Connect with us

Malappuram

ലീഗും സി പി എമ്മും വിട്ടുനിന്നു; പോരൂരിര്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടന്നില്ല

Published

|

Last Updated

വണ്ടൂര്‍: യു ഡി എഫ് സംവിധാനം തകര്‍ന്ന പോരൂര്‍ പഞ്ചായത്തില്‍ മുസ്‌ലിം ലീഗ് അംഗത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പ് നടന്നില്ല.
മുസ്‌ലിം ലീഗും സി പിഎമ്മും അവിശ്വാസ വോട്ടെടു പ്പില്‍ നിന്ന് തന്ത്രപരമായി വിട്ടുനിന്നതാണ് കോണ്‍ഗ്രസിന് തിരിച്ചടിയായത്. ഇന്നലെ രാവിലെ പത്തിന് നടക്കേണ്ട വോട്ടെടുപ്പിന് കോണ്‍ഗ്രസ് അംഗങ്ങള്‍ മാത്രമാണ് എത്തിയത്.
മുസ്‌ലിംലീഗ് അംഗത്തെ പുറത്താക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെങ്കിലും പദ്ധതി അവതാളത്തിലാകുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് ലീഗും സിപിഎമ്മും നേരത്തെ ആസൂത്രണം ചെയ്തത്. ഭൂരിപക്ഷം അംഗങ്ങളും പങ്കെടുക്കാത്തതിനാല്‍ ബിഡിഒ ജയപ്രകാശ് നടപടികള്‍ ഒഴിവാക്കുകയായിരുന്നു.
17 മെമ്പര്‍മാരില്‍ ഒന്‍പതു പേരെങ്കിലും ഹാജരായെങ്കിലേ അവിശ്വാസ പ്രമേയ ചര്‍ച്ചയും വോട്ടെടുപ്പും നടക്കുമായിരുന്നുള്ളൂ.കോണ്‍ഗ്രസിന് ഏഴ് അംഗങ്ങളാണുള്ളത്. എന്നാല്‍ ലീഗ്, സി പി എം, എന്‍ സി പി, സ്വന്ത്രന്‍ എന്നീ പ്രധിനിധികള്‍ വിട്ടുനിന്നതോടെയാണ് അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവായത്.
യു ഡി എഫ് ഭിന്നതയെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ച കോണ്‍ഗ്രസിലെ എന്‍ എം ശങ്കരന്‍ നമ്പൂതിരിയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ള മു്‌ലിം ലീഗിലെ എം സീനത്തിനെതിരെ അവിശ്വാസത്തിന് കത്ത് നല്‍കിയിരുന്നത്. കോണ്‍ഗ്രസിനുള്ള പിന്തുണ പിന്‍വലിച്ചതിന്റെ പ്രതികാരമെന്നോണം മുസ്‌ലിംലീഗ് അംഗത്തിനെതിരെയും അവിശ്വാസം കൊണ്ടുവന്ന് പുറത്താക്കാനായിരുന്നു കോണ്‍ഗ്രസ് തന്ത്രം.
അവിശ്വാസ വോട്ടെടുപ്പില്‍ മുസ്‌ലിംലീഗ് അംഗത്തെ സിപിഎം പിന്തുണക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ കണക്ക് കൂട്ടല്‍. ഇതുവഴി അധികാരത്തിന് വേണ്ടി സിപിഎമ്മും മുസ്‌ലിംലീഗും രൂപപ്പെടുത്തുന്ന അവിശുദ്ധ കൂട്ടുകെട്ട് പൊതുജനമധ്യത്തില്‍ തുറന്ന് കാണിക്കാനും അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിഷയമാക്കാനുമായിരുന്നു കോണ്‍ഗ്രസിന്റെ തന്ത്രം.
2005ലെ പഞ്ചായത്ത് ഭരണ സമിതിയില്‍ സിപിഎമ്മിനോടൊപ്പം നാല് വര്‍ഷം കൂടെ നിന്ന മുസ്‌ലിംലീഗ് പിന്നീട് കോണ്‍ഗ്രസ് പക്ഷത്തേക്ക് മാറിയത് സിപിഎമ്മിനും തലവേദന സൃഷ്ടിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മുസ്‌ലിംലീഗുമായി വീണ്ടും കൂട്ടുകെട്ടുണ്ടാക്കുന്നതിനെ സിപിഎം അണികളും പിന്തുണക്കുന്നില്ല.
ഗാമപഞ്ചായത്തില്‍ അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗിന് നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് മുസ്‌ലിംലീഗ് ഇവിടെ യുഡിഎഫില്‍ നിന്നും വേര്‍പിരിയുകയും പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തത്.
പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കുന്നത് വരെ ഇനി വൈസ് പ്രസിഡന്റ് സ്ഥാനത്തുള്ള എം സീനത്ത് ആണ് ചുമതല നിര്‍വഹിക്കുക.ഇതിനിടെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ടു നിന്ന സിപിഎമ്മിന്റെയും മുസ്‌ലിംലീഗിന്റെയും നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുകോട്ടില്‍ പ്രകടനം നടത്തി.
സി പി എമ്മും മുസ്‌ലിം ലീഗും ഒത്തൊരുമിച്ച് അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Latest