വീട് അുവദിക്കാമെന്ന് പറഞ്ഞ് പഞ്ചായത്ത് വാക്കുപാലിച്ചില്ല; കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സത്യാഗ്രഹ സമരം

Posted on: September 30, 2014 12:22 am | Last updated: September 29, 2014 at 10:22 pm
SHARE

രാജപുരം: വീടനുവദിക്കാമെന്ന് പറഞ്ഞ് പഞ്ചായത്ത് വാക്ക് പാലിച്ചില്ലെന്നാരോപിച്ച് മൂന്ന് മക്കളുമായി കുടുംബം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സത്യാഗ്രഹം തുടങ്ങി. കളളാര്‍ പഞ്ചായത്തിലെ പെരുമ്പളളി സ്വദേശികളായ ഹനീഫയും ഭാര്യ മുനീറയും മൂന്നുമക്കളുമാണ് ഇന്നലെ കള്ളാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം ആരംഭിക്കുന്നത്.
2012-13 വര്‍ഷത്തില്‍ വീട് അനുവദിച്ചതായി കള്ളാര്‍ പഞ്ചായത്ത് രേഖാമൂലം ഹനീഫയ്ക്ക് കത്ത് നല്‍കിയിരുന്നതായി പറയുന്നു. വീടിനുള്ള എഗ്രിമെന്റ് വെക്കുന്നതിനായി മുദ്രപത്രവും വാങ്ങി പഞ്ചായത്തില്‍ എത്തണമെന്ന അറിയിപ്പും കിട്ടി. ഒന്നാം നമ്പര്‍ പ്രകാരം വീട് അനുവദിച്ചിരുന്നെങ്കിലും ലിസ്റ്റില്‍ നിന്നും ഹനീഫയുടെ പേര് വെട്ടിമാറ്റിയെന്നും ഹനീഫ പറയുന്നു. ഇക്കാര്യം സംബന്ധിച്ച് ഓംബുഡ്‌സ്മാനെ സമീപിച്ചപ്പോള്‍ രേഖകള്‍ പരിശോധിച്ച് മുന്‍ഗണനാടിസ്ഥാനത്തില്‍ വീട് അനുവദിക്കാന്‍ ഉത്തരവായിരുന്നു. ഇതേ തുടര്‍ന്ന് 2013-14 വര്‍ഷത്തെ ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം ഹനീഫയ്ക്ക് വീട് അനുവദിക്കാമെന്ന് പഞ്ചായത്ത് ഓംബുഡ്‌സ്മാന്‍ മുന്‍പാകെ ഉറപ്പ് നല്‍കിയെങ്കിലും വീട് അനുവദിക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയ്യാറായിട്ടില്ല. ഇതോടെ ഹനീഫയും കുടുംബവും താമസിക്കാന്‍ ബന്ധുവീട്ടില്‍ അഭയം തേടി. കൂലി പണിയെടുത്ത് ഉപജീവനം നടത്തുന്ന ഹനീഫയ്ക്ക് ആകെ അഞ്ച് സെന്റ് സ്ഥലം മാത്രമാണുുള്ളത്. ഇത്തവണയും വീടനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പഞ്ചായത്തിന് മുന്നില്‍ സമരം ആരംഭിക്കാന്‍ തീരുമാനിച്ചതെന്നും ഹനീഫ പറഞ്ഞു. ഗ്രാമസഭയില്‍ വീട് പാസായിട്ടുണ്ടെങ്കിലും പഞ്ചായത്ത് അധിക്യതര്‍ തടസ്സം നില്‍ക്കുന്നു എന്നാണ് സമര പരിപാടികള്‍ക്ക് നേത്യത്വം നല്‍കിയവര്‍ പറയുന്നത്.
എന്നാല്‍ 2010ല്‍ ഇവര്‍ക്ക് വീട് പാസ്സാക്കുകയും വീട് പണി പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ അടുത്ത വര്‍ഷം പുതിയ റേഷന്‍ കാര്‍ഡ് ഉണ്ടാക്കുകയും വേറെ വീടിന് അപേക്ഷ നല്‍കുകയും ചെയ്തുവെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സത്യാഗ്രഹ സമരം സി പിഎം ജില്ലാ കമ്മിറ്റി അംഗം ടി കോരന്‍ ഉദ്ഘാടനം ചെയ്തു. എം വി ക്യഷ്ണന്‍, ഒക്ലാവ് ക്യഷ്ണന്‍, കെ എ പ്രഭാകരന്‍, എം സി മാധവന്‍ പ്രസംഗിച്ചു.