Connect with us

Malappuram

മോഷണ കേസുകളിലെ പ്രതികള്‍ പിടിയില്‍

Published

|

Last Updated

താനൂര്‍: നിരവധി മോഷണകേസുകളിലെ പ്രതിയും കൂട്ടു പ്രതിയും താനൂര്‍ പോലീസിന്റെ പിടിയിലായി. കെ പുരം പുത്തന്‍ തെരു മൂര്‍ക്കാടന്‍ വീട്ടില്‍ പ്രദീപ് എന്ന മണി(35) ഇയാള്‍ മോഷ്ടിച്ചു സ്വര്‍ണം പണയം വെക്കാന്‍ സഹായിച്ച ഫറോക്ക് കൈതകത്ത് മുജീബുര്‍റഹ്മാന്‍ (35) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിക്കവെ ബുധനാഴ്ച രാത്രി മൂലക്കലില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. ഒഴൂര്‍ ഓണക്കാട് മെതുകയില്‍ ശറഫുദ്ദീന്റെ ബൈക്കും താണിച്ചോട്ടില്‍ ഇബ്‌റാഹിമിന്റെ വീട്ടില്‍ വെച്ച് മരുമകളുടെ മൂന്ന് പവന്‍ സ്വര്‍ണമാലയും കഴിഞ്ഞ ദിവസം പ്രദീപ് മോഷ്ടിച്ചിരുന്നു. ബൈക്ക് കൊണ്ടോട്ടിയില്‍ കൊണ്ടുപോയി പെയിന്റും രജിസ്റ്റര്‍ നമ്പറും മാറ്റിയിരുന്നു. മാല ഫറോക്കിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുജീബിന്റെ സഹായത്തോടെ പണയം വെക്കുകയും ചെയ്തു. കിട്ടിയ പണം വീതിച്ചെടുക്കുകയും ചെയ്തു. രഹസ്യമായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ആണ് ഇവരുവരെയും കസ്റ്റഡിയിലെടുത്തത്.
പ്രദീപ് ഇതിനു മുന്‍പ് ബൈക്ക്, മൊബൈല്‍ മോഷണം അടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. കണ്ണൂര്‍ ജയിലിലില്‍ നിന്നിറങ്ങി രണ്ടരമാസമേ ആയിട്ടുള്ളൂ. കോഴിക്കോട്, പരപ്പനങ്ങാടി, താനൂര്‍, കണ്ണൂര്‍ സ്റ്റേഷനുകളില്‍ ആണ് ഇയാള്‍ക്കെതിരെ കേസുകള്‍ ഉള്ളത്. കണ്ണൂര്‍ ജയിലില്‍ വച്ചാണ് ഇരുപ്രതികളും പരിചയപ്പെടുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ തിരൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തുടരന്വേഷണത്തിന് ഇരുവരെയും തിങ്കളാഴ്ച കസ്റ്റഡിയില്‍ വാങ്ങും. തിരൂര്‍ ഡി വൈ എസ് പി അസൈനാരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് ഡി വൈ എസ് പി എം എം അബ്ദുല്‍ കരീം, താനൂര്‍ സി ഐ സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Latest