Connect with us

Editorial

ജീന്‍സ് വിവാദം

Published

|

Last Updated

സ്ത്രീകള്‍ ജീന്‍സ് ഒഴിവാക്കണമെന്ന ഗായകന്‍ യേശുദാസിന്റെ പ്രസ്താവനയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. കടുത്ത അപരാധമായിപ്പോയി അദ്ദേഹത്തിന്റെ പരാമര്‍ശമെന്ന മട്ടിലാണ് ചില സ്ത്രീവാദികളുടെ പ്രതികരണങ്ങള്‍. വളരെ തരംതാണ ഭാഷയിലായിരുന്നു പല വിമര്‍ശനങ്ങളും. ഒരു വനിതാ രാഷ്ട്രീയ നേതാവ് അദ്ദേഹത്തിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കുക പോലുമുണ്ടായി. ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പുറമെ ബി ബി സി പോലുളള രാജ്യാന്തര മാധ്യമങ്ങളും വിവാദത്തില്‍ പങ്ക് ചേര്‍ന്നു.
തിരുവനന്തപുരത്ത് ഒരു പരിപാടിയുടെ ഉദ്ഘാടനത്തിനിടെയാണ് യേശുദാസിന്റെ പരാമര്‍ശം ഉണ്ടായത്. “കേരളത്തിന്റെ കാലാവസ്ഥക്കോ സന്ദര്‍ഭത്തിനോ യോജിക്കാത്ത വസ്ത്രങ്ങളാണ് നമ്മുടെ കുട്ടികള്‍ ധരിക്കുന്നത്. മരണ വീട്ടിലും ശവസംസ്‌കാര ചടങ്ങുകളിലും ആരാധനാലയങ്ങളിലും പോകുമ്പോള്‍ ഇറുകിയ ജീന്‍സും ശരീര പ്രദര്‍ശനവും നടത്തുന്നത് കേരളീയ സംസ്‌കാരത്തിന് ഒട്ടും യോജിച്ചതല്ല. ഇത്തരം സ്ഥലങ്ങളില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ വേഷം ധരിച്ചെത്തുന്നത് നമ്മുടെ പെണ്‍കുട്ടികള്‍ ഒഴിവാക്കണം. അല്ലെങ്കില്‍ തന്നെ സ്ത്രീകള്‍ എന്തിനാണ് ജീന്‍സിട്ട് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്? അവര്‍ ജീന്‍സ് ധരിക്കുമ്പോള്‍ അതിനുമപ്പുറമുള്ളവ ശ്രദ്ധിക്കാന്‍ തോന്നും. മറച്ചുവെക്കേണ്ടത് മറച്ചുവെക്കണം. മറച്ചുവെക്കുന്നതിനെ ഉള്‍ക്കൊള്ളുന്നതാണ് നമ്മുടെ സംസ്‌കാരം. ആകര്‍ഷണ ശക്തി കൊടുത്ത് വേണ്ടാധീനം ചെയ്യിക്കാന്‍ ശ്രമിക്കരുത്. സൗമ്യതയാണ് സ്ത്രീയുടെ സൗന്ദര്യം” ഇതായിരുന്നു പ്രസ്താവനയുടെ ചുരുക്കം. വസ്ത്രവൈവിധ്യം നിലനില്‍ക്കുകയും ജീന്‍സ് ഫാഷനായി കാണുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഈ പ്രസ്താവന വിവാദമാകുക സ്വാഭാവികം. ആ പരാമര്‍ശത്തോട് വിയോജിപ്പുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടുതാനും. എന്നാല്‍ അതിന്റെ പേരില്‍ തെരുവില്‍ ഇറങ്ങുന്നതും അദ്ദേഹത്തെ വ്യക്തിഹത്യ നടത്താന്‍ മുതിരുന്നതും അഭിലഷണീയമല്ല. തങ്ങളെപ്പോലെ യേശുദാസിനുമുണ്ട് അഭിപ്രയ സ്വാതന്ത്ര്യമെന്ന വസ്തുത വിമര്‍ശകര്‍ വിസ്മരിക്കരുത്.
