്. ഈയിടെയായി പാക് സൈന്യത്തിന്റെ അതിര്‍ത്തി ലംഘനവും വെടിവെപ്പും പൂര്‍വോപരി വര്‍ധിച്ചിട്ടുണ്ട്. ആഗസ്തില്‍ മാത്രം 20 തവണയെങ്കിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യന്‍ കേന്ദ്രങ്ങള്‍ പറയുന്നു.
ന്യൂയോര്‍ക്കില്‍ തുടക്കമിട്ട ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടാകാത്തതും ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയ മാറ്റങ്ങളുമാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2013 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൃത്രിമ മാര്‍ഗേനയാണ് നവാസ് ശരീഫിന്റെ പാകിസ്ഥാന്‍ മുസ്‌ലിം ലീഗ് അധികാരത്തില്‍ എത്തിയതെന്ന് ആരോപിച്ചും സര്‍ക്കാര്‍ രാജി വെച്ച് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടും ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരികേ ഇന്‍സാഫ് ഉള്‍പ്പെടെ ചില പ്രതിപക്ഷ കക്ഷികള്‍ നടത്തുന്ന പ്രക്ഷോഭം ശരീഫ് സര്‍ക്കാറിനെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്. രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധിയും അരക്ഷിതാവസ്ഥയും ഉടലെടുക്കുമ്പോള്‍, ആഗോള സൂഹത്തിന്റെ ശ്രദ്ധ തിരിച്ചുവിടാന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്ന തന്ത്രം മുന്‍ ഭരണാധികാരികള്‍ പലപ്പോഴും പയറ്റിയിട്ടുണ്ട്. പുതിയ സംഭവവികാസങ്ങള്‍ അതിന്റെ ഭാഗമായിക്കൂടായ്കയില്ല. ഇന്ത്യാ-പാക് സൗഹൃദത്തില്‍ താത്പര്യമില്ലാത്തവരും അതിര്‍ത്തിയില്‍ എന്നും സംഘര്‍ഷം ആഗ്രഹിക്കുന്നവരും ഇപ്പുറത്തുമുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് സൈന്യത്തെ കരുവാക്കുമ്പോള്‍ അതിര്‍ത്തി പ്രദേശങ്ങളിലെ സാധാരണക്കാരാണ് അതിന്റെ പ്രത്യാഘാതം അനുഭവിക്കുന്നതെന്ന വസ്തുത ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുന്നു.
പാകിസ്ഥാനും ചൈനയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചും സൈനിക ഏറ്റുമുട്ടലുകള്‍ എന്നെന്നേക്കുമായി അവസാനിപ്പിച്ചും ശാശ്വത സമാധാനം പുലര്‍ന്നു കാണാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതിര്‍ത്തിയിലെ വെടിവെപ്പുകള്‍ അവസാനിപ്പിച്ച് സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ് ഇപ്പോള്‍ ആവശ്യം. ആഗസറ്റ് 24ന് നിശ്ചയിച്ചിരുന്ന സെക്രട്ടറിതല ചര്‍ച്ച യഥാവിധി നടന്നിരുന്നെങ്കില്‍ യുദ്ധസമാനമായ നിലവിലെ സ്ഥിതിവിശേഷം ഒഴിവാക്കാനാകുമായിരുന്നു. ഇന്ത്യയിലെ പാക് നയതന്ത്ര പതിനിധി അബ്ദുല്‍ ബാസിത് ഹുര്‍റിയത്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ ചര്‍ച്ച റദ്ദാക്കിയത്. പരസ്പര സൗഹൃദം ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കിടെ അബ്ദുല്‍ ബാസിതിന്റെ കൂടിക്കാഴ്ച ഒഴിവാക്കേണ്ടതായിരുന്നുവെന്നത് ശരി. ഇപ്പേരില്‍ സെക്രട്ടറിതല സംഭാഷണത്തില്‍ നിന്ന് പിന്മാറിയ ഇന്ത്യന്‍ നടപടിയും അവിവേകമായിപ്പോയെന്നാണ് രാഷ്ട്രീയ മീമാംസകരുടെ നിരീക്ഷണം.

Latest