റോഡ് സൂചനാ ബോര്‍ഡുകള്‍ ഏകീകരിക്കും

Posted on: September 30, 2014 8:09 pm | Last updated: September 30, 2014 at 8:09 pm
SHARE

അബുദാബി: നഗരത്തിലെ എല്ലാ റോഡ് സൂചനാ ബോര്‍ഡുകളും ഏകീകരിക്കുന്ന പദ്ധതി അടുത്ത വര്‍ഷാവസാനത്തോടെ പൂര്‍ത്തീകരിക്കും. മൊത്തം 20,000 റോഡ് ഭാഗങ്ങളുടെ പൂര്‍ണ പേരും നമ്പരും മറ്റു വിവരങ്ങളും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും.
അബുദാബി, ലോകത്തിലെ ഏറ്റവും വികസിത നഗരങ്ങളോടു കിടപിടിക്കുന്ന സ്ഥലമായി മാറിയ ചരിത്രം പറയുന്നതാണ് യു എ ഇ തലസ്ഥാന നഗരത്തിലെ പുതിയ റോഡ് സൂചനാ ബോര്‍ഡുകള്‍. തലസ്ഥാന നഗരത്തിലെ ഏതു റോഡിന്റെയും പേര് എല്ലാ കവലകളിലെയും നാലു ഭാഗങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നതു മറ്റു രാജ്യങ്ങളില്‍ നിന്നും എമിറേറ്റുകളില്‍ നിന്നും എത്തുന്നവര്‍ക്ക് സഹായിക്കും.
സ്വദേശികള്‍ക്കും വിദേശികള്‍ക്കും റോഡ് മനസ്സിലാകുന്നതിന് അറബിയിലും ഇംഗ്ലിഷിലുമാണു പേരും നമ്പരുകളും എന്നതും പ്രത്യേകതയാണ്. അടുത്തകാലം വരെ അബുദാബി നഗരത്തിലെ പല റോഡുകള്‍ക്കും ഒന്നിലധികം പേരുകളുണ്ടായിരുന്നു. ഇതു പലപ്പോഴും നഗരവാസികള്‍ക്കും ഈ പട്ടണം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കും ഏറെ ആശയക്കുഴപ്പങ്ങളും ഉണ്ടാക്കിയിരുന്നു.
എന്നാല്‍ കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ നീല – പര്‍പ്പിള്‍ നിറങ്ങളിലുമായി മനോഹരമായി രൂപകല്‍പന ചെയ്ത പുതിയ റോഡ് സൂചനാ ബോര്‍ഡുകളിലൂടെ ഈ പ്രശ്‌നം ശാശ്വതമായി പരിഹരിച്ചു. വളരെവേഗം ആര്‍ക്കും റോഡ് ഏതെന്നറിയാനും യാത്ര സുഗമമാക്കാനും കഴിയുന്നതാണു പുതിയ ബോര്‍ഡുകള്‍. റോഡിന്റെ പേരിനൊപ്പം സര്‍ക്കാര്‍ അംഗീകരിച്ച റോഡ് നമ്പരും ആ ഭാഗത്തെ വീടുകളുടെ എണ്ണവും മനസ്സിലാക്കാവുന്ന സൗകര്യവും ഈ ഫലകങ്ങളുടെ പ്രത്യേകതയാണ്.