മാത്രമല്ല, അദ്ദേഹം പറഞ്ഞതില്‍ വസ്തുതാപരമായി വല്ലതുമുണ്ടോ എന്ന് സൗമ്യമായി ആലോചിക്കേണ്ടതുമുണ്ട്. ജീന്‍സിനെതിരായ വിമര്‍ശം ഇതാദ്യത്തേതല്ല. സ്ത്രീകള്‍ ഇറുകിയ ജീന്‍സ് ധരിക്കുന്നത് പുരുഷവികാരം ഉദ്ദീപിപ്പിക്കാനും സ്ത്രീ പീഡനങ്ങള്‍ക്കും ഇടവരുത്തുമെന്ന് നേരത്തെ പലരും അഭിപ്രായപ്പെട്ടതാണ്. അമേരിക്കയിലെ നോര്‍ത്ത് ഡെക്കോട്ട ഡെവിള്‍സ് ലേക്ക് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥിനികള്‍ക്ക് ജീന്‍സ് വിലക്കിയ കാര്യം മാധ്യമങ്ങളില്‍ വന്നത് ഈയിടെയാണ്. ജീന്‍സ് ധരിച്ച വിദ്യാര്‍ഥിനികള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ശ്രദ്ധ കൂടുതല്‍ ആകര്‍ഷിക്കുന്നതിനാല്‍ പഠനത്തിലുള്ള അവരുടെ ശ്രദ്ധ നഷ്ടപ്പെടുന്നുവെന്നാണ് ഇതിന് കാരണമായി അധികൃതര്‍ ചൂണ്ടിക്കാട്ടിയത്.
സ്ത്രീകള്‍ എപ്പോഴും പുരുഷന്റെ ആകര്‍ഷണ വസ്തുവാണെന്നത് നിസ്തര്‍ക്കമാണ്. സൗന്ദര്യവും അഴകളവുകളും പ്രകടമാകുമ്പോള്‍ പുരുഷ നയനങ്ങള്‍ സ്ത്രീയിലേക്ക് കൂടുതല്‍ പതിയുകയും ദുഷ്ചിന്തകള്‍ ഉയര്‍ന്നു വരികയും ചെയ്യും. വര്‍ധിച്ചു വരുന്ന സ്ത്രീപീഡനത്തെക്കുറിച്ചു നടന്ന പല പഠനങ്ങളിലും അവരുടെ വസ്ത്ര ധാരണക്ക് അതിലുള്ള പങ്ക് വെളിപ്പെട്ടതുമാണ്. ഇന്ത്യാ ടുഡേ ഗ്രൂപ്പും എം ഡി ആര്‍ ഡി എയും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം രാജ്യത്തെ 19 പ്രമുഖ നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ 37 ശതമാനം പുരുഷന്മാരും അഭിപ്രായപ്പെട്ടത് സ്ത്രീകളുടെ വസ്ത്രധാരണ രീതിയാണ് പീഡനങ്ങള്‍ക്ക് കാരണമെന്നാണ്. ഉന്നത വിദ്യാഭ്യാസം നേടിയവരാണ് ഈ അഭിപ്രായം രേഖപ്പെടുത്തിയവരില്‍ ഏറെയുമെന്ന് ഇന്ത്യാ ടുഡേ വ്യക്തമാക്കുന്നു.
സ്ത്രീയായാലും പുരുഷനായാലും വസ്ത്ര ധാരണ രിതിയില്‍ മാന്യത പുലര്‍ത്തണം. അത് സൗന്ദര്യ പ്രദര്‍ശനത്തിനോ, അഴകളവ് കാണിക്കാനോ ആയിരിക്കരുത്. അത്തരം വസ്ത്ര ധാരണ കാമാര്‍ത്തിയുള്ള കണ്ണുകളെ ആകര്‍ഷിച്ചെന്നിരിക്കും. സമൂഹം അത് മാന്യതയായി അംഗീകരിക്കുന്നില്ല. അച്ചടക്കവും മാന്യമായ സംസ്‌കാരവും വസ്ത്രധാരണ രീതിയും പുലര്‍ത്തുന്ന സ്ത്രീകള്‍ക്കാണ് സമൂഹത്തില്‍ എന്നും സ്ഥാനം. മുലപ്പാല്‍ മണം മാറാത്ത പിഞ്ചു കുഞ്ഞ് മുതല്‍ പടുവൃദ്ധകള്‍ വരെ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്ന മലീമസമായ ഇന്നത്തെ ചുറ്റുപാടില്‍ സ്ത്രീയുടെ മാന്യമല്ലാത്ത വസ്ത്രധാരണ ഗുരുതരമായ ഭവിഷ്യത്തുകള്‍ സൃഷ്ടിക്കും. കേരളീയരായ തന്റെ സഹോദരിമാര്‍ക്ക് അത്തരം ദുരന്തങ്ങള്‍ സംഭവിക്കരുതെന്ന ശുദ്ധ ചിന്താഗതിയായിരിക്കണം യേശുദാസിന്റെ മേല്‍ ഉപദേശത്തിന് പ്രേരകം. അത് ഉള്‍ക്കൊള്ളാനുള്ള വിവേകവും സന്മനസ്സുമില്ലെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അദ്ദേഹത്തിന്റെ അവകാശമെങ്കിലും സ്ത്രീപക്ഷ വാദികള്‍ വകവെച്ചു കൊടുക്കേണ്ടതല്ലേ?

---- facebook comment plugin here -----

Latest