Connect with us

Kozhikode

കവര്‍ച്ചാ ശ്രമത്തിനിടെ യുവാവ് പിടിയില്‍

Published

|

Last Updated

കോഴിക്കോട്: നിരവധി മോഷണക്കേസിലെ പ്രതി കവര്‍ച്ചാ ശ്രമത്തിനിടെ പിടിയില്‍. ഈങ്ങാപ്പുഴ പെരുമ്പള്ളി മുഹമ്മദ് ശരീഫ് (22) ആണ് പിടിയിലായത്. ശരീഫിനൊപ്പമുണ്ടായിരുന്ന താമരശേരി സ്വദേശി ക്രിസ്റ്റി ഓടിരക്ഷപ്പെട്ടു. അശോകപുരത്തെ ഇന്‍ഫെന്റ് ജീസസ് ക്രിസ്റ്റ്യന്‍ പള്ളിയിലെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ചനടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഇന്നലെ രാവിലെ പള്ളിയുടെ വാതില്‍ തള്ളിത്തുറന്ന് അകത്തുകടന്ന പ്രതികള്‍ നേര്‍ച്ചപ്പെട്ടി കുത്തിത്തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്ത് പള്ളിയിലെത്തിയ സെക്യൂരിറ്റി ജീവനക്കാരന്‍ ലോനായ് പ്രതികളെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഇയാളെ തള്ളിമാറ്റി പ്രതികള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ശരീഫിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ക്രിസ്റ്റി ഓടിരക്ഷപ്പെട്ടു. നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
ശരീഫിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ മറ്റ് മോഷണ കേസുകളിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പ് തിരുവമ്പാടിയില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി ശരീഫും സുഹൃത്ത് റോബിനും തൊടുപുഴയിലെത്തിയിരുന്നു. റോബിന്‍ അവിടെ നിന്ന് പോലീസ് പിടിയിലായി. തുടര്‍ന്ന് തൊടുപുഴയിലെ ഒരു വീട്ടില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് ശരീഫ് താമരശ്ശേരിയില്‍ തിരിച്ചെത്തി. ഈ കേസുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് തിരയുകയായിരുന്നു.
വാഹന മോഷണവുമായി ബന്ധപ്പെട്ട് താമരശ്ശേരി സ്റ്റേഷനിലും ശരീഫിനെതിരെ കേസുണ്ട്. കൂടാതെ തൃശൂരില്‍ കടകുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലും തൊടുപുഴ കരിമണ്ണൂരില്‍ മോഷണം നടത്തിയ കേസിലും കോടഞ്ചേരിയില്‍ കഞ്ചാവ് വില്‍പ്പന നടത്തിയ കേസിലും പ്രതിയാണ് ശരീഫ്.

Latest