Connect with us

National

അപ്രത്യക്ഷരായ കുട്ടികള്‍ക്കായുള്ള അന്വേഷണത്തിന് ജാന്‍വി വഴി കാട്ടുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റ് പരിസരത്ത് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ മൂന്ന് വയസ്സുകാരി ജാന്‍വിയെ കണ്ടെത്താന്‍ നെറ്റിലെ സാമൂഹിക കൂട്ടായ്മകള്‍ തുണയായതോടെ രാജ്യത്ത് നിന്ന് കാണാതായ കുട്ടികള്‍ക്കായുള്ള അന്വേഷണത്തിന് ഈ വഴി സ്വീകരിക്കാനൊരുങ്ങുകയാണ് വിവിധ സന്നദ്ധ സംഘടനകള്‍. ജാന്‍വിയെ കണ്ടെത്താന്‍ ഒരു ലക്ഷം വാട്‌സ് അപ് സന്ദേശങ്ങളാണ് അയച്ചത്.
ജാന്‍വിയുടെ അമ്മാവന്‍ തരുണ്‍ ഗ്രോവറിന്റെ നേതൃത്വത്തിലുള്ള അഞ്ച് പേരാണ് “സോഷ്യല്‍ മീഡിയ” ദൗത്യം ഏറ്റെടുത്തത്. വാട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും അവര്‍ കുട്ടിയുടെ ചിത്രമടക്കമുള്ള വിവരങ്ങള്‍ കൈമാറിയിരുന്നു. “ബ്രിംഗ് ബാക്ക് ജാന്‍വി”യെന്ന പേരില്‍ തുടങ്ങിയ ഫേസ്ബുക്ക് പേജ് 50,000 പേര്‍ പിന്തുടര്‍ന്നു. “ഇതൊരു പക്ഷേ തട്ടിക്കൊണ്ടുപോയവരും കണ്ടിരിക്കാം. കുട്ടി ഒപ്പമുണ്ടെങ്കില്‍ തങ്ങള്‍ ഏതുനിമിഷവും പിടിക്കപ്പെട്ടേക്കാം എന്ന ആശങ്കയിലാകാം ജാന്‍വിയെ ഉപേക്ഷിച്ച് ഇവര്‍ രക്ഷപെട്ടത്.” തരുണ്‍ പറയുന്നു.
രാജ്യത്താകെ ഇത്തരത്തില്‍ അപ്രത്യക്ഷമായ കുട്ടികളെ കണ്ടെത്താന്‍ ജാന്‍വി മാതൃക സ്വീകരിക്കാമെന്ന് ബ്രിംഗ് ബാക്ക് ഏഞ്ചല്‍സ് ക്യാമ്പയിന് നേതൃത്വം നല്‍കുന്ന ജതിന്‍ കക്കാര്‍ പറഞ്ഞു. ജനക്പുരിക്കടുത്ത ലാജ്‌വന്തി ഗാര്‍ഡനു സമീപത്ത് നിന്നാണ് കുട്ടിയെ ലഭിച്ചത്.