Connect with us

Malappuram

പഞ്ചായത്തിന്റെ അനാസ്ഥ: കുടുംബശ്രീ യൂനിറ്റ് പെരുവഴിയില്‍

Published

|

Last Updated

മഞ്ചേരി: പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം കുടുംബശ്രീ യൂനിറ്റ് പെരുവഴിയിലാകുന്നു. തൃക്കലങ്ങോട് പഞ്ചായത്തിലെ അമ്പലപ്പടി ചെവിടിക്കുന്ന് ഉണര്‍വ് ന്യൂട്രിമിക്‌സ് യൂനിറ്റാണ് സ്ഥലസൗകര്യം ലഭിക്കാതെ നട്ടംതിരിയുന്നത്.
ടി എച്ച് ആര്‍ എസ് പദ്ധതി പ്രകാരം 2006ലാണ് പഞ്ചായത്തില്‍ അമൃതം ന്യൂട്രിമിക്‌സ് യൂനിറ്റ് ആരംഭിച്ചത്. പഞ്ചായത്ത് കെട്ടിടത്തിലായിരുന്നു യൂനിറ്റ് ഉദ്ഘാടന ചടങ്ങുകള്‍. പഞ്ചായത്ത് കെട്ടിടത്തില്‍ യൂനിറ്റിന് സ്ഥിരമായി മുറി അനുവദിക്കുമെന്ന് ഉദ്ഘാടന വേളയില്‍ പ്രസിഡന്റ് അടക്കമുള്ള അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ കെട്ടിടം കൊപ്ര സംഭരണത്തിന് നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ പ്രതിമാസം 4500 രൂപ വാടക നല്‍കിയാണ് യൂനിറ്റ് പ്രവര്‍ത്തിച്ചു വന്നിരുന്നത്. കഴിഞ്ഞ വര്‍ഷം ബ്ലോക്ക് കെട്ടിടത്തിലെ രണ്ടു റൂമുകള്‍ പ്രതിമാസം 1500 രൂപ വാടകയില്‍ യൂനിറ്റിന് നല്‍കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. എന്നാല്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിനായി ഇലക്ട്രിസിറ്റി ഓഫീസിലെത്തിയപ്പോഴാണ് കെട്ടിടത്തിലെ മുറികള്‍ക്ക് പഞ്ചായത്ത് നമ്പരിട്ടിട്ടില്ലെന്നറിയുന്നത്. നമ്പരിടാന്‍ പഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും ഒരു വര്‍ഷമായിട്ടും നടപടിയൊന്നുമായില്ല.
സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിനും ബ്ലോക്ക് കെട്ടിടത്തിനും ഒരേ സമയം വാടക നല്‍കി വരികയാണിപ്പോള്‍. ഇതു താങ്ങാനാവാതെ യൂനിറ്റ് പൂട്ടുമെന്ന അവസ്ഥ വന്നു. വൈദ്യുതി ലഭിക്കാനുള്ള നടപടി ഉടന്‍ സ്വീകരിക്കുമെന്ന പഞ്ചായത്ത് അധികൃതരുടെ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ രണ്ടു മാസം മുമ്പ് യൂനിറ്റ് യന്ത്ര സാമഗ്രികള്‍ ബ്ലോക്ക് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചു.
എന്നാല്‍ കെട്ടിട നമ്പരോ വൈദ്യുതിയോ ലഭിക്കാതെ യൂനിറ്റ് നിര്‍ത്തേണ്ട ദുരിതാവസ്ഥയിലേത്തിയിരിക്കയാണ്. ജില്ലാ മിഷന്‍ ഓര്‍ഡര്‍ പ്രകാരം പോരൂര്‍, പുല്‍പ്പറ്റ പഞ്ചായത്തുകളില്‍ അമൃതം ന്യൂട്രിമിക്‌സ് വിതരണം തൃക്കലങ്ങോട് ഉണര്‍വ്വ് യൂനിറ്റാണ് ചെയ്തു വന്നിരുന്നത്.

Latest