Connect with us

National

പാല്‍, ഇളനീര്‍, എയര്‍ കൂളര്‍, ടി വി; ജയിലില്‍ ജയലളിത രാജകീയം

Published

|

Last Updated

jayalalitha-asks-labour-unions>>>തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്‌

ബംഗളൂരു/ ചെന്നൈ: അവിഹിത സ്വത്ത് സമ്പാദന കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ, ജയിലിലെ ഒന്നാം നിലയിലെ സ്ത്രീകളുടെ സെല്ലിലെ മറ്റൊരു ബാരക്കിലേക്ക് മാറ്റി. ഇവിടെ കെ ടി വി, സണ്‍ ടി വി, ജയ ടി വി അടക്കമുള്ള തമിഴ് ചാനലുകള്‍ കാണാന്‍ സൗകര്യമുണ്ട്. അതേസമയം, തമിഴ്‌നാട്ടില്‍ എ ഐ എ ഡി എം കെ ഇന്ന് 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പുതുച്ചേരിയിലെ കരൈക്കിലും മാഹിയിലും ബന്ദ് ബാധകമായിരിക്കുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു.

ജയലളിതക്ക് കഴിക്കാന്‍ ബ്രഡിനും പാലിനും പുറമെ ഇളനീരും ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൗനം പാലിക്കുന്ന ജയ ഇന്നലെ തന്നെ പരിശോധിക്കാനെത്തിയ ജയില്‍ ഡോക്ടര്‍മാരോട് കുറച്ചുസമയം സംസാരിച്ചു. തുടര്‍ന്ന് ടിവി ചാനലുകളിലായിരുന്നു ശ്രദ്ധ. തനിച്ചിരിക്കാനാണ് താത്പര്യമെന്ന് ജയലളിത അറിയിച്ചതനുസരിച്ച് അവരെ ഒന്നാം നിലയിലെ വനിതകളുടെ ബാരക്കിലെ ഒറ്റ മുറിയിലേക്ക് മാറ്റിയതായി ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു. കേസിലെ മറ്റു പ്രതികളെ ജയലളിത സ്വന്തം വസതിയില്‍ താമസിപ്പിച്ചത് സ്വത്ത് കുന്നുകൂട്ടാനുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് കേസില്‍ ശിക്ഷ വിധിച്ച ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു.
പുറത്ത് നിന്ന് കൊണ്ടുവരുന്ന ഭക്ഷണമാണ് ജയലളിതക്ക് നല്‍കുന്നത്. ജയില്‍ വസ്ത്രം ധരിക്കാന്‍ അവര്‍ കൂട്ടാക്കുന്നുമില്ല. പ്രമേഹ രോഗിയായതിനാല്‍ നാരങ്ങാ ചോറും തൈരുമാണ് പഴവര്‍ഗങ്ങള്‍ക്കൊപ്പം നല്‍കുന്നത്. ജയിലിലെ പതിവ് പ്രഭാത ഭക്ഷണമായ ഉപ്പുമാവ് അവര്‍ ഒഴിവാക്കുകയാണ്. സെല്ലില്‍ എയര്‍ കൂളറുണ്ട്. തമിഴ് മാസികകള്‍ സ്ഥിരമായി നല്‍കുന്നുണ്ട്. കാലത്തും വൈകീട്ടുമുള്ള നടത്തം സുരക്ഷാ കാരണങ്ങളാല്‍ അവര്‍ ഒഴിവാക്കിയിട്ടുണ്ടെന്നും ജയില്‍ വൃത്തങ്ങള്‍ അറിയിച്ചു.
ജയലളിതക്ക് നീതി ലഭ്യമാക്കണമെന്നും ഉടനെ ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുനല്‍വേലിയില്‍ നിന്നുള്ള അവരുടെ നാല് അനുയായികള്‍ പരപ്പന അഗ്രഹാരയിലെ സെന്‍ട്രല്‍ ജയിലിന് സമീപം തലമുണ്ഡനം ചെയ്തു. ഇംതിയാസ് അഹ്മദ്, ഇളങ്കോവന്‍, കദ്രിവേലു, കപ്പാണ എന്നിവരാണ് തലമുണ്ഡനം ചെയ്തത്. ജയിലധികൃതരെ സമീപിച്ച് ജയലളിതയെ കാണാന്‍ താത്പര്യം അറിയിച്ചെങ്കിലും, ആരേയും കാണാന്‍ താത്പര്യമില്ലെന്ന് ജയലളിത അറിയിക്കുകയായിരുന്നു.


Latest